അബുദാബിയില്‍ യാസ് മറീന സര്‍ക്യൂട്ടില്‍ അതിവേഗത്തിന്റെ രാജാക്കന്മാര് അണിനിരക്കുന്ന ഫോര്‍മുല വണ്‍ ഗ്രാന്‍ഡ്പ്രീ വ്യാഴാഴ്ച മുതല്‍ നടക്കും.സീസണിലെ അവസാന മത്സരത്തിനാണ് അബുദാബി സാക്ഷ്യം വഹിക്കുക. ആല്‍ഫാ റോമിയോ, മെക് ക്ലാരന്, റെഡ്ബുള്‍, വില്യംസ്, ഫെറാരി, മെഴ്സിഡഡ്, റിനോ, ഹാസ്, റേസിങ് പോയന്റ്, ടോറോ റോസോ എന്നീ ടീമുകളാണ് മത്സര രംഗത്തുള്ളത്. യാസ് മറീന സര്‍ക്യൂട്ടിലെ 5.554 കിലോമീറ്റര്‍ നീളമുള്ള ട്രാക്കില്‍ 55 ഘട്ടങ്ങളായാണ് മത്സരങ്ങള്‍ നടക്കുക. ഏകദേശം 305.355 കിലോമീറ്ററാണ് ഡ്രൈവര്‍മാര്‍ വണ്ടിയോടിക്കുക.
ഗ്രാന്‍ഡ് പ്രീ വേദിയിലേക്ക് 70 ബസുകളും 3000ലേറെ ടാക്സികളും സര്‍വീസ് നടത്തുമെന്ന് ഗതാഗത വകുപ്പ് അറിയിച്ചു. 29 മുതല്‍ ഡിസംബര്‍ 1 വരെ നടക്കുന്ന കാറോട്ട പോരാട്ടം കാണാന്‍ അവസരം ഒരുക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. നഗരത്തില്‍നിന്നു യാസ് ഐലന്‍ഡിലേക്കും തിരിച്ചും ബസ് സര്‍വീസുണ്ടായിരിക്കും. മുഹമ്മദ് ബിന്‍ സായിദില്‍നിന്ന് 102, അബുദാബി രാജ്യാന്തര വിമാനത്താവളത്തില്‍നിന്ന് സാദിയാത് ദ്വീപ് വഴി യാസ് ഐലന്‍ഡിലേക്ക് എ19,അല്ബാഹിയയില്നിന്നു അല്‍റഹ്ബ, ഖലീഫ സിറ്റി വഴി യാസ് ഐലന്ഡിലേക്കു 216 എന്നീ ബസുകളാണ് സര്‍വീസ് നടത്തുക. കൂടാതെ പാര്‍ക്ക് ആന്‍ഡ് റൈഡ് സേവനവും ഉണ്ടായിരിക്കും. യാസ് പ്ലാസ ഹോട്ടല്‍, ഫെറാറി വേള്‍ഡ്, യാസ് വാട്ടര്‍വേള്‍ഡ്, യാസ് മാള്‍, യാസ് മറീന, യാസ് മറീന സര്‍ക്യൂട്ട് എന്നിവിടങ്ങളില്‍ വാഹനം പാര്‍ക്ക് ചെയ്ത് ഷട്ടില്‍ സര്‍വീസ് ഉപയോഗപ്പെടുത്തിയും വേഗപ്പോരാട്ടം കാണാന്‍ സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യനായ മെഴ്സിഡസിന്റെ ലൂയി ഹാമില്ട്ടണ് തന്റെ അഞ്ചാം കിരീടം ലക്ഷ്യമിട്ട് ഇത്തവണയും ട്രാക്കിലുണ്ട്. കഴിഞ്ഞ വര്‍ഷത്തെ രണ്ടാം സ്ഥാനക്കാരനായ ഫെരാരിയുടെ സെബാസ്റ്റ്യന്‍ വെറ്റല്‍, റെഡ് ബുള്ളിന്റെ മാക്സ് വെസ്റ്റാപ്പെന് എന്നിവരും സീസണിലെ മികച്ച സമയത്തോടെ ട്രാക്കില്‍ ഇടിമുഴക്കാന്‍ തയാറായിട്ടുണ്ട്.