കുവൈറ്റില്‍ ഏപ്രില്‍ 30 ന് അവസാനിക്കുന്ന പൊതുമാപ്പ് ആനുകൂല്യം പ്രയോജനപ്പെടുത്തുന്നതിന് ഇന്ത്യക്കാര്‍ അപേക്ഷ സമര്‍പ്പിച്ചു തുടങ്ങി. മലയാളികളടക്കം നൂറു കണക്കിന് ഇന്ത്യക്കാരാണ് പാസ്പോര്‍ട്ട്, സിവില്‍ ഐഡി രേഖകളുമായി സെന്ററില്‍ എത്തിയത്. ഇന്ത്യക്കാരുടെ അപേക്ഷ സ്വീകരിക്കുന്നത് 20വരെ തുടരും. യാത്രാരേഖയായി പാസ്പോര്‍ട്ട് കൈവശമുള്ളവരുടെ അപേക്ഷയാണ് സ്വീകരിച്ചത്. യാത്രാരേഖകള്‍ ഒന്നും കൈവശം ഇല്ലാത്തവരുടെ വിരലടയാള പരിശോധനയും നടത്തുന്നുണ്ട്. എംബസിയില്‍ എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റിനായി അപേക്ഷിച്ചവര്‍ എംബസി നിര്‍ദേശിക്കുന്നത് അനുസരിച്ചാണ് അപേക്ഷാ കേന്ദ്രങ്ങളില്‍ എത്തേണ്ടത്.
ഏപ്രില്‍ ഒന്നു മുതല്‍ 30 വരെ രാജ്യത്ത് അനധികൃതമായി താമസിക്കുന്നവര്‍ക്ക് പിഴയോ ശിക്ഷയോ കൂടാതെ രാജ്യം വിട്ടു പോകുന്നതിനും ശരിയായ വിസയില്‍ മടങ്ങി വരാനും അനുവദിക്കും. ക്രിമിനല്‍ കുറ്റ കൃത്യങ്ങളില്‍ ഉള്‍പ്പെടാത്ത താമസ കുടിയേറ്റ നിയമ ലംഘകര്‍ക്ക് മാത്രമാണ് പിഴയോ ശിക്ഷയോ കൂടാതെ സൗജന്യമായി വിമാന ടിക്കറ്റ് ഉള്‍പ്പെടെ സര്‍ക്കാര്‍ നല്‍കുന്നത്. അപേക്ഷയുമായി സെന്ററില്‍ എത്തുന്നവരെ നാടുകടത്തല്‍ കേന്ദ്രത്തിലേക്ക് മാറ്റും. സൗജന്യ വിമാന ടിക്കറ്റും താമസവും ഭക്ഷണവും കുവൈറ്റ് സര്‍ക്കാര്‍ നല്‍കും. വിമാന സര്‍വീസ് ആരംഭിക്കുന്നതനുസരിച്ചു നാട് കടത്തല്‍ കേന്ദ്രത്തില്‍ നിന്നും നേരിട്ടു വിമാന താവളത്തിലേക്ക് കൊണ്ട് പോകും. അതേസമയം
അനധികൃത താമസക്കാരെ അവരുടെ രാജ്യങ്ങളിലേക്ക് കൊണ്ടുപോകുന്നതിന് കുവൈറ്റ് ഐക്യരാഷ്ട്ര സഭയുടെ സഹായം തേടിയെന്ന പ്രചാരണം യുഎന്‍ സെക്രട്ടറി ജനറലിന്റെ പ്രതിനിധിയും കുവൈത്തിലെ യുഎന്‍ റസിഡന്റ് കോ-ഓര്‍ഡിനേറ്ററുമായ ഡോ.താരീഖ് അല്‍ ഷെയ്ഖ് നിഷേധിച്ചു. എന്നാല്‍ കുവൈത്തില്‍ നിന്നും ഇന്ത്യയിലേക്കുള്ള വിമാന യാത്രാക്ക് അനുമതി ലഭിക്കുന്നതുമായി ബന്ധപ്പെട്ട് ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്. വിദേശ കാര്യ മന്ത്രാലയ തലത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നതല്ലാതെ വിമാന സര്‍വീസ് ആരംഭിക്കുന്നത് സംബന്ധിച്ച് യാതൊരു വിധ ഔദ്യോഗിക അറിയിപ്പും ഉണ്ടായിട്ടില്ല എന്ന് കുവൈത്തിലെ ഇന്ത്യന്‍ എംബസ്സി അറിയിച്ചു.