TopTop
Begin typing your search above and press return to search.

രോഗവ്യാപനത്തിന് വേഗം കൂടുന്നു, നിയന്ത്രണങ്ങൾ കർശനമാക്കി ഗൾഫ് രാഷ്ട്രങ്ങൾ, യുഎഇ യാത്രാ വിലക്ക് ശക്തമാക്കി, സൗദിയിൽ രോഗബാധിതർ 2000 പിന്നിട്ടു

രോഗവ്യാപനത്തിന് വേഗം കൂടുന്നു, നിയന്ത്രണങ്ങൾ കർശനമാക്കി ഗൾഫ് രാഷ്ട്രങ്ങൾ, യുഎഇ യാത്രാ വിലക്ക് ശക്തമാക്കി, സൗദിയിൽ രോഗബാധിതർ 2000 പിന്നിട്ടു

കോവിഡ് 19 രോഗബാധ മൂലമുള്ള മരണ സംഖ്യയിൽ ചൈനയെയും പിന്നിട്ട ഇറാനിൽ പ്രതിസന്ധി രൂക്ഷമായി തുടരുമ്പോൾ ഗൾഫ് രാജ്യങ്ങളിലും രോഗ വ്യാപന ഭീഷണി കനക്കുകയാണ്. രോഗ ബാധയുടെ ആദ്യഘട്ടത്തിൽ നിന്നും വ്യത്യസ്ഥമായി സൗദി അറേബ്യയിലാണ് ഇപ്പോൾ കൂടുതൽ രോഗികളും മരണവും റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

കർശനമായ നിയന്ത്രണങ്ങൾ നിലനിൽക്കെ തന്നെ സൗദിയിൽ രോഗം ബാധിച്ചവരുടെ എണ്ണം 2200 പിന്നിട്ടു. മരണ സംഖ്യ മുപ്പതും. കണ്ണൂർ സ്വദേശി‌ ഉൾപ്പെടെ നാല് പേർ കഴിഞ്ഞ ദിവസം മരിച്ചതോടെ നിയന്തണങ്ങളും കർശനമാക്കിയിരിക്കുകയാണ് അധികൃതർ. ഇളവോടെ നടപ്പാക്കിയിരുന്ന കർഫ്യൂ 24 മണിക്കൂറായി വർദ്ധിപ്പിച്ചു. ജിദ്ദയിലെ ആറ് ജില്ലകളിലാണ് നടപടി. കൂടാതെ രാജ്യത്തുള്ള വിദേശികളുടെ താമസനുമതി സൗജന്യമായി പുതുക്കാനുള്ള നടപടിയും തുടങ്ങിയിട്ടുണ്ട്.

രോഗ ബാധിതകുടെ എണ്ണം വർദ്ധിച്ചതോടെ യുഎഇയും നിയന്ത്രണങ്ങൾ കർശനമാക്കുകയാണ്. രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണം 1,500 കഴിഞ്ഞു. മരണങ്ങൾ 10 ആയും ഉയർന്നു. രാജ്യത്ത് ജനങ്ങൾ പുറത്തിറങ്ങുന്നതിന് വലിയ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. ഈ ആഴ്ച അവസാനിപ്പിക്കാനിരുന്ന അണുനശീകരണ ക്യാംപെയ്ൻ അനിശ്ചിത കാലത്തേക്കു നീട്ടി.

അവശ്യമേഖലയിൽ ജോലിചെയ്യുന്നവർ‌ക്ക് മാത്രമാണ് നിലവിൽ ദുബായിൽ പുറത്തിറങ്ങാൻ അനുമതിയുള്ളത്. ആരോഗ്യം, പൊലീസ്, മിലിറ്ററി, ഊർജം, വാർത്താവിനിമയം, വിദ്യാഭ്യാസം, ഫിനാൻസ്, ബാങ്കിങ്, പാചക വാതകം, നിർമാണം, തപാൽ, കാർഗോ, ഫാർമസ്യൂട്ടിക്കൽ, വെള്ളം, ഭക്ഷണം, വ്യോമയാനം, എയർപോർട്ട്, പാസ്പോർട്ട് എന്നീ മേഖലകൾക്കാണ് ഇളവ്. തിരിച്ചറിയൽ കാർഡ് പരിശോധിച്ച് ഇവർക്ക് യാത്രാനുമതി ലഭിക്കും.

ഇതിന് പുറമെ അവശ്യവസ്തക്കൾ, മരുന്ന്, ഭക്ഷണം എന്നിവ വാങ്ങാൻ വീട്ടിൽ നിന്ന് ഒരാൾക്ക് പുറത്തിറങ്ങാൻ അനുമതിയുണ്ട്. നിർമ്മാണ ജോലികൾ നടത്തുന്നവർ നഗര സഭയുടെ പ്രത്യേക അനുമതി നേടി വേണം പുറത്തിറങ്ങാൻ. ബാങ്ക്, മണി എക്ചേഞ്ച് രംഗങ്ങളിൽ പ്രവർത്തിക്കുന്നവർക്ക് രാവിലെ എട്ടിനും ഉച്ചയ്ക്ക് 2 നും ഇടയിൽ യാതാനുമതിയുണ്ട്. ഈ പട്ടികയിൽ ഇല്ലാത്തവർ അനാവശ്യമായി പുറത്തിറങ്ങുന്നത് ശിക്ഷാർഹമാണെന്നും അധികൃതർ വ്യക്തമാക്കുന്നു. പുറത്തുപോകുന്നവർ സാമൂഹിക അകലം പാലിക്കണമെന്നും കൂട്ടം കൂടുന്നത് ഒഴിവാക്കണമെന്നും അധികൃതർ വ്യക്തമാക്കുന്നു.

അതേസമയം, ഖത്തറിലെ റിപ്പോർട്ട് ചെയ്യപ്പെട്ട രോഗബാധിതരുട എണ്ണം 1,300 കടന്നു. രാജ്യത്ത് മൂന്ന് പേര്‍ക്ക് രോഗം ബാധിച്ച് ജീവൻ നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്. 700 ൽ താഴെ കേസുകള്‍ സ്ഥിരീകരിച്ച ബഹറിൻ നാല് മരണങ്ങൾ ആണ് ഇതുവരെ സംഭവിച്ചത്. കുവൈറ്റിലും കഴിഞ്ഞ ദിവസം ആദ്യമരണം റിപ്പോർട്ട് ചെയ്തു. ഇതുവരെ അഞ്ഞൂറിൽ താഴെയാണ് രാജ്യത്തെ രോഗബാധിതരുടെ എണ്ണം. മുന്നൂറോളം കേസുകൾ റിപ്പോർട്ട് ചെയ്ത ഒമാനില്‍ കഴിഞ്ഞ ദിവസം രണ്ടാമത്തെ മരണവും സംഭവിച്ചു.

രോഗം കനത്ത ഭീഷണി ഉയർത്തുന്ന ഇറാനിൽ ഇതുവരെ ഇതുവരെ ആകെ മരണസംഖ്യ 3,400 കടന്നിട്ടുണ്ട്. റിപ്പോർട്ട് ചെയ്യപ്പെട്ട രോഗ ബാധിതരുടെ എണ്ണം അരലക്ഷവും പിന്നിട്ടുകഴിഞ്ഞു.


Next Story

Related Stories