യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷ പ്രിയയുടെ ശിക്ഷ നടപ്പിലാക്കുന്നതിന് സ്റ്റേ. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ ശിക്ഷ നടപ്പാക്കുന്നത് മാറ്റിവയ്ക്കണമെന്നാണ് കോടതി ഉത്തരവ്.
ശിക്ഷ നടപ്പിലാക്കുന്നത് നീട്ടിവയ്ക്കുക, നിരപരാധിത്വം തെളിയിക്കാൻ അവസരം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ചൂണ്ടിക്കാട്ടി സമർപ്പിച്ച അപ്പീൽ അംഗീകരിച്ചാണ് ഉത്തരവ്. നിമിഷയുടെ അഭിഭാഷകൻ അഡ്വ കെ എൽ ബാലചന്ദ്രനെ ഉദ്ധരിച്ച് മനോരമ ഓൺലൈനാണ് ഇക്കാര്യം അറിയിച്ചത്. യെമൻ പൗരൻ തലാൽ അബ്ദുമഹ്ദിയെ കൊലപ്പെടുത്തി വീട്ടിലെ വാട്ടർ ടാങ്കിൽ ഒളിപ്പിച്ചെന്നാണ് നിമിഷയ്ക്കെതിരായ കേസ്.
2017 ജൂലൈ 25നാണ് നിമിഷ പ്രതിയായ കേസിന് ആസ്പദമായ സംഭവം നടന്ന്. ഇതിന് ശേഷം രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായ നിമിഷയെ വിചാരണയ്ക്കുശേഷം 2018-ലാണ് യെമന്‍ കോടതി വധശിക്ഷയ്ക്കു വിധിച്ചത്. നാട്ടിൽ ഭർത്താവും മക്കളുമുളള നിമിഷയുടെ മോചനത്തിന് കൊല്ലപ്പെട്ട യുവാവിന്റെ കുടുംബത്തിന് നഷ്ടപരിഹാരം ഉൾപ്പെടെ നൽകേണ്ടിവരും. 70 ലക്ഷത്തോളം രൂപയാണ് ഇത്തരത്തിൽ ബ്ലഡ് മണിയായി നൽകേണ്ടി വരിക. യുവാവിന്റെ കുടുംബം ഈ പണം സ്വീകരിച്ചാൽ നിമിഷയുടെ മോചനം സാധ്യമായേക്കും.
ജീവൻ നഷ്ടപ്പെടുമെന്ന അവസ്ഥയിലാണ് കൊലപാതകം ചെയ്തുപോയതെന്ന് വിവരിച്ച് നേരത്തെ ജയിലിൽ നിന്നും നിമിഷ ബന്ധുക്കൾക്ക് കത്തയച്ചിരുന്നു. ശാരീരികമായ ആക്രമണങ്ങളിലേക്കും ലൈംഗികവൈകൃതങ്ങൾക്കും ഇരയാക്കിയെന്നും തന്റെ ആഭരണങ്ങളും പണവും യുവാവ് തട്ടിയെടുത്തെന്ന് കത്തിൽ പറയുന്നു. കൊലയ്ക്കു കൂട്ടുനിന്നെന്ന് പറയുന്ന നഴ്സ് ഹനാൻ ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയാണ്.