കൊവിഡ് 19 വൈറസ് രോഗബാധയെ പ്രതിരോധിക്കാന്‍ മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആദരവുമായി യുഎഇ. ദുബായ് ആരോഗ്യ വകുപ്പിന് കീഴിലുള്ള മെഡിക്കല്‍ പ്രൊഫഷണലുകള്‍ക്ക് ഗോള്‍ഡന്‍ വിസ പ്രഖ്യാപനം. പത്ത് വര്‍ഷത്തേക്കാണ് ഗോള്‍ഡന്‍ വിസ. ദുബായ് ഭരണാധികാരിയായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഇതുമായി ബന്ധപ്പെട്ടുള്ള നിര്‍ദേശങ്ങള്‍ അധികൃതര്‍ക്ക് നല്കി തുടങ്ങിയി. രാജ്യത്തെ ആരോഗ്യ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക.
വിവിധ വിഭാഗങ്ങളില്‍ വൈദഗ്ധ്യമുള്ള 212 ഡോക്ടര്‍മാര്‍ക്കാണ് ഗോള്‍ഡന്‍ വിസ നല്‍കുക. പുതിയ പ്രഖ്യാപനത്തിന് ദുബായ് ഹെല്‍ത്ത് അതോറിറ്റി ഡയറക്ടര്‍ ജനറല്‍ ഹുമൈദ് അല്‍ ഖുതമി നന്ദി അറിയിച്ചു. പൊതുജന സുരക്ഷക്കും കൊവിഡ് രോഗികളുടെ പരിപാലനത്തിനുമായുള്ള ആരോഗ്യ സംഘങ്ങളുടെ മികച്ച പരിശ്രമങ്ങള്‍ക്കാണ് ഈ അഭിനന്ദനം.
അതേസമയം വിസ കാലാവധി കഴിഞ്ഞും യുഎഇയില്‍ തുടരുന്ന എല്ലാ പ്രവാസികളെയും പിഴ(ഓവര്‍ സ്റ്റേ ഫൈന്‍)യില്‍ നിന്ന് ഒഴിവാക്കിയതായി യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന് ഉത്തരവിട്ടു. കാലാവധി കഴിഞ്ഞ താമസ വിസയിലും സന്ദര്‍ശക വിസയിലും യുഎഇയില്‍ തുടരുന്ന പ്രവാസികളെ മൂന്നുമാസത്തേക്കാണ് പിഴയില്‍ നിന്ന് ഒഴിവാക്കിയത്. എമിറേറ്റ്സ് ഐഡി, വര്‍ക്ക് പെര്‍മിറ്റ് എന്നിവയിന്മേലുള്ള പിഴകളും അടയ്ക്കേണ്ടതില്ല. വിസ കാലാവധി കഴിഞ്ഞും യുഎഇയില്‍ തുടരുന്ന എല്ലാ പ്രവാസികള്‍ക്കും മാര്‍ച്ച് 18 മുതല്‍ മൂന്ന് മാസത്തേക്കാണ് ഈ ആനുകൂല്യം ലഭിക്കുക.