കോവിഡ് പശ്ചാത്തലത്തില്‍ ഖത്തറിലേക്ക് തിരിച്ചെത്താന്‍ കഴിയാത്ത പ്രവാസികള്‍ക്കായി പ്രത്യേക വിമാന സര്‍വീസ് നടത്താന്‍ ഇന്ത്യയും ഖത്തറും. നിബന്ധനകള്‍ക്ക് വിധേയമായി ഇന്ത്യന്‍ വിമാനകമ്പനികള്‍ക്കും ഖത്തര്‍ എയര്‍വേയ്സിനും സര്‍വീസ് നടത്താനുള്ള എയര്‍ബബിള്‍ ധാരണാപത്രത്തില്‍ ഇന്ത്യന്‍ വ്യോമയാന മന്ത്രാലയവും ഖത്തര്‍ സിസിവല്‍ ഏവിയേഷന്‍ അതോറിറ്റിയും ഒപ്പുവെച്ചു. ഈ മാസം 18 മുതല്‍ 31 വരെയാണ് വിമാന സര്‍വീസുകള്‍ക്ക് ധാരണ.
പ്രതിവാര സര്‍വീസുകളായിരിക്കും ഇരുരാജ്യങ്ങളിലെയും കമ്പനികള്‍ നടത്തുക. ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാരുകളുടെ അനുമതിക്ക് വിധേയമായി ആയിരിക്കും സര്‍വീസ്. ഇന്ത്യയില്‍ നിന്നുള്ള സര്‍വീസുകളില്‍ ഖത്തര്‍ പൗരന്മാര്, ഖത്തര്‍ വിസയുള്ള ഇന്ത്യക്കാര്‍ എന്നിവര്‍ക്ക് വരാന്‍ അനുമതിയുണ്ടാവും. എന്നാല്‍, ഇന്ത്യക്കാര്‍ക്ക് തിരിച്ചുവരുന്നതിന് ഖത്തര്‍ പോര്‍ട്ടല്‍ രജിസ്ട്രേഷന്, ക്വാറന്റീന് ബുക്കിങ് തുടങ്ങിയ നിബന്ധനകള്‍ ബാധകമായിരിക്കും. ഖത്തര്‍ എയര്വേയ്സില് ഖത്തറിലേക്ക് മടങ്ങുന്ന ഇന്ത്യക്കാര്‍ക്ക് യാത്രക്ക് മുമ്പ് കോവിഡ് ടെസ്റ്റ് നിര്‍ബന്ധമാണ്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ(ഐ.സി.എം.ആര്) അംഗീകാരമുള്ള ഏത് മെഡിക്കല്‍ സെന്ററിലും കോവിഡ് പരിശോധന നടത്താം.
ആഗസ്ത് 1 മുതല്‍ പ്രവാസികള്‍ക്ക് ഖത്തറിലേക്ക് വരാന്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍, ഇന്ത്യയില്‍ നിന്ന് വിമാന സര്‍വീസ് ഇല്ലാത്തത് കാരണം മലയാളികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് പ്രവാസികള്‍ പ്രതിസന്ധിയിലായിരുന്നു. വന്ദേഭാരത് വിമാനങ്ങളില്‍ പ്രവാസികളെ കൊണ്ടുവരുന്നതിന് ഖത്തര്‍ വിലക്കേര്‍പ്പെടുത്തിയതാണ് പ്രതിസന്ധിക്ക് ഇടയാക്കിയത്.