കുവൈറ്റില്‍ താമസം നിഷേധിക്കപ്പെടേണ്ടവരുടെ പട്ടികയില്‍ പ്രമേഹ ബാധിതരെയും ഉള്‍പ്പെടുത്തിയേക്കുമെന്ന് റിപോര്‍ട്ട്. നിരോധനം ബാധകമാക്കാവുന്ന പകര്‍ച്ച വ്യാധിയല്ലാത്ത രോഗങ്ങളുടെ പട്ടികയില്‍ പ്രമേഹവും ഉള്‍പ്പെടുത്തണമെന്ന് ആരോഗ്യ മന്ത്രാലയത്തിലെ പൊതുജനാരോഗ്യവിഭാഗം ഡയറക്ടര്‍ ഡോ.ഫഹദ് അല്‍ ഗുമൈസ് അറിയിച്ചതായും റിപോര്‍ട്ടുകള്‍ പറയുന്നു. വിഷയത്തില്‍ വിവിധ വശങ്ങള് വിലയിരുത്തി ജിസിസി തല സമിതിയുടെ അഭിപ്രായങ്ങള്‍ കൂടി പരിഗണിച്ചാണ് തീരുമാനം എടുക്കുക. പ്രമേഹം കൂടി പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നാണ് ഈ വര്‍ഷം തയാറാക്കിയിട്ടുള്ള ഭേദഗതിയില്‍ പറയുന്നത്. താമസിയാതെ അത് അംഗീകരിക്കുമെന്നാണു കരുതുന്നതെന്നും ഡോ.ഫഹദ് അല്‍ ഗുമൈസ് പറഞ്ഞു. അതേസമയം ചികിത്സാ ചെലവ് അധികമില്ലാത്ത വിളര്‍ച്ച പോലുള്ളവയെ ഭേദഗതി പട്ടികയില്‍ നിന്ന് ഒഴിവാക്കുമെന്നും അദ്ദേഹം പറഞ്ഞു.
വിദേശികള്‍ പ്രയോജനപ്പെടുത്തുന്ന ചികിത്സാ ചെലവിന്റെ ആധിക്യമാണു രോഗങ്ങളുടെ പട്ടിക വിപുലപ്പെടുത്താന്‍ പ്രേരണ. ക്ഷയം, ഹെപ്പറ്റൈറ്റിസ്- എയും ബിയും, എച്ച്ഐവി/എയ്ഡ്സ് എന്നിവയാണ് പട്ടികയില്‍ നിലവിലുള്ള പകര്‍ച്ചവ്യാധിയല്ലാത്ത രോഗങ്ങള്‍. വിദേശികള്‍ പരിശോധന പൂര്‍ത്തിയാക്കേണ്ട രോഗങ്ങളുടെ പട്ടിക മന്ത്രാലയം അവലോകനം ചെയ്യാറുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണു പട്ടിക പുതുക്കുന്നത്.