സൗദി അറേബ്യയില്‍ ആഭ്യന്തര വിമാന യാത്രികര്‍ക്ക് എയര്‍പോര്‍ട്ട് ടാക്സ് ഏര്‍പ്പെടുത്തുന്നു. രാജ്യത്തെ വിമാനത്താവളങ്ങള്‍ വഴി ആഭ്യന്തര സര്‍വീസുകളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് നാളെ മുതല്‍ ടാക്സ് പ്രാബല്യത്തില്‍ വരുത്തും. വിമാനത്താവളത്തിന് പത്ത് റിയാല്‍ വീതം യാത്ര തിരിക്കുന്നതിനും ഇറങ്ങുന്നതിനുമായി വിമാന കമ്പനികള്‍ ടാക്സ് ഈടാക്കും. രാജ്യത്തെ വിമാനത്താവളങ്ങളുടെ നവീകരണവും സുഖമമായ നടത്തിപ്പും ലക്ഷ്യമിട്ട് ഗതാഗത മന്ത്രാലയമാണ് വിമാനത്താവളങ്ങള്‍ക്ക് അധിക നികുതി ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്
ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷനു കീഴിലാണ് അധിക നികുതി ഈടാക്കുക. വിമാന ടിക്കറ്റ് തുകയില്‍ ഉള്‍പ്പെടുത്തിയാണ് എയര്‍പോര്‍ട്ട് ടാക്സ് ഈടാക്കുക. വിമാനത്താവളങ്ങളിലെ പശ്ചാത്തല സൗകര്യങ്ങള്‍ ഉപയോഗിക്കുന്നതിന്റെ ഭാഗമായാണ് നികുതി. ആഭ്യന്തര യാത്രക്കാര്‍ക്കാണ് നികുതി ബാധകമാവുക. യാത്രക്കിടയില്‍ ഉപയോഗിക്കുന്ന വിമാനത്താവളങ്ങളുടെ എണ്ണത്തിനനുസരിച്ച് പത്ത് റിയാല്‍ വീതമാണ് പ്രത്യേക നികുതിയായി നല്‍കേണ്ടത്. ഒപ്പം ഇവയുടെ മൂല്യ വര്‍ധിത നികുതി കൂടി അധികമായി നല്‍കണം. നാളെ മുതല്‍ യാത്ര ചെയ്യുന്ന ടിക്കറ്റുകള്‍ക്കാണ് അധിക നികുതി ബാധകമാവുക. മുന്‍കൂട്ടി ബുക്ക് ചെയ്ത ടിക്കറ്റുകള്‍ക്കും നികുതി നല്‍കണം. ഈ ഇനത്തിലുള്ള തുക യാത്രക്കാരില്‍ നിന്ന് ഈടാക്കുന്നതിന് വിമാന കമ്പനികളും ബന്ധപ്പെട്ട എയര്‍പോര്‍ട്ട് അതോറിറ്റികളും നേരിട്ട് ഏകോപനം സാധ്യമാക്കും. ഇന്‍ഫന്റ്, വൈമാനിക ജീവനക്കാര്‍, ട്രാന്‍സിറ്റ് യാത്രക്കാര്‍ എന്നിവരെ അധിക നികുതിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.