TopTop
Begin typing your search above and press return to search.

പ്രവാസികള്‍ക്ക് വീണ്ടും തിരിച്ചടി; ഇന്ത്യക്കാര്‍ക്കുള്ള പ്രവേശന വിലക്ക് യുഎഇ ജൂലൈ ആറുവരെ നീട്ടി

പ്രവാസികള്‍ക്ക് വീണ്ടും തിരിച്ചടി; ഇന്ത്യക്കാര്‍ക്കുള്ള പ്രവേശന വിലക്ക് യുഎഇ ജൂലൈ ആറുവരെ നീട്ടി

ഇന്ത്യക്കാര്‍ക്കുള്ള പ്രവേശന വിലക്ക് യുഎഇ നീട്ടി. കോവിഡ് വ്യാപനം തുടയുന്നതിനായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ജൂലൈ ആറുവരെ തുടരുമെന്നാണ് പുതിയ അറിയിപ്പ്. അതുവരെ ഇന്ത്യക്കാര്‍ക്ക് നേരിട്ട് യുഎയില്‍ പ്രവേശിക്കാന്‍ കഴിയില്ല. ഗള്‍ഫിലേക്ക് മടങ്ങാനിരിക്കുന്ന പതിനായിരക്കണക്കിന് പ്രവാസികളെ ബാധിക്കുന്നതാണ് തീരുമാനം.

യുഎഇ സിവില്‍ ഏവിയേഷന്‍ ജനറല്‍ അതോറിറ്റിയുടെ തീരുമാനം എയര്‍ ഇന്ത്യ എക്‌സ്പ്രസാണ് ട്വിറ്ററില്‍ അറിയിച്ചത്. ജൂലൈ ആറുവരെ പ്രവേശന വിലക്ക് നീട്ടിയതിനാല്‍, ഈ ദിവസങ്ങളില്‍ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ അതനുസരിച്ച് ഷെഡ്യൂളില്‍ മാറ്റം വരുത്തണമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. അതേസമയം, എമിറേറ്റ്‌സും ഇത്തിഹാദും ഇതുവരെ പ്രതികരിച്ചിട്ടില്ല.

കോവിഡ് വ്യാപനം രൂക്ഷമായതോടെ ഏപ്രില്‍ 24നാണ് യുഎഇ ഇന്ത്യക്കാര്‍ക്ക് നേരിട്ടുള്ള പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയത്. ജൂണ്‍ 14വരെയായിരുന്നു വിലക്ക്. ഇന്ത്യയിലെ കോവിഡ് സാഹചര്യം കണക്കിലെടുത്ത് തീരുമാനത്തില്‍ ഇളവ് കൊണ്ടുവരുമെന്നും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, രണ്ടാം തരംഗത്തില്‍ രോഗവ്യാപനം വര്‍ധിച്ചതോടെ വിലക്ക് ജൂണ്‍ 30 വരെ നീട്ടി. യുഎഇ പൗരന്മാര്‍, ഡിപ്ലോമാറ്റുകള്‍, യുഎഇ ഗോള്‍ഡന്‍ വിസ ഉള്ളവര്‍ എന്നിവരൊഴികെ ഇന്ത്യയില്‍ നിന്നുള്ള ആര്‍ക്കും പ്രവേശനം അനുവദിച്ചില്ല. ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞുതുടങ്ങിയ സാഹചര്യത്തില്‍, ജൂണ്‍ അവസാനത്തോടെ തന്നെ വിലക്ക് നീക്കിയേക്കുമെന്ന പ്രതീക്ഷയിലായിരുന്നു പതിനായിരക്കണക്കിന് മലയാളികള്‍ ഉള്‍പ്പെടെ പ്രവാസികള്‍. യു എഇക്കു പുറമേ ഒമാന്‍, കുവൈത്ത്, സൗദി അറേബ്യ എന്നീ രാജ്യങ്ങളും ഇന്ത്യക്കാര്‍ക്ക് നേരിട്ട് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. താമസ വിസക്കാര്‍ക്ക് ബഹ്റൈന്‍, ഖത്തര്‍ എന്നീ രാജ്യങ്ങള്‍ പ്രവേശനം അനുവദിക്കുന്നുണ്ട്.


Next Story

Related Stories