വിദേശികളെ ഒഴിവാക്കി ഒമാന്‍ സര്‍ക്കാര്‍ സര്‍വീസ് പൂര്‍ണമായും സ്വദേശിവത്ക്കരിക്കുന്നു. രാജ്യത്തെ ധനകാര്യ വകുപ്പാണ് കഴിഞ്ഞ ദിവസം ഇക്കാര്യം സൂചിപ്പിച്ചു കൊണ്ടുള്ള സര്‍ക്കുലര്‍ പുറത്തിറക്കിയത്. കൊറോണ വൈറസ് രോഗബാധയുടെ പശ്ചാത്തലത്തില്‍ ഇതിനകം തന്നെ ആയിരക്കണക്കിന് ഇന്ത്യക്കാര്‍ക്ക് വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ തൊഴില്‍ നഷ്ടപ്പെടാനുള്ള സാധ്യത നിലനില്‍ക്കെയാണ് ഒമാന്‍ സ്വദേശിവത്ക്കരണ ശ്രമങ്ങള്‍ക്ക് ആക്കം കൂട്ടിയിട്ടുള്ളത്. എന്നാല്‍ ഇത് പുതിയ കാര്യമല്ലെന്നും ഇന്ത്യക്കാരെ മാത്രം ഉദ്ദേശിച്ചുള്ളതല്ല എന്നുമാണ് ഇന്ത്യന്‍ വിദേശകാര്യ വൃത്തങ്ങള്‍ പറയുന്നത്.
ഒമാനില്‍ മാത്രം 7.68 ലക്ഷം ഇന്ത്യക്കാരാണുള്ളത്. ഇത് രാജ്യത്തുള്ള ആകെ വിദേശി ജനസംഖ്യയായ 20.55 ലക്ഷം പേരുടെ മുന്നിലൊന്ന് വരും. ഇന്ത്യക്ക് പുറമെ 7.2 ലക്ഷം ബംഗ്ലാദേശി പൗരന്മാരും 2.7 ലക്ഷം പാക്കിസ്ഥാന്‍കാരുമാണ് ആകെ 45 ലക്ഷം ജനസംഖ്യയുള്ള ഒമാനില്‍ താമസിക്കുന്നത്. 25 ലക്ഷമാണ് ഒമാനിലെ പ്രാദേശിക ജനസംഖ്യ.
സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിദേശികളെ ഒഴിവാക്കുന്ന നടപടി എത്രയും വേഗവും സുഗമവുമായി നടപ്പാക്കണമെന്നും സര്‍ക്കുലര്‍ വ്യക്തമാക്കുന്നുണ്ട് എന്ന് ടൈംസ് ഓഫ് ഒമാന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 2021-ലേക്ക് കണക്കാക്കുന്ന ബജറ്റ് വകയിരുത്തലില്‍ ഈ പ്രക്രിയയ്ക്കുള്ള തുക മാറ്റി വയ്ക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു.
ആഭ്യന്തര വികസനത്തില്‍ ഒമാനി പൗരന്മാരുടെ കൂടുതല്‍ പങ്കാളിത്തം ഉറപ്പിക്കുന്ന രീതിയില്‍ അവരുടെ ശേഷികളെ മെച്ചപ്പെടുത്തി എടുക്കുക എന്നതു കൂടി ലക്ഷ്യമിട്ടാണ് സ്വദേശിവത്ക്കരണം എന്നാണ് ധനകാര്യ മന്ത്രാലയം പറയുന്നത്.
ഒമാനിലെ സര്‍ക്കാര്‍ സര്‍വീസിന്റെ തലപ്പത്തും മിക്ക മേഖലകളിലും വിദേശികളാണുള്ളതെന്ന രാജ്യത്തെ ഫിനാന്‍ഷ്യല്‍ ആന്‍ഡ് അഡ്മിനിസ്ട്രേറ്റീവ് ഓഡിറ്റ് ഇന്സ്റ്റിറ്റ്യൂഷന് ചൂണ്ടിക്കാട്ടിയ കാര്യവും സര്‍ക്കുലര്‍ സൂചിപ്പിക്കുന്നുണ്ട്.