വിവിധ രാജ്യങ്ങളില്‍ നിന്നും പ്രവാസികള്‍ക്ക് സൗദിയിലേക്ക് മടങ്ങി വരാനുള്ള വിമാന സര്‍വീസുകളുടെ പ്രഖ്യാപനം നീട്ടി. ഈ മാസം രണ്ടിന് പ്രഖ്യാപനം ഉണ്ടെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചതായാണ് റിപോര്‍ട്ട്. ഒമ്പതു മാസം മുമ്പാണ് കോവിഡ് കാരണം സൗദി വിമാന സര്‍വീസുകള്‍ റദ്ദാക്കിയത്. ജനുവരി മുതല്‍ സര്‍വീസുകള്‍ പുനരാരംഭിക്കാനിരിക്കെയാണ് ഇത് സംബന്ധിച്ചുള്ള പ്രഖ്യാപനം തീയതി നീട്ടിയത്. അതേസമയം ഇന്ത്യയില്‍ നിന്നുള്ള വിമാന സര്‍വീസ് പുനരാരംഭിക്കുന്ന കാര്യത്തില്‍ എംബസി സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുമായി വീണ്ടും ചര്‍ച്ച നടത്തി.
കോവിഡ് കേസുകള്‍ കൂടുതലുള്ളതിനാല്‍ യാത്രാവിലക്ക് പട്ടികയിലുള്ള ഇന്ത്യയിലേക്കുള്ള സര്‍വീസുകള്‍ പ്രഖ്യാപിക്കുമോ എന്ന പ്രതീക്ഷയിലാണ് ഇന്ത്യന്‍ പ്രവാസികള്‍. കഴിഞ്ഞ സെപ്തംബറിലാണ് സൗദിഅറേബ്യ വിമാന യാത്രാ വിലക്ക് ഭാഗികമായി നീക്കിത്തുടങ്ങിയത്. വിമാന സര്‍വീസുകള്‍ ഭാഗികമായി പുനരാരംഭിച്ചതോടെ കൊവിഡ് കേസുകള്‍ കൂടുതലുള്ള ഇന്ത്യയടക്കം ചില രാജ്യങ്ങളില്‍ നിന്നൊഴികെ സര്‍വീസ് തുടങ്ങിയിരുന്നു. എന്നാല്‍ വിമാന സര്‍വീസ് പൂര്‍ണമായും പുനരാരംഭിക്കുന്നത് 2021 ജനുവരിയിലാണെന്നും ഇതിന്റെ തിയതി ഡിസംബറില്‍ പ്രഖ്യാപിക്കുമെന്നും ബന്ധപ്പെട്ടവര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. വിമാന സര്‍വീസുകളുടെ പ്രഖ്യാപനത്തിനൊപ്പം യാത്രക്കാര്‍ക്കുള്ള ചട്ടങ്ങളും നിബന്ധനകളുമെല്ലാം ഇതോടൊപ്പം പ്രഖ്യാപിച്ചേക്കുമെന്നും റിപോര്‍ട്ടുകള്‍ പറയുന്നു.