ഗള്‍ഫ് രാജ്യങ്ങളില്‍ കോവിഡ് 19 രോഗബാധിതരുടെ എണ്ണം പതിനായിരം കടന്നു. എഴുപതോളം പേരാണ് ഇതിനകം മരിച്ചത്. ഇതുവരെയായി 1600-ഓളം പേര് രോഗവിമുക്തരുമായിട്ടുണ്ട്. യുഎഇ യില്‍ രോഗബാധിതരുടെ എണ്ണം 2659ആയി. സൗദി അറേബ്യ - 2932, ഒമാന്‍ - 419, കുവൈത്ത് - 855, ബഹറൈന്‍ - 811, ഖത്തര്‍ - 2200 എന്നിങ്ങനെയാണ് ഇതിനകം രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം .കുവൈത്തില്‍ ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 79 പേരും ഇന്ത്യക്കാരാണ്.
രോഗവ്യാപനം ചെറുക്കാനായി ഒമാന്റെ തലസ്ഥാനമായ മസ്കറ്റില്‍ നാളെ മുതല്‍ ഈ മാസം 22വരെ സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. ദുബായില്‍ വാഹനത്തിലിരുന്ന് കൊണ്ടുതന്നെ കോവിഡ് പരിശോധന നടത്താനുള്ള രണ്ട് കേന്ദ്രങ്ങള്‍ പുതുതായി പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. നേരത്തേ വെബ്സൈറ്റ് വഴി അനുമതി വാങ്ങിയശേഷമായിരിക്കണം ഈ കേന്ദ്രങ്ങളിലേക്ക് പോകേണ്ടത്. യു.എ.ഇ.യില്‍ ദേശീയ അണുനശീകരണ പരിപാടി നീട്ടിയതിനാല്‍ എല്ലാ വാണിജ്യ പരിപാടികള്‍ക്കുമുള്ള നിയന്ത്രണം ഏപ്രില്‍ 18 വരെ തുടരുമെന്ന് ദുബായ് സാമ്പത്തികവിഭാഗം അറിയിച്ചു. നിശ്ചിതവിഭാഗം പതിവുപോലെ പ്രവര്‍ത്തിക്കും. നിയന്ത്രണ സമയത്ത് അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്ക് കടുത്ത ശിക്ഷ നേരിടേണ്ടിവരും. ഒമാനില്‍ ജയിലുകളില്‍ കഴിയുന്ന 599 തടവുകാര്‍ക്ക് പൊതുമാപ്പ് നല്കി. ഇതില്‍ 336 വിദേശികളും ഉള്‍പ്പെടും. സാമ്പത്തിക കുറ്റകൃത്യങ്ങളുടെ പേരില്‍ സൗദി ജയിലില്‍ ശിക്ഷയനുഭവിക്കുന്നവരെ മോചിപ്പിക്കാന്‍ ഭരണാധികാരി സല്മാന് രാജാവ് ഉത്തരവിട്ടു. സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ ജയിലിലുള്ളവരുടെ സ്വകാര്യ അവകാശ കേസുകളില്‍ കോടതിവിധി നടപ്പാക്കരുതെന്നും അവരെ എത്രയുംവേഗം ജയിലുകളില്‍ നിന്ന് വിട്ടയക്കണമെന്നുമാണ് നിര്‍ദ്ദേശം.
.