TopTop
Begin typing your search above and press return to search.

ഇംപീച്ച്മെന്റ് അന്വേഷണം: പുതിയ മൊഴികൾ പുറത്ത്

ഇംപീച്ച്മെന്റ് അന്വേഷണം: പുതിയ മൊഴികൾ പുറത്ത്

യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെതിരായ ഇംപീച്ച്മെന്‍റ് നടപടിയുടെ ഭാഗമായി നയതന്ത്ര ഉദ്യോഗസ്ഥര്‍ നല്‍കിയ മൊഴികള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. മുൻ വൈസ്പ്രസിഡന്‍റ് ജോ ബൈഡനെതിരെ വ്യാജ കേസെടുക്കാൻ ഉക്രെയ്നിനോട് ട്രംപ് സമ്മര്‍ദ്ദം ചെലുത്തിയതുമായി ബന്ധപ്പെട്ട സാക്ഷി മൊഴികളാണ് അന്വേഷണ സമിതി പുറത്തുവിടുന്നത്. ബൈഡനും മകനുമെതിരെ അന്വേഷണം പ്രഖ്യാപിച്ചില്ലെങ്കില്‍ യു.എസ് നേരത്തെ ഉക്രൈന് നല്‍കുമെന്ന് പറഞ്ഞ 400 ദശലക്ഷം ഡോളറിന്‍റെ സാമ്പത്തിക സഹായം നല്‍കില്ലെന്ന് ഉക്രൈന്‍ പ്രസിഡന്റ് വ്ലാഡിമിർ സെലെൻസ്കിയോട് ട്രംപ് പറഞ്ഞുവെന്നാണ് ആരോപണം. രാജ്യതാല്‍പ്പര്യങ്ങള്‍ക്ക് എതിരായ നടപടിയാണ് അതെന്നു ചൂണ്ടിക്കാട്ടിയാണ് ഡെമോക്രാറ്റുകള്‍ ഇംപീച്ച്മെന്‍റ് നടപടികളുമായി മുന്നോട്ടു പോകുന്നത്.

അംബാസഡർ ബിൽ ടെയ്‌ലറുടെ സാക്ഷ്യപത്രമാണ് ഏറ്റവും പുതുതായി പുറത്തുവിട്ടിരിക്കുന്നത്. ഉക്രൈന്‍ സഹകരിച്ചില്ലെങ്കില്‍ സഹായത്തുകയായ 400 ദശലക്ഷം ഡോളര്‍ ചെക്കില്‍ ട്രംപ് ഒപ്പിടില്ലെന്ന് രണ്ട് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥർ പറഞ്ഞതായി അംബാസഡർ ബിൽ ടെയ്‌ലര്‍ മൊഴി നല്‍കി. ബൈഡന്‍ 2016-ലെ തിരഞ്ഞെടുപ്പില്‍ നടത്തിയ ഇടപെടലുകളെ കുറിച്ച് അന്വേഷണം നടത്താന്‍ പോവുകയാണെന്ന് പരസ്യമായി പറയണമെന്നതായിരുന്നു ട്രംപിന്‍റെ ആവശ്യമെന്ന് യൂറോപ്യൻ യൂണിയനിലെ യുഎസ് അംബാസഡറായ ഗോര്‍ഡണ്‍ സണ്‍ലാൻഡിനെ ഉദ്ധരിച്ചുകൊണ്ട് ടെയ്‌ലര്‍ പറഞ്ഞു. ഒരു ഡസനോളം സഹസാക്ഷികളുടെ പിന്തുണയോടെയാണ് അദ്ദേഹം മൊഴി നല്‍കിയിരിക്കുന്നത്.

അതേസമയം, അംബാസിഡർ ഗോര്‍ഡണ്‍ സണ്‍ലാൻഡും മൂന്നംഗ അന്വേഷണ സമിതിയിൽ ട്രംപിനെതിരെ മൊഴി നൽകിയിരുന്നു. ഇക്കാര്യം അറിയില്ലെന്നായിരുന്നു അദ്ദേഹം നേരത്തെ പറഞ്ഞിരുന്നത്. പുതിയ മൊഴി വൈറ്റ്‌ഹൌസ്‌ തള്ളുകയും ചെയ്തതാണ്. ട്രംപും ആരോപണങ്ങളെല്ലാം നിഷേധിച്ചുകൊണ്ട് വീണ്ടും വീണ്ടും രംഗത്തെത്തുന്നുണ്ട്. അതിനിടയിലും അദ്ദേഹത്തിനെതിരെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ സാക്ഷിമൊഴികള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത് അദ്ദേഹം നുണ പറയുകയാണെന്ന വാദത്തിന് ശക്തി പകരുന്നു.

അതിനിടെ ഇംപീച്ച്മെന്‍റ് വിഷയത്തില്‍ പൊതുജനങ്ങളിൽനിന്ന് തെളിവെടുപ്പ് എടുക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ക്ക് നേരത്തെ ഡെമോക്രാറ്റുകൾക്ക് ഭൂരിപക്ഷമുള്ള ജനപ്രതിനിധി സഭ അംഗീകാരം നൽകിയിരുന്നു. അതിന്‍റെ ഭാഗമായി മുൻ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ഉദ്യോഗസ്ഥരെ ആദ്യം വിസ്തരിക്കും. ‘രാഷ്ട്രീയ എതിരാളിയുടെ മേൽ ചെളി വാരി വിതറാന്‍ മറ്റൊരു രാജ്യത്തിനു മേല്‍ സമ്മര്‍ദ്ദം ചെലുത്തുകയും, അതിന് സർക്കാർ വകുപ്പുകളെ മുഴുവൻ ദുരുപയോഗം ചെയ്യുകയും ചെയ്ത പ്രസിഡന്റിനെതിരായ ഇംപീച്ച്‌മെന്റ് കേസ് കൂടുതല്‍ ശക്തമായി വരികയുമാണെന്ന്’ അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന ഹൌസ് ഇന്റലിജൻസ് കമ്മിറ്റി ചെയർമാൻ ആദം ഷിഫ് പറഞ്ഞു.

Next Story

Related Stories