TopTop

മലയാളി നഴ്സ് ദമ്പതികളുടെ മക്കളുടെ മരണം; രാസവസ്തുവോ കീടനാശിനിയൊ ഉള്ളില്‍ ചെന്നെന്ന് റിപ്പോര്‍ട്ട്

മലയാളി നഴ്സ് ദമ്പതികളുടെ മക്കളുടെ മരണം; രാസവസ്തുവോ കീടനാശിനിയൊ ഉള്ളില്‍ ചെന്നെന്ന് റിപ്പോര്‍ട്ട്

ഖത്തറില്‍ മലയാളി നഴ്സ് ദമ്പതികളുടെ മക്കള്‍ മരിച്ചത് കീടനാശിനിയോ രാസ വസ്തുവോ ഉള്ളില്‍ ചെന്നാണെന്ന് പ്രാഥമിക റിപ്പോര്‍ട്ട് പറയുന്നതായി പൊതുജനാരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഹമദ് മെഡിക്കല്‍ കോര്‍പറേഷനിലെ എമര്‍ജന്‍സി വകുപ്പിലെ മെഡിക്കല്‍ സംഘം നടത്തിയ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ സ്ഥിരീകരിച്ചതെന്ന് ഖത്തര്‍ ന്യൂസ് ഏജന്‍സി റിപോര്‍ട്ട് പറയുന്നു.

ഭക്ഷ്യവിഷബാധയോ അല്ലെങ്കില്‍ കീടനാശിനികള്‍ ശ്വസിച്ചതോ ആവാം കുട്ടികളുടെ മരണകാരണമെന്ന് നേരത്തെ സംശയിക്കപ്പെട്ടിരുന്നു. എന്നാല്‍ ഭക്ഷ്യവിഷബാധയല്ലെന്ന് വ്യക്തമാക്കുന്നതാണ് ഖത്തര്‍ ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. കുട്ടികളുടെ മരണ വിവരമറിഞ്ഞ ഉടന്‍ തന്നെ എപ്പിഡമോളജിക്കല്‍ അന്വേഷണ സംഘത്തിലെയും ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യുന്ന ഹെല്‍ത്ത് ടോക്‌സിക്കോളജി കമ്മീഷനിലെയും ആഭ്യന്തര മന്ത്രാലയത്തിലെ അന്വേഷണ വിഭാഗത്തിലെയും ഉദ്യോഗസ്ഥര്‍ ഇവരുടെ വീട് സന്ദര്‍ശിച്ചിരുന്നു. കുട്ടികള്‍ കഴിച്ച ഭക്ഷണത്തിന്റെ സാമ്പിളുകള്‍ ശേഖരിച്ചതിന് പുറമെ കെട്ടിടത്തില്‍ വിശദമായ പരിശോധനയും സംഘം നടത്തി. മെഡിക്കല്‍ പരിശോധനാ റിപ്പോര്‍ട്ടുകള്‍ ഉള്‍പ്പെടെയുള്ളവ പരിശോധിച്ചതില്‍ നിന്ന് കീടനാശിനിയോ രാസ വസ്തുക്കളോ ഉള്ളില്‍ ചെന്നതാണ് മരണകാരണമെന്ന് വ്യക്തമായെന്ന് മന്ത്രാലയം അറിയിച്ചു. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി കുട്ടികളുടെ വീട്ടില്‍ എല്ലാവിധ ആരോഗ്യ, സുരക്ഷാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതര്‍ വെളിപ്പെടുത്തി. കൂടുതല്‍ വിശദമായ അന്വേഷണങ്ങളും പരിശോധനകളും നടത്തിവരികയാണ്.

ദോഹയിലെ മലയാളി നഴ്‌സ് ദമ്പതികളായ കോഴിക്കോട് ഫറോക്ക് സ്വദേശി ചെറയക്കാട് ഹാരിസിന്റെയും നാദാപുരം കുമ്മങ്കോട് സ്വദേശി വാണിയൂര്‍ ഷമീമയുടെയും മക്കളായ റിഹാന്‍ (മൂന്നര), റിദ (7 മാസം) എന്നിവരാണ് വെള്ളിയാഴ്ച രാവിലെ മരിച്ചത്. കടുത്ത ഛര്‍ദിയും ശ്വാസ തടസ്സവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വെള്ളിയാഴ്ച പുലര്‍ച്ചെ ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. കബറടക്കം ഇന്ന് ഉച്ചയ്ക്ക് അബു ഹമൂര്‍ സെമിത്തേരിയില്‍ നടക്കും.


Next Story

Related Stories