TopTop
Begin typing your search above and press return to search.

പ്രവാസി നിയമ സഹായസെല്‍ സേവനം ഇപ്പോള്‍ ഖത്തറിലും

പ്രവാസി നിയമ സഹായസെല്‍ സേവനം ഇപ്പോള്‍ ഖത്തറിലും

പ്രവാസിമലയാളികളുടെ നിയമ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാന്‍ മലയാളികളായ അഭിഭാഷകരുടെ സൗജന്യ സേവനം ലഭ്യമാകുന്ന പ്രവാസി നിയമ സഹായ പദ്ധതി (PLAC) ഖത്തറിലേക്കും വ്യാപിപ്പിച്ചു. ഈ പദ്ധതിയിന്‍ കീഴില്‍ കുവൈറ്റ്, ഒമാന്‍, ബഹ്റൈന്‍, യു.എ.ഇ, സൗദി അറേബ്യ എന്നീ സ്ഥലങ്ങളിലേക്കും നോര്‍ക്ക ലീഗല്‍ കണ്‍സള്‍ട്ടന്റ്മാരെ (NLC) നിയമിച്ചിട്ടുണ്ട്. തങ്ങളുടേതല്ലാത്ത കുറ്റങ്ങള്‍ക്കും, ചെറിയ കുറ്റകൃത്യങ്ങള്‍ക്കും വിദേശ ജയിലുകളില്‍ കഴിയുന്ന നിരപരാധികളായ പ്രവാസി മലയാളികള്‍ക്ക് നിയമ സഹായം നല്‍കുന്നതാണ് പദ്ധതിയെന്ന് നോര്‍ക്ക പത്രക്കുറിപ്പില്‍ അറിയിച്ചു.

ജോലി സംബന്ധമായി വിദേശ മലയാളികള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ക്ക് പദ്ധതിയില്‍ കീഴില്‍ നിയമ സഹായം ലഭിക്കും. ഇതിന്റെ ഭാഗമായി കേസുകള്‍ ഫയല്‍ ചെയ്യാനുള്ള നിയമ സഹായം, നഷ്ടപരിഹാര/ദയാഹര്‍ജികള്‍ എന്നിവയില്‍ സഹായിക്കുക, നിയമ ബോധവത്ക്കരണ പരിപാടികള്‍ മലയാളി സാംസ്‌ക്കാരിക സംഘടനകളുമായി ചേര്‍ന്ന് സംഘടിപ്പിക്കുക, വിവിധ ഭാഷകളില്‍ തര്‍ജ്ജിമ നടത്തുന്നതിന് വിദഗ്ധരുടെ സഹായം ലഭ്യമാക്കുക, ബുദ്ധിമുട്ടനുഭവിക്കുന്ന മലയാളികള്‍ക്ക് നിയമവ്യവഹാരത്തിനുള്ള സഹായം നല്‍കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യങ്ങള്‍.

കേരളത്തില്‍ നിന്നും മധ്യകിഴക്കന്‍ രാജ്യങ്ങളിലേക്ക് കുടിയേറുന്ന തൊഴിലാളികള്‍ നേരിടുന്ന പ്രധാന പ്രശ്നമാണ് അഞ്ജത മൂലം അന്യനാട്ടിലുണ്ടാകുന്ന കോടതി വ്യവഹാരങ്ങളും മറ്റ് നിയമ കുരുക്കുകളും.ഒരു നിയമസഹായവും ലഭിക്കാതെ നിസ്സഹായരായ തൊഴിലാളികള്‍ ജയിലുകളില്‍ എത്തിപ്പെടുകയും കടുത്ത ശിക്ഷകള്‍ അനുഭവിക്കുകയും ചെയ്യുന്ന സാഹചര്യം നിലവിലുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ നിയമസഹായം ലഭിക്കാതെ നിസാര കേസുകളിലകപ്പെട്ട് മിക്കപ്പോഴും പ്രവാസി മലയാളികള്‍ ശിക്ഷിക്കപെടുകയും, ജയിലിലാക്കപ്പെടുകയും ചെയ്യുന്നുണ്ട്.

ഇന്ത്യന്‍ പാസ്പോര്‍ട്ടും സാധുവായ തൊഴില്‍ അല്ലെങ്കില്‍ സന്ദര്‍ശക വിസയിലുള്ള മലയാളികള്‍ക്കോ അല്ലെങ്കില്‍ തടവിലാക്കപ്പെടുകയോ ബുദ്ധിമുട്ടനുഭവിക്കുകയോ ചെയ്യുന്ന ആളിന്റെ ബന്ധുക്കള്‍/സുഹൃത്തുക്കള്‍ വഴിയോ സഹായം തേടാന്‍ അര്‍ഹതയുണ്ട്.പ്രവാസി നിയമ സഹായത്തിനുള്ള പൂരിപ്പിച്ച അപേക്ഷകള്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍, നോര്‍ക്ക റൂട്ട്സ്, മൂന്നാം നില, നോര്‍ക്ക സെന്റര്‍, തൈക്കാട്, തിരുവനന്തപുരം-695014 എന്ന വിലാസത്തിലോ, ceo@norkaroots.net, ceonorkaroots@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ സമര്‍പ്പിക്കണം. അപേക്ഷ ഫാറം www.norkaroots.org ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ ടോള്‍ഫ്രീ നമ്പരായ 1800 425 3939 (ഇന്ത്യയില്‍നിന്നും), 00918802012345 (വിദേശത്തുനിന്നും മിസ്ഡ് കോള്‍ സേവനം) ലഭിക്കും.


Next Story

Related Stories