പ്രവാസി ഇന്ത്യക്കാരുടെ ദീര്‍ഘകാല ആവശ്യമായ പോസ്റ്റല്‍ ബാലറ്റ് സൗകര്യം ഒരുക്കുന്നതിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുകൂല നിലപാട്. പ്രവാസി വോട്ടിനായി സുപ്രീംകോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി നല്കിയ ഡോ. ഷംഷീര്‍ വയലിലുമായി നടത്തിയ കൂടിക്കാഴ്ചയില്‍ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ സുനില്‍ അറോറയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കേന്ദ്രനിയമ, വിദേശകാര്യ മന്ത്രാലയങ്ങളുമായി കമ്മീഷന് ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ തുടരുകയാണ്.
പ്രവാസികള്‍ക്ക് ഇലക്ട്രോണിക്കായി ലഭ്യമാക്കിയ പോസ്റ്റല്‍ ബാലറ്റിലൂടെ വിദേശത്തുനിന്ന് വോട്ടുചെയ്യാനുള്ള സൗകര്യം എത്രയും വേഗം ഏര്‍പ്പെടുത്തുന്നതു സജീവപരിഗണനയിലാണെന്ന് കമ്മിഷന് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. ഇതിനായി നിയമ, വിദേശകാര്യ മന്ത്രാലയങ്ങളുമായി ആശയവിനിമയം നടത്തി വരുകയാണെന്നും കമ്മിഷന് വ്യക്തമാക്കി.
കേരളമടക്കമുള്ള സംസ്ഥാനങ്ങളിലേക്ക് നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെയാണ് പ്രവാസി വോട്ട് വിഷയത്തില്‍ ഉടന്‍ നടപടി ആവശ്യപ്പെട്ട് ഷംസീര്‍ വയലില്‍ കമ്മീഷനെ സമീപിച്ചത്. ആദ്യഘട്ടത്തില്‍ ഗള്‍ഫ് ഇതര രാജ്യങ്ങളിലെ പ്രവാസികള്‍ക്ക് മാത്രം പോസ്റ്റല്‍ വോട്ട് സൗകര്യം എന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രവാസി വോട്ട് യാഥാര്‍ഥ്യമാകില്ലെന്നാണ് സൂചന.