TopTop

നൈജീരിയ - നൈഗർ അതിർത്തിയിൽ ബൊക്കോ ഹറാം ഭീകരാക്രമണം, 92 ചാഡ് സൈനികർ കൊല്ലപ്പെട്ടു

നൈജീരിയ - നൈഗർ അതിർത്തിയിൽ ബൊക്കോ ഹറാം ഭീകരാക്രമണം, 92 ചാഡ് സൈനികർ കൊല്ലപ്പെട്ടു

നൈഗറിന്‍റെയും നൈജീരിയയുടെയും അതിർത്തിയായ ലാക് പ്രവിശ്യയിൽ ബോക്കോ ഹറാം തീവ്രവാദികള്‍ നടത്തിയ ഭീകരരാക്രമണത്തിൽ തൊണ്ണൂറ്റിരണ്ട് ചാഡിയൻ സൈനികർ കൊല്ലപ്പെട്ടു. കാമറൂൺ, ചാഡ്, നൈഗർ, നൈജീരിയ എന്നീ രാജ്യങ്ങളുടെ അതിർത്തികൾ കൂടിച്ചേരുന്ന വിശാലമായ ചതുപ്പുനിലമായ ചാഡ്‌ പ്രദേശത്ത് പിടിമുറുക്കുന്നതിനുള്ള ശ്രമത്തിലാണ് ബോക്കോ ഹറാം. കിഴക്കൻ അയൽ രാജ്യങ്ങളിൽ കടന്നുകയറ്റം ആരംഭിക്കുന്നതിന് മുമ്പ്തന്നെ ബോക്കോ ഹറാം 2009-ൽ നൈജീരിയയിൽ കലാപം ആരംഭിച്ചിരുന്നു. ബോമയിൽ ഞായറാഴ്ച രാത്രി നടന്ന ആക്രമണത്തിൽ 'ഞങ്ങളുടെ 92 സൈനികരെയും, നിരവധി ഉദ്യോഗസ്ഥരേയും നഷ്ടമായതായി' പ്രസിഡന്റ് ഇഡ്രിസ് ഡെബി ഇറ്റ്നോ പറഞ്ഞു.

ആക്രമണ സ്ഥലം സന്ദർശിച്ച പ്രസിഡന്‍റ് ആദ്യമായാണ്‌ തങ്ങള്‍ക്ക് ഇത്രത്തോളം സൈനികരെ ഒരുമിച്ച് നഷ്ടപ്പെടുന്നതെന്ന് കൂട്ടിച്ചേര്‍ത്തു. കുറഞ്ഞത് ഏഴു മണിക്കൂറോളമെങ്കിലും പോരാട്ടം നീണ്ടുനിന്നു. കവചിത വാഹനങ്ങൾ ഉൾപ്പെടെ 24 സൈനിക വാഹനങ്ങൾ നശിപ്പിക്കപ്പെട്ടുവെന്നും പിടിച്ചെടുത്ത സൈനിക ആയുധങ്ങൾ ബോക്കോ ഹറാം സ്പീഡ് ബോട്ടുകളിൽ കടത്തികൊണ്ടുപോയി എന്നും ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.

അതിനിടെ, എത്യോപ്യയിൽ നിന്നുള്ള അറുപത്തിനാല് പേരെ വടക്കുപടിഞ്ഞാറൻ മൊസാംബിക്കില്‍ ഒരു ചരക്ക് കണ്ടെയ്നറിനുള്ളില്‍ മരിച്ച നിലയിൽ കണ്ടെത്തി. എത്യോപ്യക്കാരെന്ന് സംശയിക്കുന്ന മലാവിയിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരെ കയറ്റിയ ട്രക്ക് ടെറ്റിലെ മുസ്സാക്കാനയില്‍ ഭാര പരിശോധനക്കായി നിര്‍ത്തിയപ്പോഴാണ് 64 പേരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 14 പേർ മാത്രമാണ് രക്ഷപ്പെട്ടത്. പ്രദേശത്ത് 34 ദിഗ്രിയിലധികം ചൂടുള്ള സമയമാണ്.

കണ്ടെയ്നറില്‍ ഉണ്ടായിരുന്ന 78 പേരും എത്യോപ്യൻ പൌരന്മാരാണെന്നും, 64 പേർ ശ്വാസം മുട്ടിയാണ് മരിച്ചതെന്നും പ്രൊവിൻഷ്യൽ ഇമിഗ്രേഷൻ വക്താവ് അമീലിയ ഡിറിറ്റോ പറഞ്ഞു. ട്രക്ക് ഡ്രൈവറെയും സഹായിയെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.


Next Story

Related Stories