സൗദിയില്‍ ഉന്നത പദവികളില്‍ ഇനി സ്വദേശി പൗരന്മാര് ജോലി ചെയ്താല്‍ മതിയെന്ന് സൗദി ശൂറാ കൗണ്‍സിലിന്റെ തീരുമാനം. സ്വദേശികള്‍ക്കിടയിലെ തൊഴിലില്ലായ്മാ നിരക്ക് കുറക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ ഭേദഗതി നിര്‍ദ്ദേശം സമര്‍പ്പിച്ചിരുന്നത്. ശൂറാ കൗണ്‍സിലിലെ സാമൂഹിക - കുടുംബ - യുവജന കാര്യങ്ങള്‍ക്കുള്ള സമിതിയാണ് കരട് നിര്‍ദേശം മുന്നോട്ടുവെച്ചത്. സ്ഥാപനത്തിലെ ഉന്നത പദവികളില്‍ ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണം 75 ശതമാനത്തില്‍ കുറയാന്‍ പാടില്ല. യോഗ്യരായ സ്വദേശികളെ ലഭിക്കാതെ വന്നാല്‍ മാത്രം ഉന്നത പദവികളില്‍ താല്‍ക്കാലികമായി വിദേശിയെ നിയമിക്കാന്‍ അനുവാദമുണ്ടാകും.
തൊഴില്‍ നിയമത്തിലെ ഇരുപത്തിയാറാം അനുഛേദത്തില്‍ ദേദഗതി വരുത്തിയാണ് പുതിയ നിര്‍ദ്ദേശം കൂട്ടിചേര്‍ത്തത്. സ്ഥാപനം നിര്‍ദ്ദേശിക്കുന്ന തസ്തികയിലേക്ക് യോഗ്യരായ സ്വദേശികളെ ലഭിക്കാതെ വന്നാല്‍ ബന്ധപ്പെട്ട വകുപ്പുകളുടെ അംഗീകാരത്തോട് കൂടി മാത്രമായിരിക്കും താല്‍ക്കാലികമായി വിദേശിയെ നിയമിക്കാന്‍ അനുവാദം നല്‍കുന്നത്. ദേശീയ പരിവര്‍ത്തന പദ്ധതിയുടെ ഭാഗമായാണ് പുതിയ ഭേദഗതി. സ്വദേശികള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് കുറക്കുക, അനുഗുണമായ തൊഴില്‍ അന്തരീക്ഷം സൃഷ്ടിക്കുക എന്നിവയാണ് ഇത് വഴി ലക്ഷ്യമാക്കുന്നത്. രണ്ടായിരത്തി മുപ്പതോടെ തൊഴിലില്ലായ്മ നിരക്ക് ഏഴ് ശതമാനമായി കുറക്കുന്നതിനാണ് പദ്ധതികളാവിഷ്കരിച്ചു വരുന്നത്. നിലവില്‍ പന്ത്രണ്ട് ശതമാനമാണ് സ്വദേശികള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക്. പുതിയ നിര്‍ദ്ദേശത്തിലൂടെ രാജ്യത്തെ യുവാതലമുറയെ കൂടുതല്‍ നേതൃപരമായി വളര്‍ത്തുവാനും ദേശീയ നേതൃ തലങ്ങളിലേക്ക് ഉയര്ത്തുന്നവാനും സഹായകമാകുമെന്നാണ് കണക്ക് കൂട്ടപ്പെടുന്നത്.