TopTop
Begin typing your search above and press return to search.

'ഒന്‍പത് ആഴ്ചകളായി ഞങ്ങള്‍ പ്രിയപ്പെട്ടവരെ പിരിഞ്ഞിട്ട്', യു എ ഇയിലേക്ക് തിരിച്ചു കൊണ്ടുപോകണം എന്നാവശ്യപ്പെട്ട് നാട്ടില്‍ കുടുങ്ങിപ്പോയ പ്രവാസികള്‍

കഴിഞ്ഞ മാര്‍ച്ച് പത്തിന് മസ്ഹര്‍ ഖാന്‍ എടുത്ത ആ തീരുമാനം അയാളുടെ ജീവിതം തന്നെ മാറ്റി മറിച്ചു.

ഭാര്യക്കും മൂന്നു വയസ്സുള്ള മകള്‍ക്കുമൊപ്പം നാട്ടിലുള്ള കസിന്റെ വിവാഹത്തില്‍ പങ്കെടുക്കാനായി ഇന്ത്യ സന്ദര്‍ശിക്കാനായിരുന്നു പദ്ധതി. ഇന്ത്യയിലെത്തി. പിന്നീട് ഇതുവരെ ദുബായിലേക്ക് മടങ്ങിപ്പോവാനായിട്ടില്ല. കഴിഞ്ഞ ഏഴു വര്‍ഷമായി ദുബായിലെ ഒരു സോഫ്റ്റ്വെയര്‍ കമ്പനിയില്‍ ജോലി ചെയ്യുകയാണ് ലഖ്‌നോ സ്വദേശിയായ മസ്ഹര്‍ ഖാന്‍.

"ഞാനിപ്പോള്‍ വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ്, എന്റെ കമ്പനി സാലറി കട്ട് പ്രഖ്യാപിച്ചു, ഞങ്ങളുടെ വീട്ടുവാടകയുടെ കാര്യത്തില്‍ വീട്ടുടമസ്ഥന്‍ കര്‍ക്കശമായ നിലപാട് എടുത്തു, വാടക വൈകിപ്പിക്കാന്‍ അദ്ദേഹം സമ്മതിച്ചില്ല, വീട്ടുവാടകയും യൂറ്റിലിറ്റി ബില്ലുകളും ഞാന്‍ ഇവിടെ നിന്ന് തന്നെ അടച്ചു." 35കാരനായ മസ്ഹര്‍ ഖാന്‍ പറഞ്ഞു. കോവിഡ്-19ന്റെ വ്യാപനം തടയുന്നതിനായി ഇന്ത്യയും യു.എ.ഇയും വിമാന സര്‍വ്വീസ് നിര്‍ത്തിവെച്ചതാണ് മസ്ഹര്‍ ഖാന് തിരിച്ചടിയായത്.

ഇത് മസ്ഹര്‍ ഖാന്റെ മാത്രം അനുഭവമല്ല. ഖാന്‍ ഉള്‍പ്പെടെ യു.എ.ഇയില്‍ ജോലി ചെയ്യുന്ന ഏകദേശം 700ഓളം പ്രവാസി ഇന്ത്യക്കാരാണ് കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി യാത്രാ വിലക്ക് പ്രഖ്യാപിച്ചതോടെ, ഇത്തരത്തില്‍ ഇന്ത്യയില്‍ കുടുങ്ങിക്കിടക്കുന്നത്.

ഇന്ത്യയിലെ ലോക്ക് ഡൗണ്‍ നാലാം ഘട്ടത്തിലേക്ക് പ്രവേശിച്ചതിന് പിന്നാലെ നിരവധി നിയന്ത്രണങ്ങള്‍ നീക്കിയതോടെ തങ്ങള്‍ക്ക് യു.എ.ഇലേക്ക് തിരിച്ച് പോകുന്നതിനായി ഇടപെടണമെന്ന ആവശ്യവുമായി ഇവര്‍ സാമൂഹിക മാധ്യമങ്ങളില്‍ ഹാഷ് ടാഗ് അഭ്യര്‍ത്ഥനയുമായെത്തിട്ടുണ്ട്. യു.എ.ഇയിലെ ചില സ്ഥലങ്ങളിലേക്ക് യാത്രാ വിമാനങ്ങള്‍ പുനരാംരംഭിക്കണമെന്ന ആവശ്യവുമായി പ്രധാനമന്ത്രിയേയും ഇന്ത്യയിലേയും യു.എ.ഇയിലേയും വിദേശകാര്യ മന്ത്രാലയങ്ങളേയും ഉദ്യോഗസ്ഥരെയും എല്ലാം ടാഗ് ചെയ്തുള്ള അഭ്യര്‍ത്ഥനകളാണ് ട്വിറ്റര്‍ അടക്കമുള്ള മൈക്രൊ ബ്ലോഗിങ് സാമൂഹ്യ മാധ്യമങ്ങളില്‍ നിറഞ്ഞിരിക്കുന്നത്. #expathometoUAE, #UAEourhome, #bringbackUAEresidents തുടങ്ങിയ ഹാഷ് ടാഗുകള്‍ ഉപയോഗിച്ചാണ് ഇവര്‍ തിങ്കളാഴ്ച മുതല്‍ ട്വിറ്ററില്‍ ട്രന്‍ഡ് ചെയ്യാന്‍ തുടങ്ങിയത്. എന്നാല്‍ ഇതുവരെ ഇതിന് കാര്യമായ പ്രതികരണങ്ങള്‍ ഒന്നും ലഭിച്ചിട്ടില്ല.

യു.എ.ഇ ഭരണാധികാരികളായ, ശൈഖ് മുഹമ്മദ്, മുഹമ്മദ് ബിന്‍ സാഇദ്, ഹംദാന്‍ മുഹമ്മദ്, അഹമ്മദ് ബിന്‍ സഈദ് എന്നിവരെ എല്ലാം ടാഗ് ചെയ്താണ് പലരും ട്വിറ്ററിലൂടെ അഭ്യര്‍ത്ഥനകള്‍ നടത്തുന്നത്.

'ഒരു ഫെയ്‌സ് ബുക്ക് ഗ്രൂപ്പില്‍, 50 രാജ്യങ്ങളില്‍ നിന്നുള്ള 14,000 ആളുകള്‍, എല്ലാവരും അവരുടെ വീട്ടിലേക്ക് മടങ്ങാന്‍ സഹായത്തിനായി പരസ്പരം തേടുന്നു, ഇതിന് ഒരു പരിഹാരം കണ്ടെത്താന്‍ ഞങ്ങള്‍ യു.എ.ഇയോട് ആവശ്യപ്പെടുന്നു', എന്നാണ് #bringbackuaeresidents എന്ന ഹാഷ് ടാഗില്‍ മെയ് 18ന് ട്വിറ്ററില്‍ കുറിച്ച ഒരു കുറിപ്പ്.

'ഒമ്പത് ആഴ്ചയില്‍ കൂടുതലായി ഞങ്ങളുടെ വീടുകള്‍, ജോലി, വളര്‍ത്തുമൃഗങ്ങള്‍, പ്രിയപ്പെട്ടവര്‍ എന്നിവരില്‍ നിന്ന് അകന്നു കഴിയുകയാണ്. എന്‍ട്രി പെര്‍മിറ്റിനായുള്ള ഞങ്ങളുടെ അപേക്ഷ സിസ്റ്റം യാന്ത്രികമായി നിരസിക്കുന്നു ഞങ്ങള്‍ക്ക് അതിര്‍ത്തികള്‍ തുറന്നു തരിക' ' എന്നാണ് മറ്റൊരു ട്വിറ്റര്‍ അഭ്യര്‍ത്ഥന.

'എനിക്ക് വിട്ടുമാറാത്ത രോഗമാണ്, ഞങ്ങളുടെ ഏക വരുമാന മാര്‍ഗ്ഗം ഭര്‍ത്താവിന്റെ ജോലിയാണ്, മടങ്ങിവരുന്നതുവരെ ശമ്പളമില്ലാത്ത അവധിയില്‍ പ്രവേശിച്ചിരിക്കുകയാണ് അദ്ദേഹം. ഈ മഹാമാരി സമയത്ത് ഞങ്ങള്‍ വൈദ്യശാസ്ത്രപരമായ പരിരക്ഷ ഇല്ലാത്ത ഇവിടെ ഞങ്ങള്‍ കുടുങ്ങിക്കിടക്കുന്നു. ദിവസ വാടകയ്ക്ക് നില്‍ക്കുകയാണ്. ഇപ്പോള്‍ രണ്ടു മാസത്തിലേറെയായി', എന്നാണ് മറ്റൊരു ട്വിറ്റര്‍ സന്ദേശത്തില്‍ പറയുന്നത്.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി ഇത്തരത്തില്‍ കുടുങ്ങി കിടക്കുന്നവര്‍ ഇപ്പോള്‍ വിവിധ വാട്ട്‌സാപ്പ് ഗ്രൂപ്പുകള്‍ ഉണ്ടാക്കി തിരിച്ച് പോക്കിനുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയാണ്. മഹാരാഷ്ട്രയില്‍ നിന്നുള്ള 165 പേര്‍, കേരളത്തില്‍ നിന്നുള്ള 83 പേര്‍, തമിഴ്‌നാട് 75, കര്‍ണാടക 63, ഡല്‍ഹി 42, ഗുജറാത്തില്‍ നിന്നുള്ള 41 പേരും ഇത്തരത്തില്‍ വാട്ട്‌സാപ്പ് ഗ്രൂപ്പുകളിലായി ബന്ധം സ്ഥാപിച്ചിരിക്കുന്നത്.

യു.എ.ഇയില്‍ നിക്ഷേപ വിസയില്‍ ജീവിക്കുന്ന 32 കാരനായ മുംബൈ സ്വദേശി ആശിഷ് ഗുപ്ത, മാര്‍ച്ച് 17നാണ് ഭാര്യയോടും രണ്ട് മക്കളോടും ഒന്നിച്ച് ഒരു കുടുംബ ചടങ്ങില്‍ പങ്കെടുക്കാനായി നാട്ടിലെത്തിയത്. ഇപ്പോള്‍ യു.എ.ഇയിലേക്ക് തിരിച്ച് പോവാനാവാതെ മുംബൈയില്‍ കുടുങ്ങിയിരിക്കുകയാണ്. കഴിഞ്ഞ രണ്ടു വര്‍ഷമായി നിക്ഷേപക വിസയില്‍ യു.എ.ഇയില്‍ താമസിക്കുന്ന ഗുപ്ത, എല്ലാ വര്‍ഷവും രണ്ടു മൂന്നു തവണ ഇന്ത്യയില്‍ എത്താറുണ്ട്. എന്നാല്‍, കഴിഞ്ഞ മാര്‍ച്ച് 17ന് നാട്ടിലെത്തിയ ഗുപ്തയും കുടുംബവും ഇപ്പോള്‍ രണ്ടു മാസമായി ഒരു ബന്ധുവിന്റെ വീട്ടിലാണ് താമസിക്കുന്നത്. എപ്പോള്‍ തിരിച്ച് പോകാനാവും എന്ന് ഒരു ഉറപ്പുമില്ലെന്ന് ഗുപ്ത പറയുന്നു. തന്റെ ബിസിനസ് ഒരുപാട് അനിശ്ചിതത്വത്തിലാണ്, ബില്ലുകളും ശമ്പളവും കുമിഞ്ഞ് കൂടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നാലു വയസ്സുള്ള മകന്റെ ശസ്ത്രക്രിയയെ കുറിച്ച് ഡോക്ടറുമായി കൂടിയാലോചിക്കാനാണ് 26 കാരിയായ വിഷ്ണു പ്രിയ ചെന്നൈയിലേക്ക് വന്നത്. ഭര്‍ത്താവ് ദുബൈയില്‍ തനിച്ചാണ്, അദ്ദേഹത്തിന് കോവിഡ്-19 രോഗം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. മകനും വിഷ്ണു പ്രിയയും എത്രയും പെട്ടെന്ന് ദുബൈയില്‍ എത്താനുള്ള വ്യഗ്രതയിലാണ്.

ഏപ്രില്‍ അവസാനത്തോടെ യു.എ.ഇ, ലോക്ക്ഡൗണില്‍ അയവ് വരുത്തിയതോടെ, ഇന്ത്യയില്‍ കുടുങ്ങി കിടക്കുന്ന പ്രവാസികളില്‍ മിക്കവരും യു.എ.ഇയിലേക്ക് തിരിച്ച് പോകുന്നതിനായി യു.എ.ഇ സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പേര് റെജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍, അവരില്‍ പലരുടെയും അപേക്ഷകള്‍ നിരസിക്കപ്പെടുകയോ അല്ലെങ്കില്‍ ഇപ്പോഴും അണ്ടര്‍ പ്രൊസസിങ്ങിലാണെന്ന സന്ദേശമോ ആണ് ലഭിച്ചിരിക്കുന്നതെന്നാണ് അശിഷ് ഗുപ്ത പറയുന്നത്. ഇക്കാര്യത്തില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ മുന്‍കൈയ്യെടുത്ത് തങ്ങളെ യു.എ.ഇയിലേക്ക് തിരിച്ച് കൊണ്ടു പോകുന്നതിനുള്ള വിമാന സര്‍വ്വീസ് ആരംഭിക്കണമെന്നാണ് തങ്ങളുടെ ആവശ്യം എന്നാണ് അദ്ദേഹം പറയുന്നത്.

എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ഔദ്യോഗിക ബ്ലോഗിലെ വിവരം അനുസരിച്ച്, വന്ദേ ഭാരത് മിഷനു കീഴില്‍ മെയ് 16 നും 23 നും ഇടയില്‍ കുറഞ്ഞത് 16 വിമാനങ്ങളെങ്കിലും ദുബായിലേക്കും അബുദാബിയിലേക്കും സര്‍വ്വീസ് നിശ്ചയിച്ചിട്ടുണ്ട്. എന്നാല്‍, തങ്ങള്‍ക്ക് ഇതുവരെ ടിക്കറ്റൊന്നും ലഭിച്ചിട്ടില്ലെന്ന് ഗുപ്ത പറഞ്ഞു. ഈ വിമാനങ്ങള്‍ക്കുള്ള ബുക്കിംഗ് ഇതുവരെ ആരംഭിച്ചിട്ടില്ല, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, സ്വദേശികളായ പൗരന്മാരെ കൊണ്ടു പോകുന്നതിനുള്ള യാത്രക്കാരെ നിശ്ചയിക്കുന്നത് എംബസികളാണ്. അതിന്റെ അടിസ്ഥാനത്തിലാണ് എയര്‍ ലൈന്‍ ടിക്കറ്റിങ് നടത്തുന്നത് എന്നാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ്സിലെ കോര്‍പ്പറേറ്റ് കമ്മ്യൂണിക്കേഷന്‍ മേധാവി ജി പ്രഗീഷ് പറയുന്നത്.


Next Story

Related Stories