Top

നോര്‍ക്കയുടെ ഇടപെടല്‍: അപൂര്‍വ്വ രോഗം ബാധിച്ച നീതു നാട്ടിലേക്ക്

നോര്‍ക്കയുടെ ഇടപെടല്‍: അപൂര്‍വ്വ രോഗം ബാധിച്ച നീതു നാട്ടിലേക്ക്

അപൂര്‍വ രോഗം ബാധിച്ച് ആറര മാസമായി അബുദാബി ഷെയ്ഖ് ഖലീഫ മെഡിക്കല്‍ സിറ്റിയില്‍ ചികിൽസയില്‍ കഴിഞ്ഞിരുന്ന യുവതിയെ അടിയന്തിരമായി നാട്ടിലെത്തിക്കും. തിരുവനന്തപുരം നെടുമങ്ങാട് വിതുര ലളിത ഭവനില്‍ ബിന്ദുവിന്റെ മകള്‍ നീതു(20)വിനൊണ് വിദഗ്ദ്ധ ചികിത്സയ്ക്കായി വ്യാഴാഴ്ച നാട്ടിലേക്കു കൊണ്ടുവരിക. നോർക്കയുടെ ഇടപെടലിലാണ് നടപടി. ഖലീഫ മെഡിക്കല്‍ സിറ്റിയില്‍ നീതുവിനെ സന്ദര്‍ശിച്ച വ്യവസായ മന്ത്രി ഇ.പി ജയരാജനും സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനുമാണു നോര്‍ക്കയുടെ സഹായം ഉറപ്പു നല്‍കിയതിന് പിന്നാലെയാണ് നാട്ടിലേക്ക് അടിയന്തിരമായി എത്തിക്കുന്നത്.

വ്യാഴാഴ്ച രാത്രി ഷാര്‍ജ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നും എയര്‍ ഇന്ത്യ വിമാനത്തിലാണ് നീതുവിനെ നാട്ടിലേക്കെത്തിക്കുക. സ്‌ട്രെച്ചറിലുള്ള രോഗിയെ അഹല്യ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സും അമ്മ ബിന്ദുവും അനുഗമിക്കും. പുലര്‍ച്ചെ 5.30ന് നീതു തിരുവനന്തപുരത്ത് എത്തും. നീതുവിന്റെ സന്ദർശക വീസ കാലാവധി തീർന്നതു മൂലമുണ്ടായിരുന്ന 18,000 ദിർഹം പിഴ ദുബായ് ഇന്ത്യൻ കോൺസൽ ജനറലിന്റെ ഇടപെടലിലൂടെ എമിഗ്രേഷൻ അധികൃതർ എഴുതിത്തള്ളി.
അരക്കു താഴെ തളര്‍ന്ന് അബോധാവസ്ഥയിലുള്ള നീതുവിന് ഓട്ടോ ഇമ്മ്യൂണ്‍ എന്‍സഫലൈറ്റിസ് രോഗ ബാധിതയാണ്. തിരുവനന്തപുരത്ത് എത്തുന്ന നീതുവിനെ ശ്രീചിത്തിര മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവേശിപ്പിക്കും. സന്ദർശക വീസയിലുള്ള വിദേശികൾക്ക് നൽകാവുന്ന 6 മാസത്തെ ചികിത്സാ കാലാവധി തീർന്നതോടെ നീതുവിന്റെ അബുദാബിയിലെ ചികിൽസ പ്രതിസന്ധിയിലാവുകയായിരുന്നു. പിന്നാലെയായിരുന്നു നോർക്കയുടെ ഇടപെടൽ.
ഭർത്താവ് ഉപേക്ഷിച്ചതോടെയാണ് നിത്യജീവിതത്തിനു വക തേടി 2 മക്കളെയും അമ്മയെ നീതുവിന്റെ മാതാവ് ബിന്ദു ദുബായിലേക്ക് പോയത്. 12 വർഷത്തെ അധ്വാനത്തിനൊടുവിൽ മകൾ നീതുവിനെ വിവാഹം ചെയ്തയക്കുകയും ചെയ്തു. അടുത്തിടെ അമ്മയെ കാണാൻ സന്ദർശക വിസയിലെത്തിയതായിരുന്നു നീതു. പിന്നാലെ മാർച്ച് 17ന് പനിയും ഛർദിയും അപസ്മാരവും അനുഭവപ്പെടുകയായിരുന്നു. അപസ്മാരം കൂടിയതോടെ 27ന് ഷെയ്ഖ് ഖലീഫ മെഡിക്കൽ സിറ്റിയിലേക്ക് മാറ്റി. 4 മാസത്തോളം തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. ഷെയ്ഖ് ഖലീഫ മെഡിക്കൽ സിറ്റി, ക്ലീവ് ലാൻഡ് ക്ലിനിക്, മഫ്റഖ്, എറണാകുളം അമൃത എന്നീ ആശുപത്രികളിലെ ന്യൂറോ വിദഗ്ധ ഡോക്ടർമാരുടെ മാർഗ നിർദേശം അനുസരിച്ചായിരുന്നു ചികിത്സ.


Next Story

Related Stories