സൗദിഅറേബ്യയില്‍ രാത്രി സമയങ്ങളില്‍ ജോലിയില്‍ ഏര്‍പ്പെടുന്ന തൊഴിലാളികള്‍ക്കുള്ള പുതിയ ആനുകൂല്യങ്ങള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. രാത്രി പതിനൊന്ന് മണി മുതല്‍ രാവിലെ ആറ് മണി വരെ ജോലി ചെയ്യുന്നവര്‍ക്കാണ് ആനൂകൂല്ല്യങ്ങള്‍ ലഭിക്കുന്നത്. തൊഴില്‍, സാമൂഹിക വികസന മന്ത്രി എഞ്ചിനീയര്‍ അഹമ്മദ് അല്‍ രാജിയാണ് തൊഴിലാളികര്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നത് സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്.
ഒക്ടോബറിലാണ് രാത്രി ജീവനക്കാര്‍ക്കുള്ള പുതിയ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചത്. മുഴുസമയവും പ്രവര്‍ത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങളിലെ രാത്രി ജീവനക്കാര്‍ക്കാണ് ആനുകൂല്യങ്ങള്‍ക്ക് അര്‍ഹത. ആരോഗ്യപരമായ പ്രയാസങ്ങളുള്ളവരെ രാത്രി ജോലിക്ക് നിയോഗിക്കരുതെന്നും നിര്‍ദേശമുണ്ട്. രാത്രി ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ഭക്ഷണം എളുപ്പത്തില്‍ ലഭ്യമാക്കണമെന്നും, ഗതാഗത സൗകര്യം ലഭ്യമല്ലാത്ത സാഹചര്യമാണെങ്കില്‍, പകരം സൗകര്യമേര്‍പ്പെടുത്തുകയോ ആവശ്യമായ അലവന്‍സ് അനുവദിക്കുകയോ വേണമെന്നും വ്യവസ്ഥയുണ്ട്. മൂന്ന് മാസം രാത്രിജോലി പൂര്‍ത്തീകരിച്ച ശേഷവും, അതേ തൊഴിലാളിയെ വീണ്ടും രാത്രി ജോലിക്ക് നിയമിക്കണമെങ്കില്‍, തൊഴിലാളിയില്‍ നിന്ന് രേഖാമൂലം സമ്മതം നേടിയിരിക്കണം. പ്രസവം കഴിഞ്ഞ് 24 ആഴ്ച കഴിയുന്നത് വരെ വനിതാ ജീവനക്കാരെ രാത്രി ജോലിയില്‍ നിയമിക്കരുതെന്നും നിര്‍ദ്ദേശമുണ്ട്.