കോവിഡ് വാക്സിന് കുത്തിവെപ്പിന് ദുബായില്‍ തുടക്കമായി. ദുബായ് ആരോഗ്യ വകുപ്പും അത്യാഹിത, ദുരന്ത നിവാരണ വകുപ്പും ചേര്‍ന്നാണ് വാക്സിനേഷന് പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്. 60 പിന്നിട്ട യുഎഇ നിവാസികളായ പ്രവാസികള്‍ക്കും സ്വദേശികള്‍ക്കുമാണ് വാക്സിന് നല്കി തുടങ്ങിയത്. പൊതുജനങ്ങള്‍ക്ക് നല്‍കാനായി ഫൈസര്‍ വാക്സിന്റെ ബാച്ചുകള്‍ വിമാനങ്ങളില്‍ ദുബൈയിലെത്തിച്ച് തുടങ്ങി.
84 വയസുകാരന് യുഎഇ സ്വദേശി അലി സലീം അലി അലാദീദീ, ദുബൈ ആംബുലന്‍സിലെ ഷമാ സൈഫ് റാശിദ്, നഴ്സായ ആശാ സൂസന് ഫിലിപ്പ്, ആര്.ടി.എ ഡ്രൈവര്‍ ആസിഫ് ഖാന്, ദുബൈ പൊലീസിലെ ആദില്‍ ഹസന് ശുക്റല്ലാഹ് എന്നിവര്‍ ദുബായില്‍ ആദ്യമായി വാക്സിന് സ്വീകരിച്ചു.
വാക്സിന് നിര്‍ബന്ധമാക്കിയിട്ടില്ല. എന്നാല്‍ സ്വീകരിക്കാന്‍ സന്നദ്ധാരാകുന്ന ദുബായ് നിവാസികള്‍ക്ക് വാക്സിന് എടുക്കാം. ആറ് കേന്ദ്രങ്ങളില്‍ വാക്സിനെടുക്കാന്‍ സൗകര്യമുണ്ടാകും. സബീല്‍ പ്രൈമറി ഹെല്‍ത്ത് കെയര്‍ സെന്റര്‍, അല്‍ മിസ്ഹാര്‍ പ്രൈമറി ഹെല്‍ത്ത് സെന്ററര്‍, നാദര്‍ ഹമര്‍ പ്രൈമറി ഹെല്‍ത്ത് കെയര്‍ സെന്റര്‍, ബര്‍ഷ പ്രൈമറി ഹെല്‍ത്ത് സെന്ററര്‍, അപ്ടൗണ്‍ മിര്‍ദിഫ് മെഡിക്കള്‍ ഫിറ്റ്നസ് സെന്റര്‍, ഹത്ത ആശുപത്രി എന്നിവിടങ്ങളിലാണ് വാക്സിനെടുക്കാന്‍ സൗകര്യമുണ്ടാവുക. വാക്സിന് എടുക്കുന്നവര്‍ക്ക് മാസ്ക് ധരിക്കുന്നതടക്കം കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകളില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.