യുഎഇ പൗരത്വം നല്‍കാമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയ ഇമിഗ്രേഷന്‍ സര്‍വീസ് ഓഫീസ് അടച്ചു പൂട്ടിച്ചു. ദുബായ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനം വഴി ആയിരുന്നു തട്ടിപ്പ്. അധികൃതരുടെ അനുമതിയില്ലാതെ ഈ ഓഫീസില്‍ നിന്ന് പൗരത്വഅപേക്ഷകള് സ്വീകരിച്ചിരുന്നതായി ദുബായ് സാമ്പത്തിക വകുപ്പ് വ്യക്തമാക്കി.
10 കോടി ദിര്‍ഹം സമ്പാദ്യമുള്ള അപേക്ഷകരില്‍നിന്ന് 10,000 ഡോളര്‍ ആണ് പ്രോസസിങ് ഫീസ് എന്ന പേരില്‍ വാങ്ങിയിരുന്നത്. അപേക്ഷകര്‍ നല്കുന്ന വിശദാംശങ്ങള്‍ പരിശോധിക്കുകയും യോഗ്യരായവരുടെ അപേക്ഷ ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറുകയും ചെയ്യുമെന്നായിരുന്നു വാഗ്ദാനം. ഇത്തരത്തില്‍ തെറ്റിദ്ധരിപ്പിച്ചായിരുന്നു സ്ഥാപനം തട്ടിപ്പ് നടത്തിയിരുന്നത്.
യുഎഇ. പൗരത്വനിയമത്തില്‍ അടുത്തിടെ വരുത്തിയ ഭേദഗതിക്ക് വിരുദ്ധമാണ് ഇത്തരം വാഗ്ദാനം. നിയമപ്രകാരം പൗരത്വ അപേക്ഷയ്ക്ക് പ്രത്യേക ഫീസ് നല്‍കേണ്ടതില്ല. 2021-ല്‍ പ്രഖ്യാപിച്ച ഭേദഗതിപ്രകാരം നിക്ഷേപകര്‍, ഡോക്ടര്‍മാര്‍, ശാസ്ത്രജ്ഞര്‍, ഗവേഷകര്‍, സൃഷ്ടിപരമായി കഴിവുള്ളവര്‍, പുതിയ കണ്ടുപിടിത്തങ്ങള്‍ നടത്തുന്നവര്‍, അവരുടെ കുടുംബങ്ങള്‍ക്ക് പൗരത്വം നല്‍കുമെന്ന് യുഎഇ. മന്ത്രിസഭ പ്രഖ്യാപിച്ചിരുന്നു. ഇത്തരം തട്ടിപ്പുകള്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്ന് സാമ്പത്തിക വകുപ്പ് അധികൃതര്‍ അറിയിച്ചു.