സോഷ്യൽ മീഡിയയിൽ മുസ്ലിംകളുടെ മതവികാരം വ്രണപ്പെടുത്തി, ഇസ്ലാമിനെ അപമാനിച്ചു എന്നീ ആരോപണങ്ങളിൽ അബുദാബിയില്‍ ഒരു ഇന്ത്യക്കാരനെതിരെ കേസ്. അബുദാബി ആസ്ഥാനമായുള്ള ഒരു സ്ഥാപനത്തിലെ ഫിനാൻഷ്യൽ മാനേജറായ മിതേഷിനെതിരെയാണ് നടപടി. ‘ജിഹാദി കൊറോണ വൈറസ് സൂയിസൈഡ് സ്പിറ്റർ’ എങ്ങിനെയാണ് 2,000 പേരെ കൊല്ലുന്നതെന്നും, ഒരു ബോംബ് ഉപയോഗിച്ച് 20 പേരെ കൊല്ലുന്നത് തമ്മിലുള്ള വ്യതാസവും ബന്ധപ്പെടുത്തിയുള്ള ഗ്രാഫിക് ഇമേജുകളായിരുന്നു ഇയാൾ പ്രചരിപ്പിച്ചത്.
മുസ്ലിം മത പുരോഹിതര്‍ ഇന്ത്യന്‍ പോലീസിനു നേരെ കാര്‍ക്കിച്ചു തുപ്പുന്നു എന്ന് കാണിക്കുന്ന ഒരു വ്യാജ വീഡിയോയും ഇയാള്‍ പോസ്റ്റ് ചെയ്തിരുന്നു. ഉടന്‍തന്നെ ഇയാളെ കമ്പനിയില്‍നിന്നും പുറത്താക്കണമെന്നും അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടുകൊണ്ട് സമൂഹ മാധ്യമങ്ങളില്‍ തന്നെ നിരവധി പോസ്റ്റുകള്‍ പ്രത്യക്ഷപ്പെടുകയും ചെയ്തു. മിതേഷ് ജോലി ചെയ്യുന്ന കമ്പനിയും ആരോപണത്തെ കുറിച്ച് അന്വേഷിക്കുന്നുണ്ട്.
യുഎഇയിൽ ഒരു ഇവന്റ് മാനേജ്മെന്റ് കമ്പനി നടത്തുന്ന എസ്. ഭണ്ഡാരി എന്ന ആള്‍ക്കെതിരെയും സമാനമായ കേസുണ്ട്. അദ്ദേഹത്തിന്റെ കമ്പനിയില്‍ തൊഴില്‍ അന്വേഷിച്ചു ചെന്ന ഇന്ത്യക്കാരനായ ഒരു മുസ്ലിം യുവാവിനോട് ജോലിവേണമെങ്കില്‍ ‘പാക്കിസ്ഥാനില്‍ പോകാന്‍’ പറഞ്ഞുവെന്നാണ് ആരോപണം.
2015 ൽ പാസാക്കിയ നിയമപ്രകാരം യുഎഇ എല്ലാ മതപരവും വംശീയവുമായ വിവേചനവും ക്രിമിനല്‍ കുറ്റമാക്കിയിട്ടുണ്ട്. ‘മതം, ജാതി, സിദ്ധാന്തം, വംശം, നിറം തുടങ്ങിയവ അടിസ്ഥാനമാക്കി വ്യക്തികളോ സംഘങ്ങളോ വിവേചനം കാണിച്ചാല്‍’ അത് ക്രിമിനല്‍ കുറ്റമാണ് എന്നാണ് നിയമത്തില്‍ പറയുന്നത്.