രാജ്യത്തേക്ക് തിരിച്ചെത്തുന്ന യുഎഇ വിസക്കാര്‍ക്ക് കോവിഡ് പരിശോധനയ്ക്കായി വിവിധ രാജ്യങ്ങളിലെ കൂടുതല്‍ ലബോറട്ടറികള്‍ക്ക് അംഗീകാരം നല്കി. അതതു രാജ്യങ്ങളിലെ സര്‍ക്കാര്‍ അംഗീകൃത ലബോറട്ടറികളില്‍നിന്നുള്ള പിസിആര്‍ പരിശോധനാ ഫലം അംഗീകരിക്കാനാണ് യുഎഇയുടെ പുതിയ തീരുമാനം.നിലവില്‍ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പിന്റെ (ഐസിഎ) വെബ്സൈറ്റില്‍ റജിസ്റ്റര്‍ ചെയ്ത് അംഗീകാരം ലഭിക്കുന്നവര്‍ക്കു മാത്രമേ യുഎഇയിലേക്കു പ്രവേശനമുള്ളു.
ദുബായ് വീസക്കാര്‍ ജിഡിആര്‍എഫ്എ വെബ്സൈറ്റിലാണ് റജിസ്റ്റര്‍ ചെയ്യേണ്ടത്. 12 വയസിനു താഴെയുള്ളവര്‍ക്ക് പിസിആര്‍ പരിശോധന നിര്‍ബന്ധമില്ല. ഇങ്ങനെ അനുമതി ലഭിക്കുന്നവര്‍ 96 മണിക്കൂറിനകം എടുത്ത കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാലാണ് യാത്രാനുമതി നല്‍കുകയെന്ന് ദേശീയ അത്യാഹിത, ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. കുടുംബാംഗങ്ങള്‍ യുഎഇയിലുള്ളവര്‍ക്കും വീസാ കാലാവധി തീര്ന്നിട്ടില്ലാത്തവര്ക്കുമാണ് ആദ്യഘട്ടത്തില്‍ അനുമതി ലഭിക്കുക. മാസ്കും ഗ്ലൗസും ധരിച്ചിരിക്കണം. തിരിച്ചെത്തുന്നവര്‍ അല്‍ഹൊസന്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യുകയും വേണം.