കോവിഡിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച വിദേശ തൊഴിലാളികളുടെ റിക്രൂട്മെന്റ് നടപടികള്‍ പുനരാരംഭിച്ചതോടെ ഖത്തറിലെ തൊഴില്‍ മേഖല ഉണര്‍ന്നു. ആദ്യ ഘട്ടത്തില്‍ തൊഴിലാളികളുടെ കുറവ് മൂലം തുടങ്ങിവെച്ച പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കഴിയാത്തതിനാല്‍ കമ്പനികളുടെ അപേക്ഷകളാണ് സ്വീകരിക്കുന്നത്. തൊഴിലാളികള്‍ക്ക് മിനിമം വേതന വ്യവസ്ഥയും മികച്ച താമസ സൗകര്യങ്ങളും ഉറപ്പാക്കുന്ന കമ്പനികളുടെ അപേക്ഷകള്‍ മാത്രമേ പരിഗണിക്കുകയുള്ളു.
ഭക്ഷണവും താമസവും ഉള്‍പ്പെടെ 1,000 റിയാലും ഭക്ഷണവും താമസവും ഇല്ലെങ്കില്‍ 1,800 റിയാലുമാണ് മിനിമം വേതനം. റിക്രൂട്മെന്റ് നടപടികള്‍ പുനരാരംഭിച്ചെങ്കിലും രാജ്യത്തേക്ക് എത്തുന്നവര്‍ ദുരന്തനിവാരണ ഉന്നതാധികാര കമ്മിറ്റിയുടെ യാത്രാ, പ്രവേശന, ക്വാറന്റീന് വ്യവസ്ഥകള്‍ പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. ഇതുപ്രകാരം ആഭ്യന്തര മന്ത്രാലയത്തിന്റെ എക്സപ്ഷണല്‍ എന്‍ട്രി പെര്‍മിറ്റ് ലഭിക്കുന്നവര്‍ക്കാണ് രാജ്യത്തേക്ക് പ്രവേശനം. ഇതിനായി തൊഴിലുടമയുടെ അപേക്ഷ നിര്‍ബന്ധമാണ്.