യുഎഇയും ഇസ്രായേലും തമ്മിലുള്ള ഉഭയകക്ഷി ബന്ധം സാധാരണ ഗതിയിലാക്കുന്നതിനുള്ള കരാറിന്റെ അടിസ്ഥാനത്തില്‍ ഇസ്രയേലി വിനോദസഞ്ചാരികളുമായുള്ള ആദ്യ വിമാനം ഞായറാഴ്ച യുഎഇയിലെത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം ആരംഭിച്ചതിനെ തുടര്‍ന്ന് ഫ്ലൈഡുബായ് ഫ്ലൈറ്റ് നമ്പര്‍ എഫ്ഇസഡ്8194 വിമാനം ഞായറാഴ്ച വൈകുന്നേരം 5:40 നാണ് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയത്. കുറഞ്ഞ നിരക്കില്‍ തങ്ങളുടെ ബോയിംഗ് 737 വിമാനങ്ങളിലൊന്ന് ഫ്ലൈദുബായ ഞായറാഴ്ച രാവിലെ യാത്രക്കാരെ കൊണ്ടുവരുന്നതിനായി തെല്‍അവീവിലെ ബെന്‍-ഗുരിയോണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് അയച്ചിരുന്നു.
കൊറോണ വൈറസ് പകര്‍ച്ചവ്യാധികള്‍ക്കിടയില്‍ ദുബായ് അതിന്റെ പ്രധാന വരുമാന മേഖലകളിലൊന്നായ ടൂറിസം വ്യവസായത്തെ പുനരുജ്ജീവിപ്പിക്കാന്‍ ശ്രമിക്കുന്നതിനാലാണ് വിനോദ സഞ്ചാരികളുടെ വരവ്. യുഎഇയും ഇസ്രായേലും പതിവ് വിമാന സര്‍വീസുകള്‍ ഉടന്‍ ആരംഭിക്കുമെന്ന് സമ്മതിച്ചിട്ടുണ്ട്.
ഈ മാസം അവസാനം ടെല്‍ അവീവിലേക്കുള്ള സര്‍വീസ് ആരംഭിക്കാന്‍ ഫ്ലൈഡുബായ് പദ്ധതിയിടുന്നുണ്ട്. ഇപ്പോള്‍ രാജ്യത്തെത്തിയ ഇസ്രായേലി ടൂറിസ്റ്റുകള്‍ക്കായി ചാര്‍ട്ടര്‍ വിമാനമാണ് സര്‍വീസ് നടത്തിയത്. വര്‍ഷങ്ങളായി രഹസ്യമായി ബന്ധങ്ങള്‍ പുലര്‍ത്തിയിരുന്ന ഇസ്രായേലും യുഎഇയും തങ്ങളുടെ നയതന്ത്ര ബന്ധം പരസ്യമാക്കിയിരുന്നു. സെപ്റ്റംബറില്‍ യുഎസ് മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയ്ക്കൊടുവില്‍ ഉഭയകക്ഷിബന്ധം സാധാരണ നിലയിലാക്കുന്നതിനുള്ള കരാറില്‍ യുഎഇയും ഇസ്രായേലും ഒപ്പുവച്ചിരുന്നു. ഒപ്പം ബഹ്റൈനും ഇസ്രായേലുമായി അന്ന് സമാന കരാറിലെത്തി. നിലവില്‍ ഇസ്രയേലുമായി സമാധാനം പുലര്‍ത്തുന്ന മൂന്നാമത്തെയും നാലാമത്തെയും അറബ് രാജ്യങ്ങളായി യുഎഇയും ബഹ്റൈനും മാറി.