സൗദി അറേബ്യയില്‍ ട്രാഫിക്ക് നിയമം പരിഷ്ക്കരിക്കുമെന്ന് റിപോര്‍ട്ടുകള്‍. ഇനി മുതല്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ പോര്‍ട്ടലായ അബഷീര്‍ വഴി വാഹന ഉടമസ്ഥാവകാശമാറ്റം സാധ്യമാകുമെന്നാണ് അധികൃതര്‍ വ്യക്തമാക്കിയത്. കാലാവധിയുള്ള തിരിച്ചറിയല്‍ രേഖയും വാഹന ഉടമസ്ഥാവകാശ രേഖയും കൈവശമുള്ളവര്‍ക്കു വേഗത്തിലും സുരക്ഷിതമായും അബഷീര്വഴി ഉടമസ്ഥാവകാശം മാറ്റാന്‍ സാധിക്കും. എന്നാല്‍ വ്യാപാര ആവശ്യങ്ങള്‍ക്കുള്ള വാഹനങ്ങളുടെയും കമ്പനികളുടെയും ഉടമസ്ഥതയിലുള്ള വാഹനങ്ങളുടെ ഉടമസ്ഥാവകാശം ഓണ്‍ലൈനായി മാറ്റാന്‍ കഴിയില്ല. അതിനു നിലവിലുള്ളതുപോലെ വാഹന ഷോറൂമുകളെ സമീപിക്കണം.
അതേസമയം എന്ജിന് ഓഫാക്കാതെ വാഹനം നിര്‍ത്തി ഡ്രൈവര്‍ പുറത്തിറങ്ങുന്നത് ഗതാഗത നിയമലംഘനമാണെന്ന് ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു. ഇത്തരം നിയമ ലംഘനങ്ങള്‍ക്കു 100 മുതല്‍ 150 റിയാല്‍ വരെ ഇനി പിഴ ചുമത്തും. എന്ജിന് ഓഫാക്കാതെ നിര്‍ത്തിയിട്ട വാഹനങ്ങള്‍ മോഷണം പോകുന്ന പശ്ചാത്തലത്തിലാണ് ട്രാഫിക് ഡയറക്ടറേറ്റ് നിയമം കര്‍ശനമാക്കിയത്.