TopTop
Begin typing your search above and press return to search.

സൗദിയുടെ 500 സൈനികരെ വധിച്ചുവെന്നും 2000 പേരെ പിടികൂടിയെന്നും യെമനിലെ ഹൂതികള്‍

സൗദിയുടെ 500 സൈനികരെ വധിച്ചുവെന്നും 2000 പേരെ പിടികൂടിയെന്നും യെമനിലെ ഹൂതികള്‍

സൗദി അറേബ്യയുടെ അഞ്ഞൂറോളം സൈനികരെ വധിച്ചതായും രണ്ടായിരത്തോളം പേരെ പിടികൂടിയതായും യെമനിലെ ഹൂതി വിമതര്‍. സൗദിയുടെ സൈനിക വാഹനവ്യൂഹത്തെ പിടിച്ചെടുത്തതായും അവര്‍ അവകാശപ്പെടുന്നു. പിടിച്ചെടുത്ത സൈനികരുടെ ഫോട്ടോകളും വീഡിയോകളും കാണിച്ചുകൊണ്ടു നടത്തിയ പത്രസമ്മേളനത്തില്‍ വെച്ചാണ് അസാധാരണമായ അവകാശവാദങ്ങള്‍ ഹൂതികള്‍ ഉന്നയിച്ചത്. എന്നാല്‍ സൗദി ഭരണകൂടം ഇത് സ്ഥിരീകരിച്ചിട്ടില്ല. യെമന്റെ അതിര്‍ത്തിയായ സൗദിയുടെ തെക്കന്‍ നജ്റാന്‍ പ്രദേശത്ത് കഴിഞ്ഞ മൂന്ന് ദിവസമായി ഏറ്റുമുട്ടല്‍ തുടരുകയാണ്. അതിനിയും കൂടുതല്‍ തീവ്രതയോടെ തുടരുമെന്നും ഹൂതികള്‍ പറഞ്ഞു.

'സൗദിയുടെ ക്രൂരമായ ആക്രമണം തുടങ്ങിയതിനു ശേഷം ഉണ്ടായിട്ടുള്ള ഏറ്റവും വലിയ സൈനിക നടപടിയാണ് ഇപ്പോള്‍ നടക്കുന്നതെന്നും, അത് ശത്രുപക്ഷത്തിന് കനത്ത നാശനഷ്ടം ഉണ്ടാക്കിയെന്നും, ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ കൂടുതല്‍ പ്രദേശങ്ങള്‍ മോചിപ്പിക്കപ്പെടുമെന്നും' ഹൂതി വക്താവ് മുഹമ്മദ് അബ്ദുള്‍ സലാം പറഞ്ഞു. നൂറുകണക്കിന് സൗദി സൈനികര്‍ യുദ്ധക്കളത്തില്‍ കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്തുവെന്നും അദ്ദേഹം അവകാശപ്പെട്ടു. ഇനി യുദ്ധത്തില്‍നിന്നും എങ്ങനെ പിന്മാറാമെന്ന് ആലോചിക്കുകയല്ലാതെ സൗദിക്കു മുന്‍പില്‍ മറ്റൊരു മാര്‍ഗവുമില്ല എന്നും അബ്ദുള്‍ സലാം പറഞ്ഞു.

യുഎസ് നിര്‍മിത പാട്രിയറ്റ് മിസൈല്‍ പ്രതിരോധ സംവിധാനത്തെ മറികടന്നുകൊണ്ടാണ് ഈ മാസം ആദ്യം ഡ്രോണുകളുടെയും ക്രൂയിസ് മിസൈലുകളും ഉപയോഗിച്ച് അരാംകോ എണ്ണ സംസ്‌കരണ കേന്ദ്രം തകര്‍ക്കപ്പെട്ടത്. മൂന്ന് സൗദി ബ്രിഗേഡുകള്‍ തങ്ങള്‍ പിടിച്ചെടുത്തതായി ഹൂതികള്‍ ശനിയാഴ്ച അവകാശപ്പെട്ടിരുന്നു. തങ്ങളാണ് ആരംകോ ആക്രമണത്തിന് ഉത്തരവാദികള്‍ എന്ന് അവര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും പാശ്ചാത്യ, യൂറോപ്യന്‍ സര്‍ക്കാരുകള്‍ ഇപ്പോഴും അത് അംഗീകരിച്ചിട്ടില്ല. ഈ പറയുന്ന അവകാശവാദങ്ങളെകുറിച്ചെല്ലാം സൗദി മൗനം പാലിക്കുകയാണ്.

2011-ലാണ് അലി അബ്ദുല്ല സാലിഹ് സര്‍ക്കാരിനെതിരേ യമനിലെ ജനങ്ങള്‍ തെരുവിലിറങ്ങിയത്. രാജ്യം നേരിടുന്ന കടുത്ത പട്ടിണിയും തൊഴിലില്ലായ്മയും അഴിമതിയും ജനങ്ങളെ ഭരണകൂടത്തിനെതിരേ തിരിയാന്‍ പ്രേരിപ്പിച്ചു. അബ്ദുല്ല സാലിഹിനെ പുറത്താക്കി. എന്നാല്‍ 2014-ല്‍ സാലിഹിന്റെ സഹായത്തോടെ രാജ്യത്തെ വിമതരായ ഹൂതികള്‍ സനാ നഗരം കീഴടക്കി. തുടര്‍ന്ന് രാജ്യം മുഴവന്‍ ഹൂതികളുടെ നിയന്ത്രണത്തിലായെന്നു സ്വയം പ്രഖ്യാപിച്ചു. അതോടെയാണ് യമനില്‍ ആഭ്യന്തരയുദ്ധം ആരംഭിക്കുന്നത്.

തുടര്‍ന്ന് യമന്‍ സര്‍ക്കാരിന് സര്‍വ്വ പിന്തുണയും നല്‍കിക്കൊണ്ട് സൗദി സഖ്യസേന രംഗത്തെത്തി. ഈ വര്‍ഷം ആദ്യമാസംവരെ ഏതാണ്ട് 56,000 സാധാരണ പൗരന്മാര്‍ക്ക് സൗദി-യമന്‍ യുദ്ധത്തില്‍ ജീവന്‍ നഷ്ടപ്പെടുകയോ ഗുരുതരമായി പരിക്കേല്‍ക്കുകയോ ചെയ്തിട്ടുണ്ടെന്ന് യു.എന്‍ സാക്ഷ്യപ്പെടുത്തുന്നു. കൂടാതെ 75,000 കുട്ടികള്‍ യുദ്ധത്തിന്റെ കെടുതികള്‍ അനുഭവിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.


Next Story

Related Stories