സൗദി അറേബ്യ, യുഎഇ, മാലിദ്വീപ് എന്നിവിടങ്ങളില്‍ നഴ്സുമാര്‍ക്ക് തൊഴിലവസരങ്ങളുമായി നോര്‍ക്ക റൂട്സ്. ഇതിനായി www.norkaroots.org ല്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ ടോള്‍ ഫ്രീ നമ്പരായ 18004253939 (ഇന്ത്യയില്‍ നിന്നും) 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോള്‍ സേവനം) ല്‍ ലഭിക്കും.
സൗദി ആരോഗ്യമന്ത്രാലയത്തിനു കീഴില്‍ വനിതാ നഴ്സുമാര്‍ക്ക് അവസരം
സൗദി അറേബ്യയിലെ ക്വാസിം പ്രവിശ്യയില്‍ ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള ആശുപത്രികളിലേക്കാണ് വനിതാ നഴ്സുമാരെ നോര്‍ക്ക റൂട്സ് മുഖേന തെരഞ്ഞെടുക്കുന്നത്. ബിഎസ്സി, എംഎസ്സി, പിഎച്ച്ഡി യോഗ്യതയുള്ള വനിതാ നഴ്സുമാര്‍ക്കാണ് അവസരം. ക്രിട്ടക്കല്‍ കെയര്‍ യൂണിറ്റ് (മുതിര്‍ന്നവര്‍, നിയോനേറ്റല്‍ ), എമര്‍ജന്‍സി, ജനറല്‍ (ബിഎസ്സി) എന്നീ വിഭാഗങ്ങളിലാണ് ഒഴിവ്. സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ നോട്ടിഫിക്കേഷന്‍ പ്രകാരം 2020 ഒക്ടോബര്‍ മാസം 19, 20, 21, 22 തിയതികളില്‍ ഓണ്‍ലൈനായി അഭിമുഖം നടക്കും. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി 2020 ഒക്ടോബര്‍ 17.
യുഎഇയിലും മികച്ച അവസരം
യുഎഇലെ പ്രമുഖ സ്വകാര്യ ആശുപത്രിയായ കിങ്സ് കോളേജ് ആശുപത്രിയിലേക്ക് മൂന്നു വര്‍ഷം പ്രവര്‍ത്തി പരിചയമുള്ള വിദഗ്ധ വനിതാ നഴ്സുമാരെ ഉടന്‍ തിരഞ്ഞെടുക്കുന്നു. പ്രവൃത്തി പരിചയത്തിന്റെ അടിസ്ഥാനത്തിലാവും ശമ്പളം. ഡിഎച്ച്എ ഉള്ളവര്‍ക്ക് മുന്‍ഗണന. നഴ്സിങ്ങില്‍ ബിരുദമോ ഡിപ്ലോമയോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. 50 ഒഴിവുകളുണ്ട്. 3000 മുതല്‍ 13000 ദിര്‍ഹമാണ് ശമ്പളം (ഏകദേശം 60,000 മുതല്‍ 2,60,000 രൂപ വരെ) ഉയര്‍ന്ന പ്രായപരിധി 40. അവസാന തിയതി ഒക്ടോബര്‍ 31.
മാലിദ്വീപില്‍ നഴ്സുമാര്‍ക്ക് ഉടന്‍ നിയമനം
മാലിദ്വീപിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിലേക്ക് രണ്ട് വര്‍ഷം പ്രവര്‍ത്തി പരിചയമുള്ള വിദഗ്ധ നഴ്സുമാരെ നോര്‍ക്ക മുഖാന്തരം ഉടന്‍ തിരഞ്ഞെടുക്കുന്നു. ഐഇഎല്ടിഎസ്നു 5.5 നു മുകളില്‍ സ്കോര്‍ നേടിയ നഴ്സിങ്ങില്‍ ബിരുദമോ ഡിപ്ലോമയോ ഉള്ള പുരുഷ/വനിത നഴ്സുമാര്‍ക്ക് അപേക്ഷിക്കാം. ശമ്പളം 53,000 നും 67,000 രൂപയ്ക്കും മധ്യേ. ഉയര്‍ന്ന പ്രായ പരിധി 45. അവസാന തിയതി ഒക്ടോബര്‍ 31.