TopTop
Begin typing your search above and press return to search.

ഗൾഫ് മേഖലയിലെ രോഗ വ്യാപനം, കരുതലോടെ കേരളം

ഗൾഫ് മേഖലയിലെ രോഗ വ്യാപനം, കരുതലോടെ കേരളം

കേരളത്തില്‍ ശനിയാഴ്ച സ്ഥിരീകരിച്ച 12 പുതിയ കോവിഡ് 19 കേസുകള്‍ എല്ലാം ഗള്‍ഫില്‍ നിന്ന് വന്നവരാണെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്. അതായത് ആദ്യം ചൈനയിൽ നിന്നും പിന്നീട് യൂറോപ്പിൽ നിന്നും എത്തിയവർക്കായിരുന്നു കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നത്. ഇതാണ് ഇപ്പോൾ കൂടുതൽ മലയാളികൾ ജോലി ചെയ്യുന്ന ഗൾഫ് രാജ്യങ്ങളിലേക്ക് തിരിഞ്ഞിട്ടുള്ളത്.

കൂടുതൽ പേരിൽ രോഗ ബാധ കണ്ടെത്തിതോടെ പശ്ചിമേഷ്യൻ രാജ്യങ്ങളിൽ നിയന്ത്രണങ്ങളും വർദ്ധിപ്പിച്ചിരിക്കുകയാണ്. 153 പേർക്ക് രോഗ ബാധ സ്ഥിരീകരിച്ച യുഎഇയിൽ ഇന്നലെ രണ്ടുപേർ കൂടി മരിച്ചതോടെ പ്രതിരോധ നടപടികൾ കർശനമാക്കിയിരിക്കുകയാണ്. നേരത്തേ ബഹ്‌റൈനിൽ ഒരാൾ മരിച്ചതുൾപ്പെടെ ഗൾഫ് നാടുകളിൽ മരിച്ചവരുടെ എണ്ണം മൂന്നായി. വിവിധ രാജ്യങ്ങളിലായി ഏകദേശം ആയിരത്തി ഇരുനൂറിലേറെ പേർ ചികിത്സയിലാണ്.

യു.എ.ഇ.യിൽ ശനിയാഴ്ച പതിമ്മൂന്നു പേർക്കുകൂടി രോഗം സ്ഥിരീകരിച്ചു. വൈറസിന്റെ വ്യാപനം തടയാൻ യുഎഇയിൽ നീന്തൽ കുളങ്ങൾ കുളങ്ങൾ, ബീച്ചുകൾ, പാർക്കുകൾ, സിനിമ തീയ്യറ്ററുകൾ, ജിമ്മുകൾ എന്നിവ അടച്ചുപൂട്ടി, ഉപഭോക്താക്കൾ തമ്മിൽ കുറഞ്ഞത് രണ്ട് മീറ്റർ അകലം പാലിക്കാൻ ശേഷിയിൽ റെസ്റ്റോറന്റുകൾക്ക് മാത്രമാണ് നിലവിൽ പ്രവർത്താനാനുമതിയുള്ളതെന്നുമാണ് റിപ്പോർട്ടുകൾ. എന്നാൽ രാജ്യത്ത് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നതും ആശ്വാസകരമാണ്.

അതേസമയം, ഒരാള്‍ മരിച്ച ബഹ്‌റൈനിൽ പുതുതായി ആറ്‌ ഇന്ത്യക്കാരിൽ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. എട്ട് ഇന്ത്യക്കാർ ഉൾപ്പെടെ 172 പേരാണ് ഇവിടെ ചികിൽസയിൽ കഴിയുന്നത്. ഇതിന് പുറമെ മറ്റ ഗൾഫ് നാടുകളിലും കൂടുതൽ പേരിൽ കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. സൗദി അറേബ്യയിൽ ഇതിനോടകം 392 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ ഒരാൾ ഇന്ത്യക്കാരൻ ആണെന്നാണ് വിവരം. കുവൈത്തിലും ഒരു ഇന്ത്യക്കാരനുൾപ്പെടെ 17 പേർക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ചികിൽസയിലുള്ള ഇന്ത്യക്കാരുടെ എണ്ണം രാജ്യത്ത് രണ്ടായി ഉയർന്നു. ഖത്തറിൽ ഇതുവരെ 481 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. എന്നാൽ പുതിയ കേസുകൾ കഴിഞ്ഞ ദിവസങ്ങളിൽ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നത് ആശ്വാസകരമായ വസ്തുതയാണ്. ഒമാനിൽ ശനിയാഴ്ച നാലു പേർക്കുകൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതർ 52 ആയി. 481 പേരാണ് ഖത്തറിൽ ചികിത്സയിൽ കഴിയുന്നത്.

പശ്ചിമേഷ്യയിലെ കണക്കുകൾ പ്രാദേശികമായി പരിശോധിച്ചാൽ ഇറാന്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ രോഗബാധിതരായ റിപ്പോര്‍ട്ട് വന്നിരിക്കുന്നത് ഖത്തറിലാണ്. അതുകൊണ്ടുതന്നെ രാജ്യം കടുത്ത നിയന്ത്രണങ്ങളാണ് നടപ്പാക്കിവരുന്നത്. എല്ലാ രാജ്യത്ത് നിന്നും ഫ്‌ളൈറ്റുകള്‍ റദ്ദാക്കിയിരിക്കുന്നു. രാജ്യത്തിന് പുറത്തേക്കോ അകത്തേക്കോ ആർക്കും പോകാനോ വരാനോ കഴിയില്ല. ചില കമ്പനികൾ സർവീസ് നടത്തുന്നുണ്ട്. എന്നാൽ‌ ഇന്ത്യലേക്ക് സർവീസുകൾ നിർത്തിവച്ചിരിക്കുന്നു. സാഹചര്യങ്ങൾ‌ ഖത്തറിലെ മലയാളികള്‍ ഉൾപ്പെടെയുള്ളവരെ ഭയപ്പെടുത്തിയിട്ടുണ്ടെന്നാണ് ആഴിമുഖത്തോട് സംസാരിച്ച ഖത്തിറിൽ നിന്നുള്ള മാധ്യമ പ്രവർത്തകൻ ശങ്കർ സി ജി പറയുന്നത്.

സ്‌കൂളുകളും കോളേജുകളും ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എല്ലാം അടച്ചിരിക്കുകയാണ്. രാജ്യത്തെ എല്ലാ പൊതുപരിപാടികളും റദ്ദു ചെയ്തു. അതുപോലെ പൊതുവിശ്രമ കേന്ദ്രങ്ങളും അടച്ചു. ഹോട്ടലുകളിലും റസ്‌റ്റോറന്റെുകളിലും ഫുഡ്‌കോര്‍ട്ടിലുമൊന്നും അവിടെയിരുന്ന് കഴിക്കാനായി ഭക്ഷണം നല്‍കാന്‍ പാടില്ല. പാഴ്‌സല്‍ നല്‍കാം. അതുകൊണ്ട് തന്നെ മൊത്തതില്‍ ഇവിടെ വിജനമായി കിടക്കുകയാണ്. ഇനി അങ്ങോട്ട് എങ്ങനെയാണ് കാര്യങ്ങള്‍ സംഭവിക്കുക, എത്ര കാലം എടുക്കും ഇത് നിയന്ത്രിക്കാന്‍ എന്ന ആശങ്കയിലാണ്. കൂടാതെ നാട്ടിലേക്ക് പോകാന്‍ പറ്റിയ സാഹചര്യവുമല്ല. അടിയന്തരാവസ്ഥ പോലെയിരുന്ന് വീട്ടിലിരിക്കുകയാണ് പലരും. പുറത്തിറങ്ങിയാല്‍ എന്തെങ്കിലും സംഭവിക്കുമോ എന്ന ഭയമാണ് അവര്‍ക്ക്. അദ്ദേഹം പറയുന്നു.

ദുബായിലും അവസ്ഥ സമാനമാണ്, രാജ്യത്തിന് പുറത്ത് ആറ് മാസത്തിൽ കൂടുതൽ താമസിച്ചവർക്ക് പ്രവേശനം അനുവദിക്കരുതെന്ന കർശന നിർദ്ദേശമാണ് അധികൃതർ വിമാനത്താവളങ്ങൾക്ക് നൽകിയിട്ടുള്ളത്. ദുബായ് എയർപോർട്ട് ജീവനക്കാരൻ ആദർശ് എസ് ആണ് ഈ വിവരങ്ങൾ അഴിമുഖത്തോട് പ്രതികരിച്ചത്. വിസ പതിച്ച പാസ്പോർട്ട് നഷ്ടമായവരെയും വിലക്കുന്നുണ്ടെങ്കിലും ചികിത്സയ്ക്കും മറ്റ് അടിയന്തര ആവശ്യങ്ങൾക്കും വിസ അനുവദിക്കും. മലയാളികളടക്കമുള്ള ഇന്ത്യക്കാരെ ഏറെ ബാധിക്കുന്ന തീരുമാനമാണിത്. ദുബായിലെ എല്ലാ വിനോദ സഞ്ചാരപരിപാടികളും നിർത്തി വച്ചിരിക്കുകയാണ്. ദുബായ് എയർപോർട്ട് ജീവനക്കാരൻ ആദർശ് എസ് ആണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ദുബായ് ഷോപ്പിംഗ് മാൾ ഉൾപ്പെടെയുള്ളവ അടച്ച് പൂട്ടിയിരിക്കുകയാണ്. നിലവിലെ ക്വാറന്റൈൻ വ്യക്തിപരമായി ബാധിച്ചിട്ടില്ലെങ്കിലും ആരോഗ്യ അടിയന്തരാവസ്ഥ സാധാരണ ജീവിതത്തെ ബാധിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

ഹർത്താലിന് സമാനമായ അവസ്ഥയാണ് സൗദിയിലെന്നാണ് അഴിമുഖത്തോട് സംസാരിച്ച മലയാളികൾക്ക് പങ്കുവയ്ക്കാനുള്ള അനുഭവം. അധികൃതർ മികച്ച രീതിയില്‍ തന്നെ ഇടപെടുന്നുണ്ടെന്നും നാട്ടുകാർ മികച്ച രീതിയില്‍ ജാഗ്രത പുലർത്തുന്നുണ്ടെന്നും പാലക്കാട് സ്വദേശി രാജ്കുമാർ വ്യക്തമാക്കുന്നു. കടകൾ ഒട്ടുമിക്കതും അടഞ്ഞുകിടക്കുന്നു. അവശ്യസാധനങ്ങൾക്ക് ഇപ്പോൾ വലിയ പ്രശ്നങ്ങളില്ല. സൂപ്പർ‌മാർക്കറ്റുകളും ഹോട്ടലുകളും തുറന്ന് പ്രവർത്തിക്കുന്നുണ്ട്. തിരക്ക് നന്നേ കുറവ്. ഹോട്ടലുകളിൽ ഭക്ഷണ സാധനങ്ങൾ ലഭിക്കുന്നുണ്ട്. എന്നാൽ‌ അവിടെ ഇരുന്ന് ഭക്ഷണം കഴിക്കാൻ‌ ഉള്ള സൗകര്യങ്ങളില്ല. പാഴ്സൽ വാങ്ങാം, വീട്ടിലേക്ക് പോവാം അതാണ് അവസ്ഥ. പത്തോ പതിനഞ്ചോ പേരിൽ അധികം കൂടി നിൽക്കരുത് എന്നും നിർദേശമുണ്ട്. ശനിയാഴ്ച മുതൽ ടാക്സികളും ബസ്സുകളും ട്രെയിനുകളും ഉൾപ്പെടെ പൊതു യാത്രാ സൗകര്യങ്ങൾ എല്ലാം നിർ‌ത്തലാക്കിയിട്ടുണ്ട്. നാട്ടിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ പോലെതന്നെയാണ് ഇപ്പോൾ സൗദിയിലും നിയന്ത്രണങ്ങൾ പുരോഗമിക്കുന്നത്. കടകളിൽ സാമന്യം തല്ല തിരക്കാണ് ഇതിന് ശേഷം, സാധനങ്ങള്‍ വാങ്ങിവയ്ക്കാനുള്ള ശ്രമമാണ് എല്ലായിടത്തും.

വീട്ടിലുള്ള കുട്ടികളെ സ്കൂളിൽ വിടുക, പിന്നീട് മുതിർന്നവരെ ഓഫീസിൽ കൊണ്ടാക്കുക. ഷോപ്പിങ്ങിന് ഫാമിലിയുമായി പുറത്ത് പോവുക എന്നതാണ് സാധാരണയായി ഉണ്ടാവാറുള്ള ജോലി. വ്യാഴം വെള്ളി ദിവസങ്ങളാണ് ഇതുണ്ടാവാറ്. എന്നാൽ ഇപ്പോൾ കുടുംബങ്ങള്‍ അതിന് പോലും പുറത്തിറങ്ങുന്നില്ല. ‌‌സൗദിയിൽ ജോലി ചെയ്യുന്ന മലയാളി ഡ്രൈവർമാരുടെ ഒത്തുചേരൽ സ്ഥലമാണ് സൂപ്പർമാർക്കറ്റുകളുടെയും റസ്റ്റോറന്റുകളുടെയും പാർക്കിങ്ങ് ഏരിയകൾ. മലയാളികൾ ഉൾപ്പെടെ നിരവധി പേരെ ഇവിടെ കാണാനാവും. പലപ്പോഴും പാർക്കിങ്ങിന് അവസരം പോലും ലഭിക്കാറില്ല. എന്നാൽ കൊറോണ നിയന്ത്രണങ്ങൾ വന്നതോടെ ഇവിടങ്ങൾ എല്ലാം വിജനമായി കിടക്കുകയാണ്. ആരും ഇല്ലാത്ത അവസ്ഥ. റോഡുകളിലും തിരക്ക് നന്നേ കുറവ്. നിയന്ത്രണങ്ങൾ നടപ്പാക്കാൻ പോലീസ് നന്നായി ഇടപെടുന്നുണ്ട്. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ അല്ലാതെ മറ്റ് കടകൾ തുറക്കരുത് എന്നാണ് നിർദ്ദേശം ഇത്തരം കടകൾക്ക് തിരഞ്ഞ് പിടിച്ച് പിഴചുമത്തി വരികയാണ്. പള്ളികളിൽ നമസ്കാരങ്ങൾ നിരോധിക്കുകയും അടച്ചിടുകയും ചെയ്തതോടെ പ്രാർത്ഥനയ്ക്ക് വേണ്ടി പുറത്തിറങ്ങിയിരുന്നവരും ഇപ്പോള്‍ വീട്ടിൽ കഴിച്ച് കൂട്ടുകയാണ്. പ്രദേശത്തെ ആശുപത്രികൾ, ക്ലിനിക്കുകൾ എന്നിവ പ്രവർത്തിക്കുന്നുണ്ട്. തിരക്ക് കുറവാണെങ്കിലും അവ പ്രവർത്തിച്ച് വരുന്നുണ്ട്.

നിലവിൽ കടുത്ത നിയന്ത്രണങ്ങൾ തന്നെയാണ് നടക്കുന്നത്. എന്നാൽ പ്രശ്നങ്ങൾ‌ ഒന്നും അനുഭവപ്പെട്ടില്ല. പക്ഷേ ഇതേ സ്ഥിതി തുടരുകയും ലോകത്തെ മറ്റിടങ്ങളിൽ നിന്നുള്ള വാർത്തകളും കാണുമ്പോൾ ഭയം തന്നെയാണ് നിലനിൽക്കുന്നത്. ദിവസങ്ങൾ പിന്നിടുമ്പോൾ എന്തായിരിക്കും അവസ്ഥ എന്ന് ഇപ്പോൾ പറയാനാവാത്ത സ്ഥിതിയാണ് രാജ്‌കുമാർ ചൂണ്ടിക്കാട്ടുന്നു.

സൗദിയില്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്ത കത്തീഫ് എന്ന പ്രദേശം പൂർണമായും മുഴുവനും അടച്ചിരിക്കുകയാണെന്ന് സൗദിയിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലിചെയ്യുന്ന കണ്ണൂര്‍ സ്വദേശി പറയുന്നു. താമസിക്കുന്നത് ദമാമിലെ റാക്കഖോബാറാണ്. കൊറാണ വൈറസ് പടരുന്നതിനാല്‍ എല്ലാവരോടും മുന്‍കരുതല്‍ എടുക്കാന്‍ പറഞ്ഞിട്ടുണ്ട്. എന്തെങ്കിലും ചെറിയ ആരോഗ്യ വ്യത്യാസങ്ങള്‍ കാണുന്നുണ്ടെങ്കില്‍ ഉടന്‍ തന്നെ റിപ്പോര്‍ട്ട് ചെയ്യാനും പറഞ്ഞിട്ടുണ്ട്. നാട്ടില്‍ നിന്ന് ആരെങ്കിലും ഈ അടുത്ത് വന്നിട്ടുണ്ടെങ്കില്‍ അവരൊക്കെ മെഡിക്കല്‍ റിപ്പോര്‍ട്ട് സബ്മിറ്റ് ചെയ്തിട്ട് ജോലിയില്‍ കയറിയാല്‍ മതിയെന്നാണ് പറുന്നത്. അതു പോലെ വലിയ പരിപാടികളോ, മീറ്റിംഗുകളോ ഒന്നും പാടില്ല. അന്‍പതുപേര്‍ കൂടുതല്‍ വരുന്ന പരിപാടികളെല്ലാം റദ്ദുചെയ്യണം. കടകളും കോഫിഷോപ്പുകളും മാളുകളുമൊന്നും അടച്ചിട്ടൊന്നുമില്ല. ഷോപ്പിംഗ് മാളുകളില്‍ ആളുകളൊന്നുമില്ല, റോഡുകള്‍ ഒക്കെ കാലിയായി തുടങ്ങി. സാന്നിട്ടറൈസുകള്‍ക്ക് ഒക്കെ ഒരു ക്ഷാമവും ഇല്ല. ഭക്ഷ്യസാധനങ്ങള്‍ക്കും നിലവില്‍ പ്രശ്‌നമില്ല.

കമ്പനി കോമ്പൌണ്ടിനുള്ളില്‍ സ്റ്റാഫുകള്‍ക്ക് ഭക്ഷണം കഴിക്കാനുള്ള സെന്ററുകള്‍ പതിനഞ്ചാം തീയതിയോടെ അടച്ചു. ഏപ്പോഴാണ് അത് തുറക്കുക എന്നറിയില്ല. ഹോട്ടലുകളില്‍ ഇന്നലെ മുതല്‍ പാഴ്‌സല്‍ മാത്രമാണ് തരുന്നത്. അവിടെയിരുന്ന് കഴിക്കാന്‍ പറ്റില്ല. ഞങ്ങടെ കമ്പനിക്ക് ധാരാളം ഇവന്റുകള്‍ ഒക്കെ ഉണ്ടാവാറുണ്ട്. അതൊക്കെ റദ്ദു ചെയ്തിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, കുവൈറ്റ്, ഖത്തർ, ഒമാൻ, ബഹ്‌റൈൻ എന്നിവിടങ്ങളിലെ അധികൃതർ പള്ളികളിൽ പ്രാർത്ഥനകൾ നിർത്തിവച്ചിരിക്കുകയാണ്. സൗദിയിയിൽ മക്കയിലും മദീനയിലും മാത്രമാണ് ജുമ നമസ്കാരം ഉൾപ്പെടെ നടക്കുന്നത്. ഏറ്റവും ജനസംഖ്യയുള്ള അറബ് രാജ്യമായ ഈജിപ്തിൽ മത അധികാരികൾ പള്ളികളും പള്ളികളും അടച്ചുപൂട്ടാൻ രണ്ടാഴ്ച ഉത്തരവിട്ടു. ബഹുജന പ്രാർത്ഥനകളും നിരോധിച്ചിരിക്കുകയാണ്. അതിനിടെ ആഗോളതലത്തിൽ കൊറോണ വൈറസ് ബാധയെ തുടർന്ന് മരിച്ചവരുടെ എണ്ണം 308547 പിന്നിട്ടു. മരണ സംഖ്യ 13,069 ആയെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുമ്പോൾ പൂർണമായും രോഗ മുക്തി നേടിയവരുടെ എണ്ണം 65,829 ആയിട്ടുണ്ട്.


Next Story

Related Stories