യുഎഇയില്‍ പത്ത് വര്‍ഷം താമസാനുമതി നല്കുന്ന ഗോള്‍ഡന്‍ വിസ കൂടുതല്‍ തൊഴില്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ആണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. പിഎച്ച്.ഡി. നേടിയവര്‍, ഡോക്ടര്‍മാര്‍, കംപ്യൂട്ടര്‍, ഇലക്ട്രോണിക്സ്, പ്രോഗ്രാമിങ്, ഇലക്ട്രിക്കല്‍സ്, ഇലക്ട്രോണിക്സ് ആന്‍ഡ് ആക്ടീവ് ടെക്നോളജി എന്നീ വിഭാഗങ്ങളിലെ എന്‍ജിനിയര്‍മാര്‍ എന്നിവര്‍ക്കുകൂടി ഗോള്‍ഡന്‍ വിസ ലഭ്യമാക്കാനാണ് തീരുമാനം.
അംഗീകൃത സര്‍വകലാശാലകളില്‍നിന്ന് 3.8-ല്‍ കൂടുതല്‍ സ്കോര്‍ നേടുന്നവര്‍ക്കും ഇത്തരം വിസ ലഭിക്കും.ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ്, ബിഗ് ഡേറ്റാ ആന്‍ഡ് വൈറസ് എപ്പിഡമിയോളജി എന്നീ രംഗങ്ങളില്‍ ബിരുദമുള്ള വിദഗ്ധര്‍ക്കും ഗോള്‍ഡന്‍ വിസ ലഭിക്കുമെന്ന് ശൈഖ് മുഹമ്മദ് ട്വീറ്റ് ചെയ്തു. 2019 മേയിലാണ് യു.എ.ഇ. ഗോള്‍ഡന്‍ വിസ ആരംഭിക്കുന്നത്. അനിശ്ചിതകാലത്തേക്ക് യു.എ.ഇ.യില്‍ താമസിക്കാന്‍ അനുവദിക്കുന്ന വിസയെന്ന നിലയിലായിരുന്നു ആദ്യപ്രഖ്യാപനം. എന്നാല്‍, പിന്നീട് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്സ് വിസയുടെ കാലാവധി 10 വര്‍ഷത്തേക്കാണെന്നും പുതുക്കാനാവുമെന്നും വിശദീകരിച്ചു.