യുഎഇയില്‍ വിവാഹത്തിനു മുമ്പ് വരനും വധുവിനും ആരോഗ്യ പരിശോധന നടത്തുന്ന പദ്ധതിയുമായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം. രാജ്യത്തൊട്ടാകെയുള്ള 25 കേന്ദ്രങ്ങളില്‍ ഈ സൗകര്യം ലഭ്യമാക്കുമെന്നും മന്ത്രാലയം അറിയിച്ചു. പ്രവാസികള്‍ക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താം. മൂന്നു മുതല്‍ പത്തു ദിവസത്തിനുള്ളില്‍ പരിശോധനാ ഫലം നല്‍കും. റിപ്പോര്‍ട്ടിന് മൂന്നു മാസത്തെ കാലാവധിയുണ്ട്.
വിവാഹത്തിന് മുമ്പ് വധു- വരന്മാര്ക്ക് ജനിതക -ലൈംഗിക രോഗങ്ങള്‍ ഉള്‍പ്പെടെയുള്ളവ ഇല്ലെന്ന് ഉറപ്പ് വരുത്തുന്നതിനും ആരോഗ്യം സംരക്ഷിക്കുന്നതിനും ദാമ്പത്യത്തിന് മുമ്പുള്ള പരിശോധനയിലൂടെ ഈ സേവനം ദമ്പതികളെ പ്രാപ്തമാക്കുന്നു. തലസ്സീമിയ, അരിവാള്‍ രോഗം എന്നിവയും ലൈംഗിക രോഗപ്പകര്‍ച്ചയും തടയാനും ഇത് സഹായകമാണെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി. ബന്ധുക്കള്‍ തമ്മിലുള്ള വിവാഹത്തിലൂടെ സംഭവിക്കാവുന്ന ജനിത വൈകല്യം, ബുദ്ധിമാന്ദ്യം തുടങ്ങിയവ കണ്ടെത്താനും സാധിക്കും. ശരിയായ പരിശോധനയിലൂടെയും ആവശ്യമായ കൗണ്‍സലിങ് വഴിയും ദമ്പതികളെ കാര്യം പറഞ്ഞ് ബോധ്യപ്പെടുത്തും. 18 വയസും അതില്‍ കൂടുതലുമുള്ള പൗരന്മാര്ക്കും പ്രവാസികള്‍ക്കും ഈ സേവനം വാഗ്ദാനം ചെയ്യുന്നുണ്ടെന്ന് ഹെല്‍ത്ത് അസിസ്റ്റന്റ് സെക്ടര്‍, ഹെല്‍ത്ത് സെന്റേഴ്സ് ആന്‍ഡ് ക്ലിനിക്സ് അണ്ടര്‍ സെക്രട്ടറി ഡോ. ഹുസൈന് അബദല്‍ റഹ്മാന് അല്‍ റാന്ദ് പറഞ്ഞു.