കുട്ടികളെ വാഹനങ്ങളുടെ മുന്‍സീറ്റില്‍ ഇരുന്ന് യാത്ര ചെയ്യാന്‍ അനുവദിക്കുന്ന രക്ഷിതാക്കള്‍ക്കെതിരേ നടപടിയെടുക്കുമെന്ന് അബുദാബി പോലീസ് അറിയിച്ചു. നിയമലംഘനങ്ങള്‍ക്ക് 400 ദിര്‍ഹം പിഴ ഈടാക്കുമെന്നും പോലീസ് അറിയിച്ചു. പത്തുവയസ്സ് പൂര്ത്തിയാവാത്തവര്ക്കോ അല്ലെങ്കില്‍ 145 സെന്റീമീറ്ററില്‍ താഴെ ഉയരമുള്ളവര്ക്കോ കാറിന്റെ മുന്‍സീറ്റിലിരുന്ന് യാത്ര ചെയ്യാന്‍ അനുവാദമില്ല. പിന്‍സീറ്റില്‍ സുരക്ഷിതത്വത്തിന് എല്ലായ്പ്പോഴും സീറ്റ്ബെല്‍റ്റ് ഉപയോഗിക്കണമെന്നും അബുദാബി പോലീസ് ഓര്‍മിപ്പിച്ചു.ഇത് സംബന്ധിച്ചുള്ള ബോധവത്കരണ പരിപാടികളും പോലീസ് ആരംഭിച്ചു.
സീറ്റ്ബെല്‍റ്റ് ധരിക്കാതെയുണ്ടാകുന്ന ഒരു വാഹനാപകടം പത്താംനിലയില്‍ നിന്ന് താഴേക്ക് പതിക്കുന്ന അതേ ആഘാതമുണ്ടാക്കുമെന്നും പോലീസ് പറഞ്ഞു. സീറ്റ്ബെല്‍റ്റുകള്‍ 40 മുതല്‍ 60 ശതമാനം വരെയുള്ള ജീവന് രക്ഷിക്കുന്നുവെന്നാണ് വാഹനാപകടത്തെക്കുറിച്ചുള്ള ആഗോളഗവേഷണങ്ങള് സൂചിപ്പിക്കുന്നത്. നാല് വയസ്സിന് താഴെയുള്ള എല്ലാ കുട്ടികള്‍ക്കും ഗുണനിലവാരമുള്ള സുരക്ഷാസീറ്റുകള്‍ നിര്‍ബന്ധമാണെന്നാണ് ഫെഡറല്‍ ട്രാഫിക് നിയമത്തില്‍ പറയുന്നത്. പിന്‍സീറ്റില്‍ യാത്രചെയ്യുന്ന എല്ലാവരും സീറ്റ്ബെല്‍റ്റ് ധരിക്കേണ്ടതുണ്ട്. നിയമലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ ഡ്രൈവര്‍ക്ക് 400 ദിര്‍ഹം പിഴയും നാല് ബ്ലാക്ക് പോയന്റുകളും ശിക്ഷ ലഭിക്കും.