യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് മടങ്ങുന്നവര്‍ക്ക് ഇനിമുതല്‍ എംബസിയിലോ കോണ്‍സുലേറ്റിലോ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതിലെന്ന് അധികൃതര്‍. യാത്രക്കാര്‍ക്ക് അവരവരുടെ ടിക്കറ്റുകള്‍ നേരിട്ട് ബുക്ക് ചെയ്യാം. എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസും നടത്തുന്ന ഇന്ത്യയിലേക്കുള്ള എല്ലാ വന്ദേ ഭാരത് മിഷന് (വിബിഎം) വിമാനങ്ങളും ഇതില്‍ ഉള്‍പ്പെടും. ഇന്ത്യ-യു.എ.ഇ.എയര്‍ബബിള്‍ ഉടമ്പടി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് രജിസ്ട്രേഷനില്ലാതെ യാത്ര ചെയ്യാന്‍ അനുമതി ലഭിക്കുന്നത്.
ഇന്ത്യന്‍ ആഭ്യന്തര മന്ത്രാലയവും (എംഎച്ച്എ) സിവില്‍ ഏവിയേഷന്‍ മന്ത്രാല(മോക)യവുമാണ് പ്രഖ്യാപനം നടത്തിയത്. യുഎഇ ഉള്‍പ്പെടെ മൊത്തം ഏഴ് രാജ്യങ്ങള്‍ക്ക് ഇത് ബാധകമാണ്. എയര്‍ഇന്ത്യ, എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനടിക്കറ്റിനായി കോണ്‍സുലേറ്റ് വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് ഓണ്‍ലൈന്‍ വഴി ടിക്കറ്റെടുക്കുന്ന രീതിയായിരുന്നു നിലവിലുണ്ടായിരുന്നത്. അതേസമയം യാത്രക്കാര്‍ എയര്‍ സുവിധയില്‍ രജിസ്ട്രേഷന് നടത്തണം.
യുഎഇക്ക് പുറമെ യുഎസ്, യുകെ, ഫ്രാന്‍സ്, കാനഡ, ജര്‍മ്മനി, ഖത്തര്‍ എന്നിവ ഉള്‍പ്പെടുന്ന രാജ്യങ്ങളില്‍ ഇന്ത്യ ഒരു 'എയര്‍ ട്രാന്‍സ്പോര്‍ട്ട് ബബിള്‍' ക്രമീകരണത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ഇതുവരെ ഈ കരാറിന്റെ ഭാഗമായ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് മടങ്ങുന്ന യാത്രക്കാര്‍ക്കുള്ള സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രോട്ടോക്കോള്‍ ഇന്ത്യന്‍ സിവില്‍ ഏവിയേഷന്‍ മന്ത്രാലയം വിശദീകരിച്ചു. വന്ദേഭാരത് മിഷന് യാത്രക്കാര്‍ ഇന്ത്യയിലേക്ക് മടങ്ങുന്നതിനു മുമ്പ് യുഎഇയിലെ ഇന്ത്യന്‍ മിഷനുകളില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതില്ലെന്ന് ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് വ്യക്തമാക്കി.
അബുദാബി, ഷാര്‍ജ വിമാനത്താവളങ്ങളില്‍നിന്നും പോകുന്നവര്‍ക്ക് പി.സി.ആര്. ടെസ്റ്റ് നടത്തിയിരിക്കണം. എന്നാല്‍, ഇന്ത്യയിലേക്ക് ദുബായ് അന്താരാഷ്ട്ര വിമാനത്താവളം വഴി പോകുന്നവര്‍ക്ക് കോവിഡ് പരിശോധന നിര്‍ബന്ധമില്ലെന്ന് എയര്‍ഇന്ത്യ എക്സ്പ്രസ് അധികൃതര്‍ അറിയിച്ചു. അതേസമയം, ഇന്ത്യയില്‍ നിന്നും വിദേശത്തേക്കുള്ള സാധാരണ വിമാനസര്‍വീസ് ഈ മാസം 30 വരെ പുനരാരംഭിക്കില്ലെന്നും ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, വന്ദേഭാരത് ദൗത്യവും കാര്‍ഗോ വിമാന സര്‍വീസും തുടരും.