ലോക അധ്യാപക ദിനത്തോടനുബന്ധിച്ച് ഖത്തര്‍ എയര്‍വേയ്സ് അധ്യാപകര്‍ക്ക് 21,000 സൗജന്യ യാത്രാ ടിക്കറ്റുകള്‍ പ്രഖ്യാപിച്ചു. കോവിഡ് -19ന്റെ വെല്ലുവിളികള്‍ക്കിടയില്‍ ലോകമെമ്പാടുമുള്ള യുവജനങ്ങള്‍ക്ക് അറിവ് പകര്‍ന്ന് നല്കുന്ന അധ്യാപകര്‍ക്ക് ആദരവ് അര്പ്പിച്ചാണിത്. മൂന്ന് ദിവസത്തെ പ്രചാരണ കാലയളവില്‍ ഓരോ രാജ്യത്തിനും ദിവസേന നിശ്ചിത എണ്ണം ടിക്കറ്റ് അനുവദിക്കും. 3 ദിവസവും പുലര്‍ച്ചെ ദോഹ സമയം 4.00ന് രാജ്യങ്ങള്‍ക്ക് അനുവദിച്ചിരിക്കുന്ന ടിക്കറ്റുകളുടെ എണ്ണം പ്രസിദ്ധപ്പെടുത്തും. ഖത്തര്‍ എയര്‍വേയ്സിന്റെ സര്‍വീസുള്ള ഏത് നഗരങ്ങളിലേയ്ക്കും ടിക്കറ്റ് എടുക്കാം.
ഖത്തര്‍ എയര്‍വേയ്സ് നിലവില്‍ പ്രവര്‍ത്തിക്കുന്ന 75 ലധികം രാജ്യങ്ങളില്‍ നിന്നുള്ള അധ്യാപന മേഖലയില്‍ നിന്നുള്ളവര്‍ക്ക് ഈ സേവനം ലഭ്യമാകുന്നത്. അധ്യാപകര്‍ക്ക് ഒരു ഇക്കോണമി റിട്ടേണ്‍ ടിക്കറ്റാണ് ലഭിക്കുക. ഒരു ഇക്കോണമി റിട്ടേണ്‍ ടിക്കറ്റ് കൂടാതെ ഭാവിയില്‍ ഒരു റിട്ടേണ്‍ ടിക്കറ്റിന് 50 ശതമാനം ഓഫര്‍ മൂല്യമുള്ള വൗച്ചറും ലഭിയ്ക്കും. അപേക്ഷകന് സ്വന്തമായോ അല്ലെങ്കില്‍ കുടുംബാംഗത്തിനോ സുഹൃത്തിനോ ഈ വൗച്ചര്‍ ഉപയോഗിയ്ക്കാം. രണ്ട് ടിക്കറ്റുകളിലും യാത്ര 2021 സെപ്റ്റംബര്‍ 30 ന് മുമ്പായിരിക്കണം. ടിക്കറ്റ് ബുക്കിങ്ങിനുള്ള റജിസ്ട്രേഷനായി നിശ്ചിത സമയവും പ്രഖ്യാപിച്ചിട്ടുണ്ട്. ഒക്ടോബര്‍ 5 ന് പ്രാദേശിക സമയം പുലര്‍ച്ചെ 4.00 മുതല്‍ ഒക്ടോബര്‍ 8 ന് പുലര്‍ച്ചെ 3.59 വരെയാണ് ബുക്കിങ് സമയം. എന്നാല്‍ യാത്ര ചെയ്യുമ്പോള്‍ വിമാനത്താവളത്തിലെ ചെക്ക് ഇന്‍ കൗണ്ടറില്‍ അധ്യാപകര്‍ ആണെന്നതിന്റെ തിരിച്ചറിയല്‍ രേഖ ഹാജരാക്കണം. ടിക്കറ്റ് മാത്രമാണ് സൗജന്യം. വിമാനത്താവളത്തിലെ നികുതി യാത്രക്കാരന് നല്‍കണം. അധ്യാപകര്‍ക്ക് 2020 ഡിസംബര്‍ 31 ന് മുമ്പായി എടുക്കുന്ന ടിക്കറ്റുകളില്‍ മാറ്റം വരുത്താന്‍ കഴിയും. മാത്രമല്ല ടിക്കറ്റ് കാലാവധി 2 വര്‍ഷവും ലഭിക്കും.
നിശ്ചിത വിഭാഗം അധ്യാപകര്‍ക്കാണ് സൗജന്യ ടിക്കറ്റ് നല്‍കുന്നത്. ക്ലാസ് റൂം പാരാപ്രഫഷണല്സ്, അധ്യാപക അസിസ്റ്റന്റുമാരും പകരക്കാരും, ഇന്റര്‍വെന്‍ഷന്‍-ഇന്‍ക്ലൂഷന്‍ സ്പെഷ്യലിസ്റ്റ്, ട്യൂട്ടര്‍മാര്‍, സീനിയര്‍ ലീഡേഴ്സ്, ഏര്‍ലി ചൈല്‍ഡ്ഹുഡ് അധ്യാപകര്‍, സ്റ്റുഡന്റ് കൗണ്‍സിലര്‍മാര്‍, പ്രൈമറി, സെക്കന്‍ഡറി, കാഷ്യല്‍ അധ്യാപകര്‍, ഇഎസ്എല്‍ (ഇംഗ്ലീഷ് രണ്ടാം ഭാഷ) അധ്യാപകര്‍, സ്പെഷ്യല്‍ എജ്യൂക്കേഷന്‍ അധ്യാപകര്‍, അധ്യാപക സഹായികള്‍, വൊക്കേഷണല്‍ എജ്യൂക്കേഷന്‍ ആന്‍ഡ് ട്രെയിനിങ് ഇന്‍സ്ട്രക്ടര്‍, പ്രീ-സ്കൂള്‍-ഏര്‍ലി ഇയേഴ്സ് പ്രാക്ടീഷണേഴ്സ്, ക്ലാസ് റൂം ടെക്നീഷ്യന്‍സ് എന്നിവര്‍ക്കാണ് സൗജന്യ ടിക്കറ്റിന് യോഗ്യത.
ഖത്തര്‍ എയര്‍വേയ്സിന്റെ Qhttps://www.qatarairways.com/en-qa/offers/thank-you-teachers.html ലിങ്കില്‍ പ്രവേശിച്ച് വിജയകരമായി റജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് പ്രമോഷന് കോഡ് ലഭിയ്ക്കും. ലിങ്കില്‍ വ്യവസ്ഥകളും നിബന്ധനകളും വ്യക്തമാക്കിയിട്ടുണ്ട്. പ്രമോഷന് കോഡ് ഉപയോഗിച്ച് ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് 2021 സെപ്റ്റംബര്‍ 30 വരെയാണ് യാത്രാ കാലാവധി.