കുവൈറ്റില്‍ 60 വയസ്സിന് മുകളിലുള്ളവരും യൂണിവേഴ്സിറ്റി ബിരുദം നേടാത്തവര്‍ക്കും ഇഖാമ (താമസാനുമതി രേഖ) ഒരു വര്‍ഷം മാത്രമായി കുറച്ചു. ഒരു വര്‍ഷത്തിനകം നടപടിക്രമങ്ങള്‍ പൂര്‍ത്തീയാക്കി ഇവര്‍ രാജ്യം വിടണം. ഒരുവര്‍ഷത്തേക്ക് പുതുക്കിനല്‍കിയവരുടെ ഇഖാമ ഇനി പുതുക്കില്ല. 60 കഴിഞ്ഞവരും ബിരുദം ഇല്ലാത്തവരുമായ 83,562 വിദേശികള്‍ കുവൈത്തിലുണ്ടെന്നാണ് കണക്ക്. രാജ്യത്ത് ജനസംഖ്യാ അനുപാതം നിയന്ത്രിക്കുന്നതിനും അവിദഗ്ധ തൊഴിലാളികളുടെ എണ്ണം കുറയ്ക്കുന്നതിന്റെയും ഭാഗമായാണ് നടപടി.
60 വയസ്സിനു മുകളിലുള്ള 83,562 പ്രവാസികളാണ് കുവൈറ്റില്‍ താമസിക്കുന്നതെന്ന് തൊഴില്‍ സ്ഥിതിവിവരക്കണക്കുകള്‍ പറയുന്നു. അതില്‍ 15,847 പേര് നിരക്ഷരരാണ്, 24,000 പേര്‍ക്ക് വായിക്കാനും എഴുതാനും കഴിയും, 10,000 പേര്‍ക്ക് പ്രൈമറി ബിരുദം, 16,000 പേര്‍ക്ക് ഇന്റര്‍മീഡിയറ്റ് ഡിപ്ലോമ, 16,000 പേര് ഹൈസ്കൂള്‍ ഡിപ്ലോമയുള്ളവരുമാണ്. ദേശീയ അസംബ്ലിയുടെ മാനവ വിഭവശേഷി വികസന സമിതി കുവൈറ്റിലെ പ്രവാസികളുടെ എണ്ണം കുറയ്ക്കുന്ന നയങ്ങള്‍ രൂപീകരിക്കുന്നതിന്റെ ഭാഗമായി സര്‍ക്കാരില്‍ നിന്നും എംപിമാരില്‍ നിന്നുമുള്ള നിര്‍ദേശങ്ങള്‍ അവലോകനം ചെയ്യാന്‍ ആരംഭിച്ചു. പുതിയ നിര്‍ദ്ദേശങ്ങളിലൊന്ന് അനധികൃത പെര്‍മിറ്റ് ഉടമകള്‍, 60 വയസ്സിനു മുകളിലുള്ള പ്രവാസികള്‍, അവിദഗ്ധ തൊഴിലാളികള്‍ ഉള്‍പ്പെടുന്ന 360,000 പ്രവാസികളുടെ മടക്കത്തിന് കാരണമാകും. കുവൈറ്റിലെ ജനസംഖ്യയുടെ 70 ശതമാനവും പ്രവാസികളാണെന്ന് ചൂണ്ടിക്കാട്ടി വിവിധ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും എംപിമാരും ജനസംഖ്യാപരമായ അസന്തുലിതാവസ്ഥ ചൂണ്ടികാണിച്ചു. കൂടാതെ, സോഷ്യല്‍ മീഡിയയില്‍ പ്രവാസികളോടുള്ള വിദ്വേഷ സമീപനം വര്‍ദ്ധിച്ചതായും കണ്ടെത്തലുണ്ട്. ഏപ്രിലില്‍, കൊവിഡ് 19 വ്യാപനം രൂക്ഷമായപ്പോള്‍, പലരും വൈറസ് പടരുന്നതില്‍ പ്രവാസികളെ കുറ്റപ്പെടുത്തുന്ന സമീപനം സ്വീകരിച്ചതായും റിപോര്‍ട്ടിലുണ്ട്.
അതേസമയം രാജ്യത്ത് വിദേശികളായ വ്യാപാരികള്‍ക്കു 10 വര്‍ഷവും മറ്റുള്ളവര്‍ക്കു 5 വര്‍ഷവും ഇഖാമ പുതുക്കി നല്‍കും വിധമുള്ള താമസാനുമതിരേഖാ ഭേദഗതി നിയമം താമസിയാതെ പ്രാബല്യത്തില്‍ വരുമെന്നും അധികൃതര്‍ അറിയിച്ചു. ഗാര്‍ഹികതൊഴിലാളികള്‍ കുവൈറ്റിന് പുറത്ത് താമസിക്കാവുന്ന കാലപരിധി 6 മാസത്തിന് പകരം 4 മാസമായി ചുരുക്കിയിട്ടുമുണ്ട്. ഇഖാമ നിയമലംഘനത്തിന് നിലവില്‍ ഒരു ദിവസത്തേക്കുള്ള പിഴ 2 ദിനാറില്‍നിന്ന് 4 രൂപയായി ഉയര്‍ത്തും. വിദേശികള്‍ നവജാത ശിശുക്കള്‍ക്ക് ഇഖാമയോ രാജ്യംവിടുന്നതിനുള്ള സമയപരിധിയോ ലഭിക്കുന്നതിന് ജനനത്തിന്റെ നാല് മാസത്തിനകം അപേക്ഷിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.