ഒമാൻ തലസ്ഥാനമായ മസ്കത്തിനടുത്ത് പ്രവാസി തൊഴിലാളികളായ ആറ് പേർ കോണ്‍ക്രീറ്റ് പൈപ്പിനുള്ളില്‍ മരിച്ച നിലയിൽ കണ്ടെത്തി. മരിച്ചവർ ഏഷ്യക്കാരാണെന്നു മാത്രമാണ് ഇതുവരെ പുറത്ത് വിട്ട വിവരം. എയര്‍പോര്‍ട്ട് ഹൈറ്റ്സിലാണ് തൊഴിലാളികള്‍ അപകടത്തില്‍പെട്ടതെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു.
ഒമാനില്‍ കഴിഞ്ഞ ദിവസം ശക്തമായ മഴ പെയ്തിരുന്നു. കനത്ത മഴയിലും തൊഴിലാളികൾ സൈറ്റിൽ പണി തുടർന്നിരുന്നതായും ഇതിനിടെയാണ് അപകടം ഉണ്ടായതെന്നാണ് റിപ്പോർട്ട്. പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഡിഫൻസ് ആന്റ് ആംബുലൻസ് ഉദ്യോഗസ്ഥൻ അറിയിച്ചതായി ടൈംസ് ഓഫ് ഒമാൻ റിപ്പോർട്ട് ചെയ്യുന്നു.
300 മീറ്ററോളം നീളമുള്ള കോൺക്രീറ്റ് പൈപ്പിന്റെ 14 മീറ്ററോളം താഴെ ചെളിയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു ആറുപേരുമെന്നാണ് റിപ്പോർട്ട്. പൈപ്പില്‍ നിന്ന് വലിയ പമ്പ് സൈറ്റുകള്‍ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്ത് കളഞ്ഞശേഷമായിരുന്നു മൃതദേഹങ്ങള്‍ പുറത്തെടുക്കാനായത്.
ഞായറാഴ്ചയാണ് ആറു തൊഴിലാളികളെ കാണാതായെന്ന് അധികൃതര്‍ക്ക് വിവരം ലഭിച്ചത്. പിന്നാലെ രക്ഷാ പ്രവർത്തനം ആരംഭിച്ചെങ്കിലും 12 മണിക്കൂറിലധികം നീണ്ട പ്രയത്നത്തിന് ഒടുവിലാണ് മൃതദേഹങ്ങൾ കണ്ടെത്താനായത്. ഒരു വാട്ടർ പൈപ്പ്ലൈൻ പദ്ധതിയുടെ ഭാഗമായി പ്രവർത്തിച്ചിരുന്നവരാണ് അപകടത്തിൽപ്പെട്ടത്. തുരങ്കത്തിനുള്ളിൽ ജോലി ചെയ്തിരുന്നരുടെ അടുത്തേക്ക് പെട്ടെന്ന് മഴവെള്ളം വന്നതോടെ കുടുങ്ങിപ്പോവുകയായിരുന്നു എന്നാണ് വിവരം.
അപകട സ്ഥലത്തുനിന്നുള്ള ചിത്രങ്ങൾ പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഡിഫൻസ് ആന്റ് ആംബുലൻസ് പുറത്തുവിട്ടു. ഇവർ ഏത് രാജ്യക്കാരാണെന്നോ ഇവരെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളോ പൊലീസ് പുറത്തുവിട്ടിട്ടില്ല. അതേസമയം, ആറ് തൊഴിലാളികളുടെ മരണത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് ജനറൽ ഫെഡറേഷൻ ഓഫ് ഒമാൻ വർക്കേഴ്സ് (GFOW) സംഘടനയിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു, തൊഴിലാളികൾക്ക് സംഭവിച്ച അപകടത്തിൽ ഖേദം പ്രകടിപ്പിക്കുന്നു.
സംഭവത്തിന്റെ സാഹചര്യങ്ങൾ വ്യക്തമാക്കാനും ഇക്കാര്യത്തിൽ ആവശ്യമായ നിയമ നടപടിക്രമങ്ങൾ സ്വീകരിക്കാനും ബന്ധപ്പെട്ട എല്ലാ അധികാരികളോടും ആവശ്യപ്പെടുമെന്നും സംഘടന അറിയിച്ചു. മരിച്ച ആറ് തൊഴിലാളികളുടെ ദേശീയത അറിയാൻ, ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ റോയൽ ഒമാൻ പോലീസുമായി ബന്ധപ്പെട്ട് വരികയാണെന്ന് അധികൃതരും വ്യക്തമാക്കി.