വാഹനത്തിലിരുന്ന് അഞ്ച് മിനിറ്റുകള്‍ക്കകം കോവിഡ് പരിശോധന നടത്താവുന്ന ഡ്രൈവ് ത്രൂ സംവിധാനത്തിന് അബുദാബിയില്‍ തുടക്കമായി.കോവിഡ് പരിശോധനക്ക് ഡ്രൈവ് ത്രൂ സംവിധാനം ഏര്‍പ്പെടുത്തുന്ന ലോകത്തെ അഞ്ചാമതു രാജ്യമെന്ന പ്രത്യേകത കൂടി ഇതോടെ യു.എ.ഇക്കു സ്വന്തം. പരമാവധി പേര്‍ക്ക് കുറഞ്ഞ സമയത്തിനുള്ളില്‍ ടെസ്റ്റ് നടത്താനുള്ള അത്യന്താധുനിക സംവിധാനങ്ങളാണ് അബുദാബി സായിദ് സ്പോര്‍ട്സ് സിറ്റിയില്‍ ഒരുക്കിയിരിക്കുന്നത്. അബുദാബി കിരീടാവകാശിയും യു.എ.ഇ ഉപസര്‍വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. വാഹനത്തിലിരുന്ന് സ്വയം പരിശോധനയ്ക്കു വിധേയമായിട്ടായിരുന്നു ഉദ്ഘാടനം.
സായിദ് സ്പോര്‍സ് സിറ്റിയില്‍ പ്രത്യേകം സജ്ജമാക്കിയ ടെന്റിലേക്ക് വാഹനമോടിച്ച് വരുന്നവര്‍ക്ക് സാനിറ്റൈസര്‍ നല്കി കൈകള്‍ വൃത്തിയാക്കുകയാണ് ആദ്യഘട്ടം. പിന്നീട് എമിറേറ്റ്സ് ഐഡി സ്കാന്‍ ചെയ്തശേഷം ഉദ്യോഗസ്ഥന് നിര്‍ദേശിക്കുന്ന അടുത്ത പോയിന്റിലേക്കു വാഹനമോടിച്ചുപോകണം. അഞ്ചുമിനിറ്റുകൊണ്ട് പരിശോധന പൂര്‍ത്തിയാക്കാമെന്നതാണ് പുതിയ സംവിധാനത്തിന്റെ പ്രധാന പ്രത്യേകത. ഒരേ സമയം നാലുപേരുടെ സ്രവം പരിശോധിക്കാനുള്ള സൗകര്യം ഇവിടെയുണ്ട്. അബുദാബി ആരോഗ്യവിഭാഗമായ സേഹയുടെ സഹായത്തോടെയാണ് കേന്ദ്രത്തിന്റെ പ്രവര്‍ത്തനം. പരിശോധന കഴിഞ്ഞ് ആറ് മണിക്കൂര്‍ നേരം പിന്നിട്ടാല്‍ ഫലം എസ്എംഎസിലൂടെയും സേഹ ആപ്ലിക്കേഷന്‍ മുഖേനയും ലഭിക്കും. പരിശോധനയ്ക്കു എത്തുന്നതിനു മുമ്പ് 800 1717 ടോൾഫ്രീ നമ്പറിൽ വിളിച്ച് ബുക്ക് ചെയ്യണം.
കേന്ദ്രത്തിന്റെ സേവനം സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഒരുപോലെ പ്രയോജനപ്പെടുത്താന്‍ സാധിക്കും. രാവിലെ 8 മുതല്‍ രാത്രി 8 വരെ ആഴ്ചയില്‍ എല്ലാ ദിവസവും കേന്ദ്രം പ്രവര്‍ത്തിക്കും. ദിവസേന 600 പേരുടെ സ്രവം പരിശോധിക്കാന്‍ സംവിധാനമുണ്ട്. മുതിര്‍ന്ന പൗരന്മാര്, ഗര്‍ഭിണികള്‍, രോഗികള്‍ എന്നിവര്‍ക്ക് മുന്‍ഗണന നല്‍കും. രോഗലക്ഷണങ്ങള്‍ ഉള്ളവരുടെ വിവരങ്ങള്‍ ആരോഗ്യ വിഭാഗത്തിനു കൈമാറും. രോഗികളെ ആരോഗ്യ വകുപ്പ് എത്തി ആശുപത്രിയിലേക്കു മാറ്റുകയും ചെയ്യും.