ട്രാഫിക് നിയമങ്ങള്‍ ലംഘിച്ച് അശ്രദ്ധമായി വാഹനമോടിക്കുന്നവരെ പിടികൂടുന്നതിനായി ദുബായ് പോലീസ് നടത്തിയ പരിശോധനയില്‍ ഒരാഴ്ചക്കുള്ളില്‍ 269 സൈക്കിളുകള്‍ പിടികൂടി. റോഡ് സുരക്ഷ വര്‍ധിപ്പിക്കുന്നതിനുള്ള നീക്കത്തിന്റെ ഭാഗമായി അല്‍ റഫ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ 269 സൈക്കിളുകളും മോട്ടോര്‍ ബൈക്കുകളും പിടിച്ചെടുക്കുകയായിരുന്നു. 30 ഇ-ബൈക്കുകളാണ് പരിശോധനയില്‍ പിടിച്ചെടുത്തത്.
രാത്രിയില്‍ ഹെല്‍മെറ്റോ ഫ്ലൂറസെന്റ് ജാക്കറ്റുകളോ ധരിക്കാതിരിക്കുക, പ്രധാനറോഡുകളില്‍ നിശ്ചയിക്കപ്പെട്ട പാതയില്‍നിന്നുമാറി സൈക്കിളോടിക്കുക, തെറ്റായ ദിശയിലൂടെ സഞ്ചരിക്കുക എന്നിവയാണ് അധികൃതര്‍ കണ്ടെത്തിയ ലംഘനങ്ങള്‍. നിരവധി കുറ്റകൃത്യങ്ങള്‍ പരിഹരിക്കുന്നതിനായി പോലീസ് ദുബായ് മുനിസിപ്പാലിറ്റിയുമായി സഹകരിച്ചാണ് പരിശോധന നടത്തിയത്. കരാമയിലാണ് ഏറ്റവും കൂടുതല്‍ ലംഘനങ്ങള്‍ കണ്ടെത്തിയത്. അല്‍ സൂഖ് അല്‍ കബീര്‍, അല്‍ റവ്ല, അല്‍ മന്‍കൂള്‍ പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍നിന്ന് സൈക്കിളുകള്‍ പിടിച്ചെടുത്തതായി പോലീസ് സ്റ്റേഷന് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജനറല്‍ അഹമ്മദ് താനി ബിന്‍ ഗലിത പറഞ്ഞു. ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്ന സൈക്കിള്‍ യാത്രക്കാര്‍ നഗരസൗന്ദര്യം മോശമാക്കുകയും സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കുകയും ചെയ്യുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.