സാമൂഹ്യമാധ്യമങ്ങള്‍ വഴിയും സൈബറിടങ്ങളിലൂടെയും സാമ്പത്തിക തട്ടിപ്പുള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ക്കായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം പുതിയ ബോധവല്‍ക്കരണ ക്യാമ്പയിന് ആരംഭിച്ചു. സൈബര്‍ തട്ടിപ്പുകളില്‍ നിന്നും ജനങ്ങളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണിത്. തട്ടിപ്പുകളെ തിരിച്ചറിയുന്നതിനായി സോഷ്യല്‍ മീഡിയകളിലൂടെയും മറ്റ് മാധ്യമങ്ങളിലൂടെയും മുന്നറിയിപ്പുകള്‍ നല്‍കിത്തുടങ്ങി.
തട്ടിപ്പുകാര്‍ ഉപയോഗിച്ച് വരുന്ന വ്യത്യസ്ത രീതികളെ കുറിച്ച് ക്യാമ്പയിനിന്റെ ഭാഗമായി ജനങ്ങള്‍ക്ക് വിശദീകരിച്ച് നല്‍കും. തട്ടിപ്പിനായി ഉപയോഗിക്കുന്ന പ്രത്യേക തരം മെയിലുകള്‍, മെസ്സേജുകള്‍ എന്നിവ തിരിച്ചറിയാനുള്ള വഴികള്‍ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ മന്ത്രാലയം നല്‍കുന്നുണ്ട്. അക്കൗണ്ട് സുരക്ഷിതമാക്കാനെന്ന വ്യാജേന പേഴ്സണല്‍ വിവരങ്ങള്‍ ഉടന്‍ മാറ്റണമെന്നാണ് ഇത്തരം മെസ്സേജുകളിലൂടെ തട്ടിപ്പുകാര്‍ പ്രധാനമായും വ്യക്തികളോട് ആവശ്യപ്പെടാറുള്ളത്. അങ്ങനെ പേരും നമ്പറും ഉള്‍പ്പെടെയുള്ളവ മാറ്റുമ്പോള്‍ ഇവ എളുപ്പത്തില്‍ തട്ടിപ്പുകാര്‍ ചോര്‍ത്തിയെടുക്കുകയും അതുവഴി സാമ്പത്തിക തട്ടിപ്പുകള്‍ നടത്തുകയും ചെയ്യുകയാണ് പതിവ്. ഇത്തരം സന്ദേശങ്ങളില്‍ പ്രതികരിക്കരുതെന്നും വ്യക്തി വിവരങ്ങള്‍ കൈമാറരുതെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്കുന്നു.