TopTop
Begin typing your search above and press return to search.

കോവിഡ്: സൗദിയിൽ മരണം 21 ആയി, യുഎഇയിൽ ഇന്നലെ മാത്രം 210 രോഗികൾ, ഗൾഫ് മേഖലയിൽ രോഗികളുടെ എണ്ണം 5000 പിന്നിട്ടു

കോവിഡ്: സൗദിയിൽ മരണം 21 ആയി, യുഎഇയിൽ ഇന്നലെ മാത്രം 210 രോഗികൾ, ഗൾഫ് മേഖലയിൽ രോഗികളുടെ എണ്ണം 5000 പിന്നിട്ടു

ലോകമെമ്പാടും കോവിഡ് ബാധ പടർന്ന് പിടിക്കുമ്പോൾ മലയാളികള്‍ ഉൾപ്പെടെ നിരവധി പേർ ജോലി ചെയ്യുന്ന ഗൾഫ് രാജ്യങ്ങളിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കയുണ്ടാക്കുന്നു. ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം പത്ത് ലക്ഷം പിന്നിടുമ്പോൾ ഗൾഫ് രാജ്യങ്ങളിൽ മാത്രം രോഗ ബാധിതരുടെ എണ്ണം അയ്യായിരം പിന്നിട്ടിരിക്കുകയാണ്. അഞ്ച് രാജ്യങ്ങളിലായി മരണ സംഖ്യ ഇതിനോടകം 37 ആയും ഉയർന്നു.

നിയന്ത്രണങ്ങൾ കർശനമെങ്കിലും സൗദി അറേബ്യയാണ് മേഖലയിൽ‌ കൂടുതൽ രോഗികളും മരണവും റിപ്പോര്‍ട്ട് ചെയ്തരാജ്യം. 1885 പേർക്കു രോഗം സ്ഥിരീകരിക്കുകയും 21 മരണങ്ങളുമാണ് ഇതുവരെ രാജ്യത്ത് ഉണ്ടായത്. തലസ്ഥാനമായ റിയാദിൽ 622 പേർക്കും തീർത്ഥാടന കേന്ദ്രമായ മക്കയിൽ 725 പേർക്കും ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 328 പേർ‌ രോഗമുക്തി നേടിയെന്നും കണക്കുകൾ പറയുന്നു.

മലയാളിയുൾപ്പെടെ എട്ട് പേർ മരിച്ച യുഎഇയിലും സ്ഥിതിഗതികൾ രൂക്ഷമാവുകയാണെന്നാണ് സൂചനകൾ. ഇന്നലെ മാത്രം 210 പേർക്കാണ് രാജ്യത്ത് രോഗബാധ കണ്ടെത്തിയത്. ഇതോടെ രോഗ ബാധിതരുടെ എണ്ണം 1024 ആയി ഉയർന്നു. രോഗം ബാധയേൽക്കുകയും എന്നാല്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാതിരിക്കുകയും ചെയ്തവരിൽ നിന്ന് വൈറസ് ബാധ ഏറ്റവരാണ് ഇവരെന്നാണ് ആരോഗ്യ വകുപ്പ് നൽകുന്ന വിവരം. വ്യാഴാഴ്ച സുഖം പ്രാപിച്ച 35 പേരടക്കം 96 പേർ രാജ്യത്ത് രോഗമുക്തി നേടിയതായും അദികൃതർ പറയുന്നു.

പുതുതായി രോഗം സ്ഥിരീകരിച്ച 114 പേരടക്കം ഖത്തറിൽ ആകെ 949 പേർക്കാണ് രോഗബാധ കണ്ടെത്തിയിട്ടുള്ളത്. എന്നാൽ ഇന്നലെ ഒരാൾ കൂടി മരിച്ചതോടെ ആകെ മരണങ്ങൾ മൂന്നായി. എഴുപത്തിരണ്ടു പേർ സുഖം പ്രാപിച്ചിട്ടുണ്ട്. 14 ഇന്ത്യക്കാർ അടക്കം 25 പേർക്ക് കൂടി കുവൈത്തിൽ കഴിഞ്ഞ ദിവസം കോവിഡ് 19 സ്ഥിരീകരിച്ചു. 342 പേരാണ് രാജ്യത്തെ ആകെ രോഗബാധിതർ. ബഹ്റൈനിൽ 258 പേരാണ് ചികിൽസയിലുള്ളത്. 381 പേർ രോഗമുക്തി നേടി. ഒമാനിൽ 231 പേരാണ് ആകെ രോഗബാധിതർ. സമൂഹവ്യാപനം റിപ്പോർട്ട് ചെയ്ത ഇവിടെ രോഗം സ്ഥിരീകരിച്ചവരിൽ 25 ശതമാനം പേരും സുഖം പ്രാപിക്കുന്നെന്നാണ് വിവരം.

അതേസമയം, ഗൾഫിൽ കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ ശതമാനക്കണക്ക് പരിശോധിച്ചാൽ ദശാംശം 72 മാത്രമാണ്. രോഗം ബാധിച്ചവരിൽ ഇരുപതു ശതമാനം പേരും സുഖം പ്രാപിക്കുന്നു എന്നതും ആശ്വാസകരമാണ്.


Next Story

Related Stories