യുഎഇയില്‍ ഇന്ത്യന്‍ വംശജര്‍ അടക്കം 74 പേര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. പുതുതായി 15 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. തിങ്കളാഴ്ച 14 രോഗബാധ സ്ഥിരീകരിച്ചതിന് പുറമെയാണിത്. മൂന്ന് ഇറ്റലിക്കാര്‍, രണ്ട് ഇമറാത്തികള്‍, ബ്രിട്ടന്, ശ്രീലങ്ക, ഇന്ത്യ എന്നിവിടങ്ങളില്‍ നിന്നും രണ്ടുപേര്‍ വീതവും ജര്‍മനി, ദക്ഷിണാഫ്രിക്ക, ടാന്‍സാനിയ, ഇറാന് എന്നിവിടങ്ങളില്‍ നിന്നും ഓരോരുത്തര്‍ക്കുമാണ് പുതിയതായി കോവിഡ്-19 സ്ഥിരീകരിച്ചത്. രോഗബാധയുള്ളവരുമായി നേരിട്ട് ഇടപഴകിയവരും വിദേശത്തുനിന്നും രാജ്യത്തെത്തിയവരും ഇവരിലുണ്ട്.
ദുബായ് ഇന്ത്യന്‍ സ്കൂളിലെ വിദ്യാര്‍ഥിനിയടക്കം ആറ്് ഇന്ത്യക്കാര്‍ക്കാണ് ഇപ്പോള്‍ രോഗബാധയുള്ളത്. നിലവില്‍ ചികിത്സയില്‍ കഴിയുന്ന ആരുടെയും ആരോഗ്യ സ്ഥിതിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്നാണ് റിപോര്‍ട്ട്. രോഗം സ്ഥിരീകരിച്ചവരില്‍ 17 പേര് സുഖം പ്രാപിച്ചതായും മന്ത്രാലയം അറിയിച്ചു.രാജ്യത്തെ എല്ലാ ആരോഗ്യ അധികാരികളും പ്രതിരോധനടപടികളുമായി മുന്നോട്ടുപോകുന്നുണ്ടെങ്കിലും തുടര്‍ച്ചയായി രോഗബാധ സ്ഥിരീകരിക്കുന്നത് പൊതുജനങ്ങളില്‍ ആശങ്കയുണ്ടാക്കുന്നുണ്ട്. കോവിഡ്-19 രോഗബാധ പടര്‍ന്നുപിടിച്ച ചൈന, ഹോങ്കോങ്, ഇറ്റലി, ഇറാന്, ദക്ഷിണ കൊറിയ, ജപ്പാന്, ജര്‍മനി, സിങ്കപ്പൂര്‍, ഫ്രാന്‍സ് എന്നിവിടങ്ങളില്‍ നിന്നുവരുന്ന യാത്രക്കാര്‍ 14 ദിവസത്തേക്ക് നിരീക്ഷണത്തില്‍ കഴിയേണ്ടിവരുമെന്ന് ദുബായ് ഹെല്‍ത്ത് അതോറിറ്റി (ഡി.എച്ച്.എ.) അറിയിച്ചു.