മതത്തിന്റെപേരില്‍ അസഹിഷ്ണുത വളര്‍ത്തുന്നവര്‍ക്ക് യുഎഇയില്‍ കടുത്തശിക്ഷ നല്‍കുമെന്ന് അബുദാബി ജുഡീഷ്യല്‍ വകുപ്പ് അറിയിച്ചു. മതപരമായ വിവേചനം നടത്തുകയും കുറ്റകൃത്യമാണെന്ന് കണ്ടെത്തുകയും ചെയ്താല്‍ പിടിക്കപ്പെടുന്നവര്‍ക്ക് അഞ്ചുവര്‍ഷം തടവും രണ്ടുകോടിരൂപ പിഴയും ലഭിക്കും. ഏതെങ്കിലും മതം, വിശുദ്ധഗ്രന്ഥങ്ങള്‍, ആരാധനാലയങ്ങള്‍ തുടങ്ങിയവയെ അപമാനിക്കുന്ന ഏതൊരുപ്രവൃത്തിയും കുറ്റകൃത്യമായി കണക്കാക്കും. വ്യക്തികളെ ജാതി, മതം, നിറം എന്നിവയുടെ അടിസ്ഥാനത്തില്‍ വേര്തിരിക്കുന്നതിനെതിരാണ് യുഎഇയിലെ നിയമമെന്നും ജുഡീഷ്യല്‍ ഡിപ്പാര്‍ട്ട്മെന്റ് വക്താവ് അമീന അല്‍ മസ്രൂയി പറഞ്ഞു.
രാജ്യത്തുതാമസിച്ചുകൊണ്ട് ഫെയ്സ്ബുക്ക്, വാട്സാപ്പ് ഉള്‍പ്പെടെയുള്ള സാമൂഹികമാധ്യമങ്ങളിലൂടെയുള്ള മതനിന്ദയും അനുവദിക്കില്ല. സാമൂഹികമാധ്യമങ്ങളിലെ ഉള്ളടക്കം അധികൃതര്‍ കര്‍ശനമായി നിരീക്ഷിക്കുന്നുണ്ട്. പരസ്പരം തിരിച്ചറിയില്ലെന്ന ധൈര്യത്തില്‍ വ്യത്യസ്ത പശ്ചാത്തലത്തിലുള്ള ആളുകള്‍ക്ക് ഓണ്‍ലൈനില്‍ എന്തുംപറയാമെന്ന ധാരണ നല്ലതല്ല. അവര്‍ തിരിച്ചറിയപ്പെടുകയും അവഹേളനങ്ങള്‍ക്ക് നടപടി നേരിടേണ്ടിവരുകയുംചെയ്യും.
മറ്റുള്ളവരുടെ വിശ്വാസങ്ങളെയും വികാരങ്ങളെയും മുറിപ്പെടുത്താന്‍ ആര്‍ക്കും അധികാരമില്ല. എല്ലാ മനുഷ്യരെയും ബഹുമാനിക്കുകയും അവര്‍ക്ക് ന്യായമായ സേവനങ്ങളും നീതിയും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയുമാണ് യു.എ.ഇ.യുടെ രീതി. മതം, ദേശീയത, സംസ്കാരം ഇവയൊന്നും നോക്കാതെ യു.എ.ഇ.യില്‍ എല്ലാ മനുഷ്യര്‍ക്കും തുല്യനീതിയാണ് നല്‍കുന്നത്. മതം ഏതായാലും അതിലെ വിശുദ്ധകാര്യങ്ങളെ കുറ്റപ്പെടുത്തുക, മതപരമായ ആചാരങ്ങള്‍ അക്രമത്തിലൂടെ തടസ്സപ്പെടുത്തുക, ആരാധനാലയങ്ങളെയും അതുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളുടെയും പവിത്രത നശിപ്പിക്കുക തുടങ്ങിയ കുറ്റങ്ങള്‍ക്ക് കടുത്തശിക്ഷയാണ് ലഭിക്കുകയെന്നും ജുഡീഷ്യല്‍ വകുപ്പ് അറിയിച്ചു.