വോട്ട് ചെയ്യാന്‍ അവസരം വേണമെന്ന ഇന്ത്യന്‍ പ്രവാസികളുടെ ചിരകാല ആവശ്യം യാഥാര്‍ത്ഥ്യമാകുന്നു. ഇപോസ്റ്റല്‍ ബാലറ്റിലൂടെ പ്രവാസികള്‍ക്ക് വോട്ട് ചെയ്യാമെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശുപാര്‍ശ വിദേശകാര്യ മന്ത്രാലയം തത്വത്തില്‍ അംഗീകരിച്ചു. അന്തിമ തീരുമാനം കൈക്കൊള്ളുന്നതിനുമുമ്പ് പ്രവാസി സംഘടനകള്‍ ഉള്‍പ്പെടെ എല്ലാവരുമായും ചര്‍ച്ച നടത്തണമെന്നും മന്ത്രാലയം കമ്മീഷനെ അറിയിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തീരുമാനം അംഗീകരിക്കപ്പെട്ടാല്‍ വോട്ടര്‍ പട്ടികയിലുള്ള 1.17 ലക്ഷം പ്രവാസികള്‍ക്ക് അവര്‍ താമസിക്കുന്ന രാജ്യത്തുനിന്ന് വോട്ട് ചെയ്യാനാകും.
പ്രവാസികള്‍ക്ക് തപാല്‍ ബാലറ്റിലൂടെ വോട്ട് ചെയ്യാന്‍ 1961ലെ തെരഞ്ഞെടുപ്പ് ചടങ്ങളില്‍ ആവശ്യമായ ഭേദഗതി വരുത്തണമെന്ന് നിര്‍ദേശിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് നവംബര്‍ 27ന് നിയമ സെക്രട്ടറിക്ക് കത്ത് അയച്ചിരുന്നു. ഏപ്രില്‍-മേയ് മാസങ്ങളില്‍ നടക്കാനിരിക്കുന്ന അസം, ബംഗാള്‍, കേരളം, തമിഴ്നാട്, പുതുച്ചേരി നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ പ്രവാസികള്‍ക്ക് വോട്ടിംഗ് സൗകര്യം ഏര്‍പ്പെടുത്താന്‍ തയ്യാറാണെന്നും കത്തില്‍ പറഞ്ഞിരുന്നു. തൊഴില്‍, വിദ്യാഭ്യാസം, യാത്രാ ചെലവ് എന്നിങ്ങനെ കാരണങ്ങളാല്‍ നേരിട്ടെത്തി വോട്ട് ചെയ്യാന്‍ കഴിയില്ലെന്നം തപാല്‍ ബാലറ്റ് വേണമെന്നും പ്രവാസി സമൂഹം കാലങ്ങളായി ആവശ്യപ്പെടുന്നുണ്ട്. കോവിഡിനെത്തുടര്‍ന്ന് ആവശ്യം ശക്തമായതായും കമ്മീഷന് ചൂണ്ടിക്കാട്ടുന്നു.
റിട്ടേണിങ് ഓഫിസറോട് ഫോം 12 വഴി വോട്ട് ചെയ്യാനുള്ള ആഗ്രഹം അറിയിക്കുന്ന പ്രവാസിക്ക് ഇ പോസ്റ്റല്‍ ബാലറ്റ് ലഭ്യമാക്കണം. തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് അഞ്ചു ദിവസത്തിനകം ഇതിനായി അപേക്ഷിച്ചിരിക്കണം. ബന്ധപ്പെട്ട ഉദ്യോഗസ്ഥന് സാക്ഷ്യപ്പെടുത്തിയതും കൃത്യമായി പൂരിപ്പിച്ചതുമായ തപാല്‍ ബാലറ്റ്, പ്രവാസിയുടെ ഇന്ത്യയിലെ നിയോജക മണ്ഡലത്തിലെ റിട്ടേണിങ് ഓഫിസര്‍ക്ക് വോട്ടെണ്ണല്‍ ദിവസം രാവിലെ എട്ടിനു മുമ്പ് മടക്കി നല്‍കണം എന്നതാണ് വോട്ടെടുപ്പ് രീതി. നിലവില്‍, സായുധ സേന, പാരാ മിലിട്ടറി സേനയിലെ അംഗങ്ങളും വിദേശത്ത് സേവനമനുഷ്ഠിക്കുന്ന സര്‍ക്കാര്‍ ജീവനക്കാരും ഉള്‍പ്പെടുന്ന സര്‍വീസ് വോട്ടര്‍മാര്‍ക്ക് ഇ പോസ്റ്റല്‍ ബാലറ്റ് സൗകര്യമുള്ളത്.