കുവൈറ്റില്‍ കൊവിഡിനെ തുടര്‍ന്ന് 1,47,000 വിദേശികളുടെ താമസ രേഖ റദ്ദായതായി റിപോര്‍ട്ടുകള്‍. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് നാട്ടില്‍ നിന്ന് തിരിച്ചെത്താന്‍ കഴിയാത്തതാണ് തിരിച്ചടിയായത്. നിലവില്‍ 1,32,000 അനധികൃത താമസക്കാര്‍ രാജ്യത്ത് കഴിയുന്നുണ്ടെന്നാണു ഏകദേശ കണക്ക്. ഇവരില്‍ നാല്പതിനായിരത്തോളം പേര് ഭാഗിക പൊതുമാപ്പ് വഴി താമസരേഖ നിയമ വിധേയമാക്കുമെന്നാണു ആഭ്യന്തര മന്ത്രാലയം പ്രതീക്ഷിക്കുന്നത്. അനധികൃത താമസക്കാര്‍ക്ക് അടുത്ത മാസം ഒന്നു മുതല്‍ അനുവദിച്ചിരിക്കുന്ന ഭാഗിക പൊതുമാപ്പ് ഉപയോഗപ്പെടുത്താനാവും. ഇതിനായുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചു.
രാജ്യത്ത് അനധികൃത താമസക്കാര്‍ക്ക് പിഴ അടച്ച് രാജ്യം വിടുന്നതിനോ അല്ലെങ്കില്‍ പിഴയടച്ചു കൊണ്ട് താമസരേഖ നിയമ വിധേയമാക്കുന്നതിനോ അവസരം നല്‍കിക്കൊണ്ടുള്ള ഭാഗിക പൊതുമാപ്പ് ഡിസംബര്‍ ഒന്ന് മുതലാണ് ആരംഭിക്കുന്നത്. ഡിസംബര്‍ 31 വരെയാണ് ഇതിനായി അനുവദിച്ച സമയ പരിധി. സ്പോണ്സര്മ്മാരില് നിന്ന് ഒളിച്ചോടിയതായി പരാതിയുള്ള താമസക്കാര്‍ക്കും ഈ ആനുകൂല്യം ലഭ്യമാക്കുന്നതിനും താമസ കുടിയേറ്റ വിഭാഗം പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ട്.
അതേസമയം കുവൈറ്റില്‍ 60 വയസ്സ് കഴിഞ്ഞ ബിരുദമില്ലാത്ത വിദേശികള്‍ക്ക് താമസരേഖ കുടുംബ ആശ്രിത വിസയിലേക്ക് മാറ്റാന്‍ അവസരം ഒരുങ്ങുകയാണ്. ഈ വിഭാഗക്കാരല്ലാത്ത വിദേശികള്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് പുതുക്കി നല്‍കുന്നത് 2021 ജനുവരി 1 മുതല്‍ നിര്ത്തലാക്കാനിരിക്കവെയാണ് നിര്‍ണ്ണായക ഇളവ് നല്‍കുന്നതിന് അധികൃതര്‍ തീരുമാനിച്ചത്.