ദുബായില്‍ കുട്ടികള്‍ക്ക് ഉമിനീർ അടിസ്ഥാനമാക്കിയുള്ള കോവിഡ് പരിശോധന നടത്താന്‍ അംഗീകാരം. മൂക്കില്‍ നിന്ന് സ്വാബ് ശേഖരിക്കുന്ന പി.സി.ആര് പരിശോധന കുട്ടികളില്‍ ബുദ്ധിമുട്ടാണ് എന്നതിനാലാണ് ദുബൈ ഹെല്‍ത്ത് അതോറിറ്റി പുതിയ രീതി അവലംബിക്കുന്നത്.
മൂന്നുമുതല്‍ 16 വയസ്സുവരെയുള്ള കുട്ടികള്‍ക്കായാണ് ദുബായ് ആരോഗ്യവകുപ്പ് പുതിയ സൗകര്യമൊരുക്കുന്നത്. പി.സി.ആര്. പരിശോധനയ്ക്ക് തുല്യമായി 150 ദിര്‍ഹമാണ് പരിശോധനാഫീസ്. കൂടാതെ ഫലങ്ങള്‍ 24 മണിക്കൂറിനുള്ളില്‍ ലഭ്യമാവുകയും ചെയ്യും.
മുഹമ്മദ് ബിന്‍ റാഷിദ് യൂണിവേഴ്സിറ്റി ഓഫ് മെഡിസിന് ആന്‍ഡ് ഹെല്‍ത്ത് സയന്‍സസ് (എം.ബി.ആര്.യു.), ദുബായ് ഹെല്‍ത്ത് അതോറിറ്റി (ഡി.എച്ച്.എ.) എന്നിവ സംയുക്തമായി നടത്തിയ പഠനത്തില്‍ കുട്ടികളിലെ ഉമിനീര് അടിസ്ഥാനമാക്കിയുള്ള പരിശോധന ഫലവത്താണെന്ന് കണ്ടെത്തിയത്. 475 കുട്ടികളില്‍ സ്വാബ് പരിശോധനും ഉമിനീര് പരിശോധനയും ഒരേസമയം നടത്തി ഫലം ശരിയാണെന്ന് ഉറപ്പാക്കിയതായും അധികൃതര്‍ അറിയിച്ചു. പരിശോധന 87.7 ശതമാനം സംവേദനക്ഷമതയും 98.5 ശതമാനം കൃത്യതയുമുള്ളതായി കണ്ടെത്തി.