സാമൂഹ്യമാധ്യമങ്ങളില്‍ അധിക്ഷേപിക്കുന്നതും അപകീര്‍ത്തിപ്പെടുത്തുന്ന അഭിപ്രായങ്ങളും പോസ്റ്റുചെയ്യുന്നവര്‍ക്ക് മുന്നറിയിപ്പുമായി യുഎഇ പബ്ലിക് പ്രോസിക്യൂഷന്. അധിക്ഷേപകരമായ കമന്റുകള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നവര്‍ക്ക് തടവുശിക്ഷയോ പിഴയോ അല്ലെങ്കില്‍ ഇവ രണ്ടുമോ ശിക്ഷയായി ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. നിയമ ലംഘകരായ താമസക്കാര്‍ക്ക് തടവ് ശിക്ഷ അല്ലെങ്കില്‍ 250,000 മുതല്‍ 500,000 ദിര്‍ഹം വരെ പിഴയും നേരിടേണ്ടിവരും.
സൈബര്‍ കുറ്റകൃത്യങ്ങളെ ചെറുക്കുന്നതിന് 2020ലെ അഞ്ചാം നമ്പര്‍ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 20 പ്രകാരം ടെലികോം നെറ്റ്വര്ക്കുകള്, ഏതെങ്കിലും തരത്തിലുള്ള ഐടി സംവിധാനങ്ങള്‍ എന്നിവ ഉപയോഗിച്ച് നടത്തുന്ന കുറ്റകൃത്യങ്ങള്‍ സൈബര്‍ ക്രൈമാണെന്ന് വ്യക്തമാക്കുന്നു. സോഷ്യല്‍ മീഡിയ വഴിയുള്ള അധിക്ഷേപങ്ങള്‍ വര്‍ധിക്കുന്നതായി അബുദാബി പൊലീസ് 2019ല്‍ അറിയിച്ചിരുന്നു. 2018 ല്‍ റിപ്പോര്‍ട്ട് ചെയ്ത 357 കേസുകളില്‍ നിന്ന് 2019 ല്‍ എത്തിയപ്പോള്‍ അത് 512 ആയി. 2017 ല്‍ 392 സോഷ്യല്‍ മീഡിയ ദുരുപയോഗ കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.
ഓണ്‍ലൈന്‍ വഴിയുള്ള ശല്യംചെയ്യല്‍, കൊള്ളയടിക്കല്‍, ഭീഷണികള്‍, ബ്ലാക്ക് മെയില്‍ എന്നിവയും തെറ്റായ വിവരങ്ങള്‍ പ്രസിദ്ധീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക, മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് കടന്നുകയറുക, മോശം അഭിപ്രായങ്ങള്‍ പോസ്റ്റുചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്യുക, വ്യാജ പരസ്യങ്ങളും മറ്റും പോസ്റ്റുചെയ്യുക, അപകീര്‍ത്തിപ്പെടുത്തല്‍, കുറ്റകൃത്യങ്ങള്‍ക്കും വഞ്ചനയ്ക്കും മറ്റുള്ളവരെ പ്രേരിപ്പിക്കുക എന്നിവയാണ് പ്രധാനമായും സാമൂഹ്യമാധ്യമങ്ങളില്‍ റിപോര്‍ട്ട് ചെയ്ത നിയമ ലംഘനങ്ങള്‍.