TopTop
Begin typing your search above and press return to search.

യുഎഇയില്‍ ഇന്ത്യക്കാരന്‍ ഉള്‍പ്പെടെ 15 പേര്‍ക്ക് കൂടി കൊറോണ; രോഗബാധിതര്‍ 45 പേരായി

യുഎഇയില്‍ ഇന്ത്യക്കാരന്‍ ഉള്‍പ്പെടെ 15 പേര്‍ക്ക് കൂടി കൊറോണ; രോഗബാധിതര്‍ 45 പേരായി

യുഎഇയില്‍ ഇന്ത്യക്കാരന്‍ ഉള്‍പ്പെടെ 15 പേര്‍ക്കുകൂടി കോവിഡ്-19 (കൊറോണ) ബാധ സ്ഥിരീകരിച്ചു. ഇതോടെ രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 45 ആയി. ഇന്ത്യ, തായ്ലാന്‍ഡ്, ചൈന, മൊറോക്കോ എന്നിവിടങ്ങളില്‍നിന്നുള്ള ഓരോരുത്തര്‍ക്കും സൗദിഅറേബ്യ, എത്യോപ്യ, ഇറാന്‍ എന്നിവിടങ്ങളില്‍നിന്നുള്ള രണ്ടുപേര്‍ക്ക് വീതവും യുഎഇ പൗരന്‍മാരായ മൂന്ന് പേര്‍ക്കുമാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. യുഎഇക്ക് പുറത്തുനിന്നും എത്തിയവരാണ് ഇവരെല്ലാം. വിമാനത്താവളങ്ങളിലെ പരിശോധനയില്‍ രോഗലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ട് വിശദമായ പരിശോധന നടത്തിയാണ് ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഇവരുമായി ഇടപഴകിയ അഞ്ച് പേരെയും പരിശോധനകള്‍ക്കായി മാറ്റിപ്പാര്‍പ്പിച്ചു. നേരത്തെ രോഗം ബാധിച്ചവരുമായി അടുത്ത് ഇടപഴകിയിരുന്ന രണ്ട് പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചിരുന്നു. എല്ലാവരുടെയും ആരോഗ്യനില നിലവില്‍ തൃപ്തികരമാണ്. ആവശ്യമായ ചികിത്സ നല്‍കുന്നതായും ആരോഗ്യവകുപ്പ് അറിയിച്ചു.

രോഗം ബാധിച്ച് ചികിത്സയിലായിരുന്ന ഏഴുപേര്‍ ഇതിനകം സുഖം പ്രാപിച്ചു. ചൈനീസ് സ്വദേശികളായ മുപ്പത്തിയെട്ടുകാരനും പത്തു വയസ്സുള്ള കുട്ടിയുമാണ് ഏറ്റവും ഒടുവില്‍ സുഖം പ്രാപിച്ച രണ്ടുപേര്‍. യുഎഇയില്‍ ആദ്യമായി കോവിഡ്-19 സ്ഥിരീകരിച്ച ചൈനീസ് കുടുംബത്തിലെ അംഗങ്ങളാണിവര്‍. ഇതോടെ ആ കുടുംബത്തിലെ എല്ലാവരും രോഗവിമുക്തരായതായി ആരോഗ്യപ്രതിരോധ മന്ത്രാലയം അറിയിച്ചു.

അതേസമയം സൗദി അറേബ്യയില്‍ പുതുതായി രണ്ട് സ്ത്രീകള്‍ക്ക് കൂടി കൊവിഡ് 19 ബാധ സ്ഥിരീകരിച്ചു. രണ്ടുപേരും സൗദി സ്വദേശിനികളാണ്. ഒരാള്‍ ഇറാനിലും മറ്റേയാള്‍ ഇറാഖിലും പോയി സൗദിയില്‍ തിരിച്ചെത്തിയവരാണ്. രണ്ടുപേരും ഇറാനിലും ഇറാഖിലും പോയകാര്യം തുടക്കത്തില്‍ മറച്ചുവെച്ചെന്നും സംശയം തോന്നി സ്രവപരിശോധന നടത്തിയപ്പോഴാണ് രോഗം സ്ഥിരീകരിച്ചതെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ സൗദിയില്‍ രോഗ ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം ഏഴായി.


Next Story

Related Stories