സൗദി അറേബ്യയില്‍ ടൂറിസം മേഖലയില്‍ തൊഴിലവസരം വര്‍ധിപ്പിക്കാനുള്ള പദ്ധതികള്‍ ആരംഭിച്ചതായി ടൂറിസം മന്ത്രി അഹമ്മദ് അല്‍ ഖത്തീബ്. 2030ഓടെ വര്‍ഷത്തില്‍ 10 കോടി വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ടുള്ള പദ്ധതികളാണ് സൗദി ആസൂത്രണം ചെയ്യുന്നത്. സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ പങ്കാളികളുമായി സഹകരിച്ചാണ് മന്ത്രാലയം പദ്ധതി നടപ്പാക്കുന്നത്. 2030 ആകുമ്പോഴേക്കും പത്ത് ലക്ഷത്തോളം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നാണ് പ്രഖ്യാപനം. നിലവില്‍ ജോലി ചെയ്യുന്ന 6 ലക്ഷം പേരില്‍ ഭൂരിഭാഗവും വിദേശികളാണ്. 2030ഓടെ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ 16 ലക്ഷമായി ഉയരും.
ആഗോള സഞ്ചാര കേന്ദ്രമാക്കി സൗദിയെ മാറ്റുന്നതിന്റെ ഭാഗമായി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് പ്രഖ്യാപിച്ച സ്വപ്ന പദ്ധതികളായ റെഡ് സീ, നിയോം മെഗാ സിറ്റി, ഖിദ്ദിയ എന്നിവ യാഥാര്‍ഥ്യമാകുന്നതോടെ ലോക സഞ്ചാരികളുടെ ശ്രദ്ധാകേന്ദ്രമായി രാജ്യം മാറും. 5 പുതിയ പദ്ധതികള്‍ കൂടി ഉടന്‍ പ്രഖ്യാപിക്കും. 10 വര്‍ഷത്തിനിടെ സ്വകാര്യമേഖലയില്‍ 5 ലക്ഷം ഹോട്ടല്‍ മുറികളും സജ്ജമാക്കുമെന്നും മന്ത്രി പറഞ്ഞു.
ടൂറിസം മേഖലയിലെ ജോലികള്‍ ക്രമേണ പ്രാദേശികവല്ക്കരിക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. ഈ മേഖലയിലെ ജോലികള്‍ ഏറ്റെടുക്കുന്നതിന് യോഗ്യതയുള്ളവരെ ആകര്‍ഷിക്കുക. വിനോദസഞ്ചാരമേഖലയില്‍ പ്രാദേശിക മാനവ മൂലധനത്തിന്റെ വളര്‍ച്ച കൈവരിക്കുന്നതിന് സര്‍ക്കാര്‍ ഏജന്‍സികളുമായും സ്വദേശത്തും വിദേശത്തുമുള്ള സ്വകാര്യമേഖലയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുക,സംരംഭകര്‍ക്കും സ്വയംതൊഴിലാളികള്‍ക്കും ധാരാളം അവസരങ്ങളുള്ളതിനാല്‍ ടൂറിസം മേഖലയില്‍ പുതിയ പാതകളും തൊഴിലവസരങ്ങളും കണ്ടെത്തുന്നതും പുതിയ പദ്ധതികളുടെ ഭാഗമാണെന്നും മന്ത്രി പറഞ്ഞു.